നെൽവയൽ നികത്തൽ : ഇളവ് സർക്കാർ പദ്ധതികൾക്ക് മാത്രം

#

തിരുവനന്തപുരം (26-12-17) : പൊതു ആവശ്യങ്ങൾക്ക് വയൽ നികത്താനുള്ള ഇളവ് സർക്കാർ പദ്ധതികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്തിന് തീരുമാനം. ഇതിനായി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തും.

ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെയുള്ള സമരമാണ് ഭേദഗതിയിലേക്കു നയിച്ചത്. പദ്ധതിക്കു വേണ്ടി ഇരുപതിലേറെയിടങ്ങളിൽ വയൽ നികത്തേണ്ടതായിട്ടുണ്ട്. ഇതിന് പല പ്രാദേശിയ വയൽ സമിതികളും അനുമതി നിഷേധിച്ചതോടെയാണ് ഭേദഗതിക്ക് സർക്കാർ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് സി.പി.എം-സി.പി.ഐ പാർട്ടികൾ ധാരണയിലെത്തി ഇതേത്തുടർന്നാണ് നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചത്.

സർക്കാർ പദ്ധതികൾക്കും പൊതുതാത്പര്യം സംരക്ഷിക്കുന്ന വൻകിട പദ്ധതികൾക്കും സർക്കാരിനു നേരിട്ടു പങ്കാളിത്തമുള്ള പദ്ധതികൾക്കും വേണ്ടി സർക്കാരിന് ഭൂമി നികത്താം. ഇതിനു പ്രാദേശിക ഭരണ സമിതികളുടെ അനുമതി ആവശ്യമില്ല.

എന്നാൽ സ്വകാര്യ ആവശ്യങ്ങൾക്കായി ഭൂമി നികത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് മുന്നണിയിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. നിർദ്ദേശത്തെ കൃഷി റവന്യൂ വകുപ്പുകൾ എതിർത്തതിനാൽ ഇത് സംബന്ധിച്ച് തീരുമാനം ആയില്ല.