കളിയെഴുത്ത് : സത്യത്തെ കളിയാക്കുന്ന എഴുത്ത്

#

(26-12-17) : ഈ അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍.പ്രഭാകരന്റെ "കളിയെഴുത്ത്" എന്ന കഥ വായിച്ചപ്പോള്‍ മനസ്സു വെറുതെ ഹൈറേഞ്ചിന്റെ വളവുതിരിവുകള്‍ പിന്നിട്ട് കോടമഞ്ഞിന്റെ കുളിരുള്ള ഓര്‍മ്മകളിലേക്ക് ഓടിപ്പോയി. 2003 ലെ മധ്യവേനലവധിക്കാലത്താണ് എന്നാണോര്‍മ്മ. ഇടുക്കിജില്ലയിലെ മുരിക്കൊട്ടുകുടി ഗവ.ട്രൈബല്‍ ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്ന കാലം. അവധിക്കാലമായതിനാല്‍ പാഠപുസ്തകങ്ങള്‍ക്കും ടീച്ചിംഗ് നോട്സിനും തല്ക്കാലത്തേക്ക് വിട നല്‍കി സ്വന്തം നാട്ടിലെത്തി യാത്രകളൊക്കെയായി ചുറ്റിനടക്കവെയാണ് സ്‌കൂളില്‍ നിന്ന് വിളി വന്നത്. കട്ടപ്പനയില്‍ നടക്കുന്ന അഞ്ചുദിവസത്തെ അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍.

ബി.എഡ് പഠനക്കാലത്ത് കിട്ടിയ പരിശീലനമൊഴിച്ചാല്‍ പിന്നെ ജോലി കിട്ടിയ ശേഷം ഇതാദ്യത്തെ അനുഭവമാണ്. അതും അഞ്ചു ദിവസത്തെ. ആ വര്‍ഷം എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണ്. അതുവരെ തുടര്‍ന്നുവന്ന അധ്യാപകകേന്ദ്രീകൃത ബോധനരീതിയില്‍ നിന്ന് മാറി വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതമാക്കുന്നതിന്റെ ആദ്യചുവടുവെയ്പ്പ്.

ജോലിയില്‍ കയറിയിട്ട് 3 വര്‍ഷമേ ആകുന്നുള്ളൂ. ഇതിനിടയിലെ രണ്ടാമത്തെ സ്‌കൂള്‍. തികച്ചും അപരിചിതമായ നാടും നാട്ടുകാരും ടീച്ചേഴ്‌സും. അങ്കലാപ്പോടെയാണ് ട്രെയിനിംഗ് സെന്ററിലെത്തുന്നത്. സ്വയം പരിചയപ്പെടുത്തലെന്ന ആദ്യചടങ്ങില്‍ തൊണ്ട വരണ്ടും ശരീരം ചൂടായും വിറച്ചുവിറച്ചു നിന്നു. പിന്നീട് ഗ്രൂപ്പ് തിരിയല്‍, പരിചയപ്പെടല്‍. അപരിചിതത്തിന്റെ മഞ്ഞുരുകിത്തുടങ്ങി. പുതിയ പാഠപുസ്തകത്തിന്റെ ഉള്ളുകള്ളികള്‍ തേടിയുള്ള സഞ്ചാരങ്ങള്‍. ചര്‍ച്ചകള്‍, അവതരണങ്ങള്‍, സാഹിത്യസൃഷ്ടികള്‍ പതിപ്പുകളായി രൂപാന്തരപ്പെടല്‍... അഞ്ചുദിവസം പിന്നിട്ടപ്പോള്‍ പുതിയ കുറേ സൗഹൃദങ്ങള്‍ക്കൊപ്പം ആശങ്കകളൊഴിഞ്ഞ് അകമേ കയറിപ്പറ്റിയ പാഠപുസ്തകം കുട്ടികള്‍ടെ മുന്നില്‍ അവതരിപ്പിക്കാനുള്ള വെമ്പല്‍.

