2019 ൽ രാഹുൽ മോദിക്ക് വെല്ലുവിളി : ശിവസേന

#

മുംബൈ (25-12-17) : ബിജെപിക്കെതിരെ നിശിതമായ വിമർശനം ഉന്നയിക്കുന്ന ശിവസേന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തി വീണ്ടും. കോൺഗ്രസ്സ് മുക്തഭാരതം സ്വപനം കണ്ടവർക്കുള്ള രാഹുൽ ഗാന്ധിയുടെ മറുപടിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ  കഴിഞ്ഞില്ലെങ്കിലും യഥാർത്ഥ വിജയം തങ്ങളുടേതാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു ചാരത്തിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിനെ ഉയർത്തിയത് എന്നും സാമ്‌ന പറയുന്നു. ശിവസേന നേതാവും സാംമ്‌നയുടെ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് ആണ് ലേഖനം എഴുതിയിരിക്കുന്നത്.

പപ്പുവെന്ന് വിളിച്ച് അധിക്ഷേപിച്ചവരെ രാഹുൽ ബോധ്യപ്പെടുത്തി വിജയം അധികാരം കൊണ്ടുവരുന്നത് മാത്രമാണെന്ന്. ഗുജറാത്ത് തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയും മോദിയും തമ്മിലായിരുന്നു. ബിജെപിയും മോദിയും നന്നേ വിയർക്കേണ്ടി വന്നു രാഹുലിന്റെ മുന്നിൽ. ഒന്നിനും കൊള്ളാത്തവൻ എന്ന പ്രതിച്ഛായ രാഹുലിന് ഉണ്ടാക്കുന്നതിനായി ബിജെപി അതിന്റെ സർവ്വ സംവിധാനവും ഉപയോഗിച്ചു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഒരു മികച്ച നേതാവായി അദ്ദേഹം ഉയർത്തെഴുന്നേറ്റു. മികച്ച രീതിയിൽ തെരഞ്ഞെടുപ്പിനെ നയിച്ചു , ജനങ്ങളോട് സംവദിച്ചു. അങ്ങനെ 2019 തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ ഒരു വെല്ലുവിളിയായി അദ്ദേഹം മാറിഎന്നും സാമ്നയിലെ ലേഖനത്തിൽ സഞ്ജയ് റൗട്ട് പറയുന്നു.

താന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ആളല്ല. പക്ഷേ ശക്തമായ ഒരു പ്രതിപക്ഷം രാഹുലിന് കീഴില്‍ അണിനിരന്നാല്‍ തങ്ങള്‍ സ്വാഗതം ചെയ്യും-സഞ്ജയ് റൗട്ട് പറയുന്നു.ബിജെപിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചതോടെ ശിവസേന കോൺഗ്രസിനോട് അടുക്കുന്നതായുള്ള സൂചനകളാണ് കഴിഞ്ഞ കുറെ മാസങ്ങളായി പാർട്ടി വൃത്തങ്ങളിൽ നിന്നുണ്ടാകുന്നത്. ഉദ്ധവ് താക്കറെ ഉൾപ്പെടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പ്രശംസിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.