ജാംഷെഡ്പൂരിനെതിരെ ഒറ്റഗോള്‍ ജയവുമായി ചെന്നൈയിന്‍

#

ജാംഷെഡ്പൂര്‍ (29-12-17) : ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സി ഏക ഗോളിനു ആതിഥേയരായ ജാംഷെഡ്പൂര്‍ എഫ്.സി.യെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി ജെറി ലാല്‍പെക്യൂല ചെന്നൈയിന്‍ എഫ്.സിക്ക് വിജയം നേടിക്കൊടുത്തു. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ജാംഷെ്ഡപൂരിനും പെനാല്‍ട്ടി കിട്ടിയെങ്കിലും കിക്കെടുത്ത കെവന്‍സ് ബെല്‍ഫോര്‍ട്ടിനു ഗോളാക്കാനായില്ല. ചെന്നൈയിന്‍ ഗോളി കരണ്‍ജിത് രക്ഷകനായി. ചെന്നൈയിന്റെ ഗോളുടമ ജെജെ ലാല്‍പെക്യൂല മാന്‍ ഓഫ് ദി മാച്ചായി.

ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം മെച്ചപ്പെടുത്തി. ചെന്നൈയിന്‍ എഫ്.സി എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് നേടിക്കഴിഞ്ഞു. 12 പോയിന്റ് വീതം നേടിയ എഫ്സി.ഗോവ, ബെംഗ്ളുരു എഫ്.സി, പൂനെ സിറ്റി എഫ്.സി എന്നീ ടീമുകളാണ് തൊട്ടുപിന്നില്‍. ഒന്‍പത് പോയിന്റുമായി ജാംഷെഡ്പൂര്‍ എഫ്.സി. ആറം സ്ഥാനത്താണ്.

ഇംഗ്ലീഷ് പരിശീലകരായ സ്റ്റീവ് കോപ്പലും ജോണ്‍ ഗ്രിഗറിയും തങ്ങളുടെ ടീമിനെ ഒരേപോലെ 4-2-3-1 ഫോര്‍മേഷനില്‍ വിന്യസിച്ചു. കോപ്പലിന്റെ ജാംഷെഡ്പൂര്‍ എഫ്.സി കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തി. എന്നാല്‍ ജോണ്‍ ഗ്രിഗറി ചെന്നൈയിന്‍ എഫ്.സി ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. സസ്പെന്‍ഷനു ശേഷം ധന്‍പാല്‍ ഗണേഷ് ഡിഫെന്‍സീവ് മിഡ്ഫീല്‍ഡിലും റെനെ മിഹെലിച്ചും ഗ്രിഗറി നെല്‍സണും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും തിരിച്ചെത്തി.

രണ്ടാം മിനിറ്റില്‍ ജാംഷെഡ്പൂര്‍ എഫ്.സി കെവന്‍സ് ബെല്‍ഫോര്‍ട്ടിലൂടെ ആക്രമണത്തിനു തുടക്കം കുറിച്ചു. മെഹ്താബ് ഹൂസൈന്റെ ഹെഡ്ഡറിലൂടെ വന്ന പാസില്‍ ബെല്‍ഫോര്‍ട്ടിന്റെ ഉശിരന്‍ കാര്‍പ്പെറ്റ് ഡ്രൈവ് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് രക്ഷപ്പെടുത്തി. എട്ടാം മിനിറ്റില്‍ തന്നെ ചെന്നൈയിന്റെ ആദ്യ സബ്സ്റ്റിറ്റിയൂഷന്‍. ബിക്രം ജിത് സിംഗ് പരുക്കേറ്റു പുറത്തായതിനെ തുടര്‍ന്നു ജെര്‍മന്‍പ്രീത് സിംഗ് എത്തി. ജാംഷെഡ്പൂരിന്റെ മുന്‍നിരതാരം ജെറി മാവിമിങ്താങയും ചെന്നൈയിന്റെ ഡിഫെന്‍ഡര്‍ ജെറി ലാറിന്‍സുവാലയും തമ്മിലുള്ള പോരാട്ടമായി മാറി. 38-ാം മിനിറ്റില്‍ പന്തുമായി കുതിച്ച കെവന്‍സ് ബെല്‍ഫോര്‍ട്ടിനെ അപകടകരമായി വിധത്തില്‍ ടാക്ലിങ് ചെയ്തതിനു ഹെന്‍ റിക്വെ സെറീനോയ്ക്ക് മഞ്ഞക്കാര്‍ഡ് തൊട്ടുപിന്നാലെ 40-ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന്റെ മുന്നേറ്റത്തിനിടെ ബോക്സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ പെനാല്‍ട്ടി ബോക്സിനകത്തുവെച്ച് മെഹ്താബ് ഹുസൈന്റെ കയ്യില്‍ പന്ത്തട്ടി. ഇതേ തുടര്‍ന്നു റഫ്റി രഞ്ജിത് ബക്ഷി പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത ജെറി ലാല്‍പെക്യൂലയ്ക്കു ഉന്നം തെറ്റിയില്ല (10).

ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ജാംഷെ്ഡ്പൂരിനു അനുകൂലമായും റഫ്റി പെനാല്‍ട്ടി അനുവദിച്ചു. ജാംഷെഡ്പൂരിന്റെ സൗവിക് ചക്രവര്‍ത്തി എടുത്ത ത്രോ ഇന്നിനെ തുടര്‍ന്നു ബോക്സിനകത്തേക്കു വന്ന പന്ത് സ്വീകരിക്കാന്‍ കുതിച്ച ബികാഷെ ജെയറുവിനെ ചെന്നൈയിന്‍ എഫ്.സി ക്യാപ്റ്റന്‍ സെറീനോ പുറകില്‍ നിന്നും തള്ളി. ഡൈവിനു കുതിച്ച ജെയറു നിലത്ത് . തുടര്‍ന്നു റഫ്റി രഞ്ജിത് ബക്ഷി ചെന്നൈയിനെതിരെ പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത കെവന്‍സ് ബെല്‍ഫോര്‍ട്ടിനു വിജയകരമാക്കാന്‍ കഴിഞ്ഞില്ല. ബെല്‍ഫോര്‍ട്ടിന്റെ കിക്ക് കണക്കുകൂട്ടി വലത്തുവശത്തേക്കു ചാടിയ ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിംഗ് കോര്‍ണര്‍ വഴങ്ങി ബെല്‍ഫോര്‍ട്ടിന്റെ പെനാല്‍ട്ടി തട്ടിയകറ്റി.

നാടകിയമായ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ മോശം പെരുമാറ്റത്തിനു കാര്‍ഡ് നല്‍കി സെഡ് ബെഞ്ചില്‍ നിന്നും മാറ്റി. രണ്ടാം പകുതിയില്‍ ജാംഷെ്ഡപൂര്‍ മെഹ്താബിനു പകരം ഫറൂഖ് ചൗധരിയും എറെ വൈകാതെ ആന്ദ്രെ ബിക്കെയ്ക്കു പകരം സമീഗ് ദൗത്തിയും ബെല്‍ഫോര്‍ട്ടിനു പകരം അസൂക്ക ഇസുവും ഇറങ്ങി. ചെന്നൈയിന്‍ നെല്‍സണു പകരം നൈജീരിയന്‍ താരം ജൂഡും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനു പകരം തോയ് സിംഗും വന്നു.

അവസാന 10 മിനിറ്റുകളിലേക്കു കടന്നതോടെ രണ്ടുടീമുകളും സബ്സ്റ്റിറ്റിയൂഷന്‍ മുഴുവനും പൂര്‍ത്തിയാക്കി. ചെന്നൈയിന്‍ പൊസിഷന്‍ ഫുട്ബോള്‍ കളിച്ചു ലീഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. പെനാല്‍ട്ടി ഗോളില്‍ മുന്നില്‍ നിന്ന ചെന്നൈയിനെതിരെ സമനില ഗോള്‍ നേടാനുള്ള വീറും വാശിയും ഒന്നും രണ്ടാം പകുതിയില്‍ ജാംഷെഡ്പൂരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. എന്നാല്‍ ചെന്നൈയിനു ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. ഇഞ്ച്വുറി ടൈമിന്റെ അവസാന മിനിറ്റില്‍ ജെര്‍മന്‍പ്രീത് ബോക്സിനകത്തേക്കു ഇട്ടുകൊടുത്ത പന്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജെജെ ലാല്‍പെക്യൂല ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു തുലച്ചു.

ചെന്നൈയിന്റെ മെയില്‍സണ്‍ ആല്‍വസും ക്യാപറ്റന്‍ ഹെന്‍ റിക്വ സെറീനോയും കഴിഞ്ഞ മത്സരങ്ങളില്‍ മൂന്നു മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനാല്‍ ഇന്നലെ രണ്ടുപേര്‍ക്കും മഞ്ഞക്കാര്‍ഡ് ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ സെറീനോയ്ക്ക് മഞ്ഞക്കാര്‍ഡ് ഒഴിവാക്കാനായില്ല. ചെന്നൈയിന്റെ ഗ്രിഗറി നെല്‍സണും ജെര്‍മന്‍പ്രീതും റെനെ മിഹെലിച്ചും ജാംഷെ്ഡ്പൂരിന്റെ മെഹ്താബ് ഹൂസൈനും സമീഗ് ദൗതിയും ഇന്നലെ കാര്‍ഡ് വാങ്ങി.