അന്നുമുതല്‍ ഇന്നേവരെ ഓരോ അവധിക്കാല പരിശീലനത്തിലും ക്ലസ്റ്ററുകളിലും കൃത്യമായി പങ്കെടുത്തിരുന്നു. ഓരോന്നും നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്തു. ഭാവാധിഷ്ഠിതമായ കവിതാവതരണങ്ങള്‍, മാതൃകാവായന, സെമിനാറുകള്‍, സംവാദങ്ങള്‍, നാടകാഭിനയം, തിരക്കഥ എന്നിവയാല്‍ ഭാഷാപഠനക്ലാസ്സുകള്‍ സമ്പന്നമായി. പരിശീലന വേദികളില്‍ നിന്നു നേടിയ അറിവുകളും, വായനയുടെയും കാഴ്ചയുടെയും പുതിയ മേച്ചിടല്‍ പുറങ്ങള്‍ സമ്മാനിച്ചവയും വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ ഉത്സാഹം പൂണ്ടു. ക്ലാസ്സ്മുറികള്‍ വായനാശാലകളായി രൂപാന്തരപ്പെട്ടു. ജ്ഞാന നിര്‍മ്മിതിയിലൂടെ അറിവിന്റെ പുത്തന്‍ ലോകത്തിലേക്ക് വാതായനങ്ങള്‍ തുറക്കുന്നത് കൗതുകത്തോടെ കണ്ടു. അറിവു നിര്‍മ്മാണ പ്രക്രിയയില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും രക്ഷിതാവും കൈകോര്‍ത്തുപിടിച്ച് നന്മയുടെ നല്ല പാഠങ്ങള്‍ രചിച്ച് വിദ്യാലയങ്ങള്‍ സമൂഹത്തിനു മുന്നില്‍ മാതൃകകളായി.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് എന്‍.പ്രഭാകരന്റെ "കളിയെഴുത്തി"ല്‍ അധ്യാപക സമൂഹത്തെക്കുറിച്ചും ക്ലസ്റ്ററുകളെക്കുറിച്ചും അവതരിപ്പിക്കുന്നത്. "ക്രീഡാങ്കണം" എന്ന രാജ്യത്ത് സംഭവിക്കുന്ന കൗതുകകരമായ ചില സംഗതികള്‍ വിവരിക്കാനാണ് താനീ കഥയെഴുതുന്നതെന്ന് അല്ലെങ്കില്‍ തന്നെക്കൊണ്ടീ മഹാപാതകം എഴുതിച്ചതെന്ന് ഒട്ടൊരു പാപബോധത്തോടെ തന്നെ കഥാകൃത്ത് സമ്മതിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിന് മറ്റെന്തിലുമുപരി ഊന്നല്‍ നല്‍കുന്ന രാജ്യത്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനായി ആയിരത്തോളം വരുന്ന വിദഗ്ദ്ധ പരിശീലകസംഘം. ഇന്നത്തെ അധ്യാപകര്‍ക്കും പൊതു സമൂഹത്തിനും  മനസ്സിലാക്കാന്‍ പ്രയാസമുള്ള പലതും "കളിക്കളരി"കളില്‍ നടന്നിരുന്നു എന്നും പരിശീലനത്തിന്റെ മറവില്‍ അധ്യാപകര്‍ എന്ത് കാട്ടിക്കൂട്ടുന്നു എന്നും സമൂഹത്തെ അറിയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ എഴുത്തുകാരന്‍ ഈ കഥയിലൂടെ നിറവേറ്റിയിരിക്കുന്നത് എന്ന് അഭിമാനം കൊള്ളുന്നു.

അധ്യാപക പരിശീലനത്തില്‍ നടക്കുന്ന കളികളാണ് ഏറെ രസാവഹം (എഴുത്തുകാരന്റെ ദൃഷ്ടിയില്‍). "മാന്‍കെണി"യെന്ന കളി പുരുഷന്മാരായ അധ്യാപകര്‍ തീര്‍ക്കുന്ന വലയ്ക്കുള്ളില്‍ അധ്യാപികമാരെ കുടുക്കി കൂവലും വിളിയുമായി അധ്യാപകരെ ഹരം പിടിപ്പിക്കുമത്രേ. ഇത് കളിക്കാന്‍ വേണ്ടി മാത്രം വണ്ടിപിടിച്ച് പരിശീലനത്തില്‍ വന്നുപോലും. സര്‍ക്കാര്‍ നിര്‍ത്തിയേക്കാമായിരുന്ന മാന്‍കെണി, അധ്യാപകസംഘടനാ നേതാക്കള്‍ ഇടപ്പെട്ടു തുടരാൻ അവസരം ഉണ്ടാക്കുകയായിരുന്നുവത്രേ. അധ്യാപകസംഘടനാ നേതാക്കളുടെ ഇടപെടൽ മൂലം വകുപ്പ് മന്ത്രി "കളി നിരോധന"ത്തില്‍ നിന്ന് പിന്‍തിരിഞ്ഞുപോലും. (കഥയാണെങ്കിലുമൊരു കഥ വേണ്ടേ ?)

