കെ.സി.ജോസഫ് കെ.പി.സി.സി പ്രസിഡന്റാകും

#

തിരുവനന്തപുരം (25-12-17) : കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ നിന്ന് താന്‍ പുറത്താക്കപ്പെടുമെന്ന് ഉറപ്പായതിനെത്തുടര്‍ന്നുണ്ടായ കടുത്ത നിരാശയും അതൃപ്തിയുമാണ് കരുണാകരന്റെ ചരമ വാര്‍ഷികദിനത്തില്‍ എം.എം.ഹസ്സനില്‍ നിന്നുണ്ടായ കുമ്പസാര പ്രസ്താവനയ്ക്ക് കാരണമായത്. വി.എം.സുധീരന്‍ പുറത്തുപോകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകാരും, ഒറ്റപ്പെട്ട വ്യക്തികളൊഴിച്ചാല്‍ ഏകാഭിപ്രായക്കാരായിരുന്നു. സുധീരനെ മാറ്റുമ്പോള്‍ തൽക്കാലത്തേക്ക് ഒഴിവ് നികത്താന്‍ ഒരാള്‍ എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യം ഹസ്സന്റെ പ്രസിഡന്റ് സ്ഥാനത്തിന് ഹസ്സനൊഴികെ മറ്റാരും കല്‍പ്പിച്ചിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കാര്യമായി ഒന്ന് പ്രവര്‍ത്തിച്ച് തുടങ്ങുംമുമ്പേ, തന്നെ മാറ്റാന്‍ നീക്കം ആരംഭിച്ചപ്പോള്‍ അതംഗീകരിക്കാന്‍ ഹസ്സന് കഴിഞ്ഞിരുന്നില്ല. അതിന്റെ വിങ്ങിപ്പൊട്ടലാണ് കരുണാകരനോടുള്ള മാപ്പപേക്ഷയായി പുറത്തുവന്നത്.

പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയതുകൊണ്ട് തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പില്ലാതെ തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനംഎ ഗ്രൂപ്പിന് നൽകുന്ന കാര്യത്തിലും പ്രശ്‌നമുണ്ടാകില്ല. കെ.പി.സി.സി പ്രസിഡന്റാകുന്നത് പൂര്‍ണ്ണമായും തന്നോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്ന ആളാവണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഉമ്മന്‍ചാണ്ടി തയ്യാറാകില്ലെന്നതുറപ്പാണ്. ആന്റണിയോട് അടുപ്പം പുലര്‍ത്തുന്ന ഹസ്സനെ, തനിക്ക് വിധേയനായ ഒരാളായി ഉമ്മൻചാണ്ടി കാണുന്നില്ല. എന്നാൽ, എ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായ ഹസ്സനെ, പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറക്കിവിട്ടു എന്ന പേരുദോഷം കേള്‍ക്കാനും ഉമ്മന്‍ചാണ്ടി ഇഷ്ടപ്പെടുന്നില്ല.

തന്റെ വിശ്വസ്തരായ കെ.സി.ജോസഫോ ബന്നിബഹനാനോ കെ.പി.സി.സി പ്രസിഡന്റാകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ താല്പര്യം. ഹസ്സനെ യു.ഡി.എഫ് കണ്‍വീനറാക്കി, ഹസ്സന്റെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കണക്കുകൂട്ടുന്നത്. നിലവില്‍ ഐ ഗ്രൂപ്പിന്റെ കൈവശമുള്ള യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറാകില്ല. നായര്‍-ക്രൈസ്തവ സമുദായങ്ങളാണ് എക്കാലവും കോണ്‍ഗ്രസിന്റെ അടിത്തറ. പ്രതിപക്ഷ നേതാവ് സ്ഥാനം നായര്‍ വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്കായതിനാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാള്‍ കെ.പി.സി.സി പ്രസിഡന്റാകണം എന്ന കാര്യത്തില്‍ സമവായമുണ്ടാകും. കെ.സി.ജോസഫ് പ്രസിഡന്റാകുന്നതിന് കാര്യമായ തടസ്സമുണ്ടാകില്ല. പക്ഷേ, തങ്ങളുടെ കൈവശമുള്ള യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറാകില്ല.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ക്രൈസ്തവ വിഭാഗത്തിനും പ്രതിപക്ഷനേതാവ് സ്ഥാനം ഹിന്ദു വിഭാഗത്തിനുമായതിനാല്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളയാള്‍ യു.ഡി.എഫ് കണ്‍വീനറാകണമെന്ന വാദം എ ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കും. എം.എം.ഹസ്സനും എം.ഐ.ഷാനവാസുമാണ് ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ സജീവമായി നില്‍ക്കുന്ന നേതാക്കളില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍. ആര്യാടന്‍ മുഹമ്മദ് ഏതാണ്ട് വിശ്രമജീവിതത്തിലേക്ക് നീങ്ങുകയാണ്. കെ.പി.നൂറുദ്ദീന്‍, എന്‍.പി.മൊയ്തീന്‍ തുടങ്ങി പല നേതാക്കള്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹമായ അംഗീകാരം കിട്ടാതെ പോയി. തലേക്കുന്നില്‍ ബഷീര്‍, കെ.മുഹമ്മദാലി തുടങ്ങി പല നേതാക്കള്‍ക്കും അവരര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ ലഭിച്ചിട്ടില്ല. മുസ്ലീം സമുദായത്തില്‍ നിന്ന് ഇടതുമുന്നണിയിലേക്ക് വോട്ടു ചോരുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം എന്ന ആവശ്യം നിരാകരിക്കപ്പെടാന്‍ ഇടയില്ല. ഹസ്സന്റെ കുമ്പസാര പ്രസ്താവന എ ഗ്രൂപ്പിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ ഏതു രൂപം കൈവരിക്കും എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും പുതിയ യു.ഡി.എഫ് കണ്‍വീനറെ തെരഞ്ഞെടുക്കുക.