മുക്താർ അബ്ബാസ് നഖ്‌വി മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്തിന് ?

#

(29-12-17) : മലപ്പുറത്ത് നടക്കുന്ന നടുവത്തുൽ മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിൽ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പങ്കെടുക്കുന്നത് മതനിരപേക്ഷ ചിന്താഗതിക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന 3 പ്രമുഖ ബുദ്ധിജീവികളോട് ഞങ്ങൾ ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല അദ്ധ്യാപകനും ചിന്തകനുമായ കെ.എം.സീതി, പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്, കേരള സർവ്വകലാശാല അദ്ധ്യാപകൻ അഷ്‌റഫ് കടയ്ക്കൽ എന്നിവർ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

പൊതുശ്രദ്ധ ലഭിക്കുന്നതിനാകാം മന്ത്രിയെ ക്ഷണിച്ചത് : കെ.എം.സീതി

ഈ സമ്മേളനത്തിന്റെ വിശദാംശങ്ങൾ എനിക്ക് അറിയില്ല. മുജാഹിദ്, കാന്തപുരം യോഗങ്ങളിൽ മുക്താർ അബ്ബാസ് നഖ്‌വിയെ വിളിക്കുന്നെണ്ടെങ്കിൽ അത്  പൊതുജന ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടിയാകാം. പൊതു സമ്മേളനങ്ങൾ നടക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇത്തരത്തിൽ എല്ലാ നേതാക്കളെയും വിളിക്കാറുണ്ടല്ലോ. മുജാഹിദ് യോഗത്തിലേക്ക് മുഖ്താർ അബ്ബാസ് നഖ്‌വിയെ ക്ഷണിച്ചത് കേന്ദ്രത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയ്ക്കാകുമെന്നാണ് ഞാൻ കരുതുന്നത്.

പൊതുവേദി എന്ന നിലയിലാകും പി.എസ്.ശ്രീധരൻ പിള്ളയും യോഗത്തിൽ പങ്കെടുത്തതായ് കണ്ടു. ഇത് പാർട്ടികൾ പരസ്പരം ചെയ്യുന്നതാണ്. ഐ എസ്, സലഫി വിഷയങ്ങളുടെ പേരിൽ മുജാഹിദുകളിലേക്ക് കേന്ദ്ര ഏജൻസികളുടെ നോട്ടം എത്തുന്നതിനാലാണ് നഖ്‌വിയെ എത്തിച്ചതെന്നുള്ള ഒരു ചർച്ചയും ഉയരുന്നുണ്ട്. നിലനിൽപ്പിനായുള്ള നീക്കത്തിന്റെ ഭാഗമായി ഇതിനെ കാണുന്നവരുമുണ്ട്. എന്നാൽ സമൂഹത്തിൽ പിന്തുടർന്നുവരുന്ന പതിവ് രീതിയുടെ ഭാഗമായിട്ടാണ് മന്ത്രിയെ ഒക്കെ വിളിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറം പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കൂടാതെ മുജാഹിദുകളിൽ ഐഎസ് ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളുള്ളതിനാൽ, ആ ഇമേജിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമവും ഇത്തരം ആളുകളെ പങ്കെടുപ്പിക്കുന്നതിനു പിന്നിൽ ഉണ്ടാകാം.

മുഖ്യധാരാ മതസംഘടനകളെ നയിക്കുന്നത് ധാർമ്മികതയല്ല ; സങ്കുചിത താല്പര്യങ്ങൾ : ഷാജഹാൻ മാടമ്പാട്ട്

മുഖ്യധാരാ മതസംഘടനകള്‍ക്ക് അവരുടെ താല്ക്കാലികമായ സംഘടനാ താല്പര്യങ്ങളും ആ നിലയ്ക്കുള്ള താല്ക്കാലികമായ അനുരഞ്ജനങ്ങളുമാണ് വിശാലമായ ധാര്‍മ്മികതയെക്കാളും രാഷ്ട്രീയപ്രശ്‌നങ്ങളെക്കാളുമൊക്കെ വലുത് എന്നാണ് മുക്താര്‍ അബ്ബാസ് നഖ്‌വി, കേരളത്തിലെ രണ്ട് പ്രമുഖ മുസ്ലീം മതസംഘടനകളുടെ അതിഥിയായി സ്വാഗതം ചെയ്യപ്പെടുന്നു എന്നതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ബി.ജെ.പിയുടെ മറ്റേതൊരു നേതാവിനെക്കാളും ഒരര്‍ത്ഥത്തില്‍ അപകടകാരിയാണ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യയിലെ ന്യൂനപക്ഷാവകാശധ്വംസനത്തിന് നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയുടെ, നമ്മുടെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയുടെ, മുസ്ലീം കൂടിയായ നേതാവിനെ രണ്ട് പ്രമുഖ മുസ്ലീം സംഘടനകള്‍ വരവേല്‍ക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്, അനുരഞ്ജനത്തിന്റെ സാധ്യതകൾ തേടുന്നതിൽ അവർക്ക് ഒരു തത്വദീക്ഷയുമില്ല എന്നാണ്.