പഴരസം എന്ന അടുത്തകളി അധ്യാപികമാര്‍ അവരുടെ പിന്നിലൊളിപ്പിക്കുന്ന പഴങ്ങള്‍ അധ്യാപകര്‍ കണ്ണുകെട്ടി അധ്യാപികമാരുടെ പിന്നില്‍ തപ്പി കണ്ടു പിടിക്കുന്നതാണ്. നാടകമേ ഉലകമെന്ന മൂന്നാമത്തെ കളിയില്‍ അധ്യാപകര്‍ നാടകവിഷയമാക്കിയത് സ്ത്രീപീഡനമായിരുന്നതിനാല്‍ ശരിക്കും പീഡിപ്പിക്കപ്പെട്ട അധ്യാപികമാര്‍ മാനസിക കേന്ദ്രങ്ങളില്‍ ചികിത്സ തേടി.

വര്‍ഷങ്ങളായി പരിശീലനപരിപാടികളില്‍ പങ്കെടുത്തുവരുന്ന ഞങ്ങള്‍ അധ്യാപകരെ , ഞങ്ങൾക്ക് തീര്‍ത്തും അപരിചിതമായ മറ്റൊരു വശം പരിചയപ്പെടുത്താനാകാം ഈ കഥയിലൂടെ  കഥാകൃത്തിന്റെ ശ്രമം. അദ്ദേഹത്തിന്റെ മുന്‍കാല അധ്യാപന ജീവിതത്തിലെ അനുഭവങ്ങള്‍ അതിന് സഹായിച്ചിട്ടുണ്ടാകുമെന്ന്  കരുതട്ടെ. ക്ലസ്റ്ററുകള്‍ ഞങ്ങളുടെ പ്രതികരണശേഷിയെ കൊല്ലുകയല്ല മറിച്ച് പൂര്‍വ്വാധികം ശക്തിയോടെ പ്രതകരിക്കുന്നവരാക്കിയെടുക്കുകയായിരുന്നു. എത്രയോ അധ്യാപകരുടെ സര്‍ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളായിരുന്ന പരിശീലനക്കളികള്‍.

ആവിഷ്‌ക്കാരസ്വാതന്ത്ര്യം എഴുത്തുകാരന്റെ അവകാശമാണ്. എന്നാല്‍ എഴുത്തിനെ കളിയായി കാണുമ്പോഴോ, ഏതോ താല്പര്യങ്ങളുടെ പേരിൽ ആര്‍ക്കോവേണ്ടി എഴുതിയപ്പോഴോ നൊന്തത് ഞങ്ങള്‍ പാവങ്ങളായ കുറച്ച് അധ്യാപകര്‍ക്കാണ്. അധ്യാപക കൂട്ടായ്മകളില്‍ നിന്ന് കിട്ടുന്ന അറിവിന്റെ കുഞ്ഞിക്കഷണങ്ങള്‍ പെറുക്കിയെടുത്ത് അവയെ പിന്നെയും പൊലിപ്പിച്ച്, രാവുകളില്‍ ഉറക്കമൊഴിഞ്ഞ് ടീച്ചിംഗ് നോട്ടെഴുതിയും ഇന്റെര്‍നെറ്റില്‍ പരതി "റിസോഴ്‌സ്" സമ്പാദിച്ചും ക്ലാസ്മുറികളിലേക്കോടുന്ന പാവം വാര്‍ക്കപ്പണിക്കാരെ (പ്രയോഗത്തിന് കടപ്പാട് കക്കട്ടില്‍ മാഷിന്) ഇങ്ങനെ ക്രൂശിക്കരുത്. കഥാകൃത്ത് സ്വപ്നത്തിൽ കണ്ടതും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് കേരളത്തിലെ അധ്യാപകർക്കും അധ്യാപക പരിശീലനവുമായി ബന്ധമുള്ളവർക്കും അറിയാം. ചതിക്കപ്പെടുന്നത്, ആ ലോകവുമായി ബന്ധമില്ലാത്ത വായനക്കാരാണ്. എൻ.പ്രഭാകരനെപ്പോലെ ഒരു കഥാകൃത്തിന്റെ വാക്കുകളെ വിശ്വസിക്കുന്ന വായനക്കാരോട് കഥാകൃത്ത് ചെയ്തത് മാപ്പില്ലാത്ത തെറ്റാണ്.