കളിയെഴുത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് കഥ മനസ്സിലാകാത്തവർ : എൻ.പ്രഭാകരൻ

#

(25-12-17) : കളിയെഴുത്ത് എന്ന തന്റെ കഥയുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്നവര്‍ സാഹിത്യസൃഷ്ടികള്‍ ആസ്വദിച്ച് പരിചയമില്ലാത്തവരാകാമെന്ന് കഥാകൃത്ത് എന്‍.പ്രഭാകരന്‍. തന്റെ കഥയുടെ വിഷയം ലൈംഗികതയേ അല്ല. നമ്മുടെ വിദ്യാഭ്യാസരംഗത്ത് രണ്ട്-മൂന്ന് ദശകക്കാലമായി നടന്നുവരുന്ന പരിഷ്‌കാരങ്ങള്‍ പഠനത്തെയും അധ്യാപകപരിശീലനത്തെയും വെറും കളിയാക്കി മാറ്റിയെന്നും വിദ്യാഭ്യാസത്തോടുള്ള സമീപനത്തിലുണ്ടായ ലാഘവത്തെ വിമര്‍ശന വിധേയമാക്കുകയാണ് താന്‍ ചെയ്തതെന്നും ലെഫ്റ്റ് ക്ലിക് ന്യൂസിനോട് എന്‍.പ്രഭാകരന്‍ പറഞ്ഞു. എന്തൊക്കെ സിദ്ധാന്തങ്ങള്‍ പറഞ്ഞാലും വിദ്യാഭ്യാസത്തെ മൊത്തത്തില്‍ ഒരു കളിയാക്കി മാറ്റുന്നതിനെ സഹായിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചില പരിശീലകര്‍ സത്യസന്ധമായി  കാര്യങ്ങള്‍ പറയുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടാവും. പക്ഷേ, പല സ്ഥലങ്ങളിലും അതൊരു കളിയായി മാറ്റപ്പെടുന്ന അവസ്ഥയാണുള്ളത്.

ഇവിടെ പുതിയ പാഠ്യപദ്ധതിയിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പത്തില്‍ തന്നെ ഒരുപാട് വ്യത്യാസം വന്നിരിക്കുന്നു. അദ്ധ്യാപകര്‍ എന്നു പറയുന്നത് facilitator മാത്രമാണ് എന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞു. mentor എന്ന വാക്കും ഉപയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്താന്‍ പാടില്ല. അങ്ങനെ കുറേ ആശയങ്ങള്‍. ഇതിന്റെയൊക്കെ അടിത്തറയായി വര്‍ത്തിക്കുന്നത് വിദ്യാഭ്യാസത്തെ ലാഘവബുദ്ധിയോടെ സമീപിക്കാന്‍ പരിശീലനം നല്‍കുക എന്നതാണ്.

കഥയില്‍ പറഞ്ഞത് അക്ഷരംപ്രതി അതേപോലെ നടന്ന സംഭവങ്ങളല്ലെന്ന് എന്‍.പ്രഭാകരന്‍ വ്യക്തമാക്കി. അതിനു വളരെ അടുത്തുവരുന്ന സമാനസ്വഭാവമുള്ള ധാരാളം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അത് അധ്യാപകര്‍ക്ക് നന്നായി അറിയാം. അധ്യാപകരില്‍ ഗണ്യമായ ഒരു വിഭാഗം കഥ നന്നായി മനസ്സിലാക്കിയവരാണ്. ഈ കഥ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും എന്താണ് കഥയിലുള്ളതെന്ന് മനസ്സിലാക്കണമെന്നും മാത്രമാണ് കഥയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് തനിക്ക് പറയാനുള്ളതെന്ന് എന്‍.പ്രഭാകരന്‍ പറഞ്ഞു.

ഈ കഥ ചര്‍ച്ച ചെയ്യപ്പെടുന്നത് നല്ല കാര്യമായാണ് താന്‍ കാണുന്നതെന്ന് കഥാകൃത്ത് പറഞ്ഞു. തന്നെ എത്ര രൂക്ഷമായി വിമര്‍ശിച്ചാലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും അധ്യാപക പരിശീലന പരിപാടികളും ഒരു പുനഃപരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. അതാണ് താന്‍ ഇതില്‍ ഏറ്റവും പോസിറ്റീവായി കാണുന്നത്. വിദ്യാഭ്യാസത്തിന്റെയും അധ്യാപക പരിശീലന പദ്ധതികളുടെയും  ഉള്ളടക്കം എന്താണ്, അതെത്രത്തോളം ശരിയാണ് എന്ന് ഒരു പുനര്‍വിചിന്തനം നടത്താതെ മുന്നോട്ട് പോകാനാവില്ല.

പ്രൈമറിതലം മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള അധ്യാപകരുമായി സജീവമായി ബന്ധപ്പെടുന്നയാളാണ് താനെന്നും പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളിലെ അധ്യാപകര്‍ ഈ കഥയെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും എന്‍.പ്രഭാകരന്‍ പറഞ്ഞു. തന്റെ കഥയുടെ പേരിലുണ്ടാകുന്ന വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഥയ്‌ക്കെതിരായ വിമർശനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പല അധ്യാപകരും മറുപടി പറഞ്ഞു കഴിഞ്ഞു.