പാർവ്വതിക്കെതിരായ സൈബർ ആക്രമണം ഒരാൾ അറസ്റ്റിൽ

#

കൊച്ചി (27-12-17) : സമൂഹമാധ്യമങ്ങളിലൂടെയുള്ള അക്രമണത്തിനെതിരെ നടി പാർവ്വതി നൽകിയ പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റുകളും പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവരെയും പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിനെതിരെ പാർവ്വതി നടത്തിയ പരാമര്‍ശമാണ് സൈബർ ആക്രമണത്തിന് കാരണം. പാർവ്വതിയെ വ്യക്തിഹത്യ നടത്തുകയും അശ്ലീല കമന്റുകൾ ഇടുകയും ചെയ്ത മമ്മൂട്ടി ഫാൻസ്‌ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് നടി പരാതി നൽകിയത്. തനിയ്ക്കെതിരായി പോസ്റ്റുകളിട്ട 23 പേരുടെ പോസ്റ്റുകളുടെ കോപ്പിയും പാർവ്വതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പോലീസിന്റെ നടപടി.

സൈബര്‍ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ പിടിയിലായ പ്രിന്റോയുടെ (23) ഫോണ്‍ നമ്പറും വിലാസവും ലഭിച്ചു.ഫെയ്സ്ബുക്കും ട്വിറ്ററും വഴിയാണ് ഇയാള്‍ പാർവ്വതിയ്ക്കെതിരെ അപകീര്‍ത്തികരമായതും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകളിട്ടത്. ഇതിനായി ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് ഐടി ആക്ട് 67, 67എ എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകളും ഭീഷണിപ്പെടുത്തിയതിന് ഐപിസി 507 പ്രകാരവും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഐപിസി 509 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്നും സിഐ സിബി ടോം പറഞ്ഞു.