എന്റെ വിദ്യാഭ്യാസം എന്റെ തെറ്റ് : മണിശങ്കര്‍ അയ്യര്‍

#

(26-12-17) : ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കാതെ പോയതിന് താന്‍ മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും കാരണമായെന്ന് അംഗീകരിച്ച് മണിശങ്കര്‍ അയ്യര്‍. തന്റെ സുഹൃത്തിന്റെ (രാജീവ്ഗാന്ധിയുടെ) മകന്‍ ഉജ്ജ്വലമായ വിജയം നേടുന്നത് തട്ടിക്കളയാന്‍ താന്‍ കാരണമായിട്ടുണ്ടെങ്കില്‍ അതിയായ ദുഃഖമുണ്ടെന്ന് എന്‍.ഡി.ടി.വിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ തന്റെ പതിവു പംക്തിയില്‍ അയ്യര്‍ എഴുതി. 1000 ല്‍ താഴെ വോട്ടുകള്‍ക്കാണ് നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തോറ്റത്. അത്ര ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ തന്റെ പരാമര്‍ശം കാരണമായിട്ടുണ്ടാകാമെന്ന വാദത്തെ മണിശങ്കര്‍ അയ്യര്‍ ഖണ്ഡിക്കുന്നില്ല. അതേസമയം ബി.ജെ.പിയും നിരവധി മണ്ഡലങ്ങളില്‍ 1000 ല്‍ താഴെ വോട്ടിനു പരാജയപ്പെട്ട കാര്യം അയ്യര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ചു മത്സരം നടക്കുമ്പോള്‍ അനുചിതമായ ഒരു വാക്ക് പോലും ഉപയോഗിക്കപ്പെടാന്‍ പാടില്ലായിരുന്നു എന്ന് മണിശങ്കര്‍ അയ്യര്‍ സമ്മതിക്കുന്നു. താന്‍ മോദിയെക്കുറിച്ച് ഉപയോഗിച്ച നീച് എന്ന ഹിന്ദി പദത്തിന്, സാധാരണ പ്രയോഗത്തിലുള്ള അര്‍ത്ഥം തനിക്കറിയില്ലായിരുന്നുവെന്ന് അയ്യര്‍ പറയുന്നു. സംഭാഷണ ഭാഷയില്‍ ഓടയെന്നും തെരുവുപയ്യന്‍ എന്നുമുള്ള അര്‍ത്ഥമാണ് ആ പ്രയോഗത്തിനുള്ളതെന്ന് പിന്നീട് നട്വര്‍സിംഗ് പറഞ്ഞാണ് മനസ്സിലാക്കിയത്. സാധാരണ സംഭാഷണഭാഷയിലുള്ള ഹിന്ദി തനിക്കറിയാത്തതാണ് പ്രശ്‌നമായതെന്ന് അയ്യര്‍ പറഞ്ഞു.

മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന മാതാപിതാക്കള്‍ രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌കൂളിലാണ് തന്നെ പഠിപ്പിച്ചതെന്നും ഇംഗ്ലീഷുകാരായിരുന്നു അധ്യാപകരെന്നു മാത്രമല്ല, സ്‌കൂളിലെ എല്ലാജീവനക്കാരും ഇംഗ്ലീഷാണ് സംസാരിച്ചിരുന്നതെന്നും എഴുതുന്ന മണിശങ്കര്‍ അയ്യര്‍, വിദ്യാഭ്യാസം തനിക്ക് വലിയ പരിമിതിയായി മാറിയത് ഹിന്ദി, സാധാരണക്കാര്‍ ഉപയോഗിക്കുന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതിലാണെന്ന് പറയുന്നു. വിദ്യാഭ്യാസത്തിനുശേഷം ഔദ്യോഗിക ജീവിതത്തിലും ഇംഗ്ലീഷായിരുന്നു എപ്പോഴും ഉപോഗിച്ചിരുന്നത്.

സംഭാഷണഭാഷയിലെ പ്രയോഗം മനസ്സിലാക്കാതെ തനിക്കു പറ്റിയ പിഴവ് സമ്മതിക്കുന്ന മണിശങ്കര്‍ അയ്യര്‍, പക്ഷേ, താന്‍ പറയാത്തതു പറഞ്ഞെന്നു വരുത്തി കള്ളപ്രചരണം നടത്തുകയാണ് പ്രധാനമന്ത്രി മോദി ചെയ്തതെന്ന് ആരോപിക്കുന്നു. നീച് എന്ന പ്രയോഗം താന്‍ നടത്തിയതാണ്. അതിനെ നീച് ജാതി എന്നാക്കി പ്രധാനമന്ത്രി മോദി മാറ്റി. നീച് ജാതി എന്ന് താന്‍ പ്രയോഗിച്ചിട്ടില്ല. ഒരിക്കലും പ്രയോഗിക്കുകയില്ലെന്നും അയ്യര്‍ പറയുന്നു. താന്‍ പറയാത്ത വാക്കു പറഞ്ഞെന്നു വരുത്തി മോദി കള്ളപ്രചരണം നടത്തുകയാണ് ചെയ്തത് എന്ന് ആര്‍ക്കും വ്യക്തമാകും. തന്റെയും മോദിയുടെയും പ്രസംഗങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. ജാതി എന്ന ഒരുവാക്ക് കൂട്ടിച്ചേര്‍ക്കുക വഴി രാജ്യത്തിന്റെ പ്രധാനമന്ത്രി അസത്യം പ്രചരിപ്പിക്കുകയായിരുന്നു.