മുക്താര്‍ അബ്ബാസ് നഖ്‌വിയെ മുസ്ലീം സംഘടനകള്‍ വരവേല്‍ക്കുന്നത്, ക്രിസ്തുവിന്റെ പേരിലുള്ള സംഘടന ജൂഡാസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതു പോലെയാണ്. നഖ്‌വി ഇന്ത്യയിലെ ന്യൂനപക്ഷകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് എന്നതൊക്കെയാണ് ഇതിനു പറയുന്ന ന്യായങ്ങള്‍. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തെ വിളിക്കുന്നതില്‍ അനൗചിത്യമില്ല എന്നതായിരിക്കാം ഈ സംഘടനകളുടെ അവകാശവാദം. ബി.ജെ.പിയില്‍ നിന്നുകൊണ്ട് ഹൈന്ദവഫാസിസത്തിനു വേണ്ടി പരസ്യമായി ന്യായീകരണം നടത്തുന്ന, പശുവിന്റെ പേരില്‍ മനുഷ്യനെക്കൊല്ലുന്നതിനെ പലവട്ടം വ്യംഗ്യമായി ന്യായീകരിച്ചിട്ടുള്ള ഒരാളെ വരവേല്‍ക്കുന്നത്, ഈ സംഘടനകള്‍ക്കൊന്നും ധാര്‍മ്മികമോ, നൈതികമോ ആയി ഒരു തരത്തിലുള്ള പ്രതിബദ്ധതയുമില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്.

കേരളത്തിലെ പൊതുസമൂഹത്തിലെ  മഹാഭൂരിഭാഗവും, ഇന്ന് ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ഫാസിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍, ആ വര്‍ഗ്ഗീയ ഫാസിസത്തിന്റെ പ്രാഥമിക ഇരകളാകാന്‍ വിധിക്കപ്പെട്ടവരുടെ പ്രതിനിധാനം വഹിക്കുന്ന സംഘടനകള്‍ തന്നെ മുഫ്താര്‍ അബ്ബാസ് നഖ്‌വിയെപ്പോലെ ഒരാളെ ഇത്രയും പ്രാധാന്യത്തോടെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഈ സംഘടനകള്‍ക്ക് താൽക്കാലികമായ അജണ്ടകള്‍ക്കപ്പുറം ഒരു കാര്യത്തോടും പ്രതിബദ്ധതയില്ലെന്ന് ബോധ്യപ്പെടുത്തുന്നു. ഹിറ്റ്‌ലര്‍ ജൂതര്‍ക്കെതിരേ ചരിത്രം കണ്ട വലിയ നരനായാട്ട് നടത്തുന്ന കാലത്ത് നാസിപ്പാര്‍ട്ടിക്കു വേണ്ടി നില കൊണ്ട ജൂതന്മാരുണ്ടായിരുന്നു. ഇത്രയേറെ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്ന കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നതിനെ അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിയായതുപോലെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിച്ചേര്‍ത്തു വേണം കാണാന്‍.

ഇവരില്‍ പലരും നേരിടുന്ന കേസുകളില്‍ നിന്നും നിയമപ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനും മറ്റും വേണ്ടിയുള്ള വളരെ ചുരുങ്ങിയ, സങ്കുചിതമായ സംഘടനാ അജണ്ടകളാണ് വാസ്തവത്തില്‍ ഇതിന്റെയൊക്കെ പിന്നിലുള്ളത്. ഗുണപരമായി, ഇന്ത്യയിലെ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനെയോ  മന്ത്രിയെയോ ക്ഷണിക്കുന്നതുപോലെയല്ല ഇത്. ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നിലകൊള്ളുന്നത് നമ്മുടെ ഭരണഘടനാവ്യവസ്ഥയെ മാറ്റിത്തീര്‍ക്കാനുള്ള ദുരുപദിഷ്ടമായ, അപകടകരമായ ഒരു ഫാസിസ്റ്റ് അജണ്ടയുടെ ഭാഗത്താണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ, ധാര്‍മ്മിക, നൈതിക നിലപാടുകള്‍ എടുക്കുന്നതിനുപകരം ഇത്തരം അനുരഞ്ജനങ്ങള്‍ക്കു വഴങ്ങുന്നത് നമ്മുടെ പൊതുസമൂഹം അങ്ങേയറ്റം ഗൗരവത്തോടെ കാണണം.

സംഘ്പരിവാറുമായുള്ള സന്ധി മുസ്ലിംസംഘടനകളുടെ കുത്തകവൽക്കരണത്തിന്റെ ഫലം : ഡോ. അഷ്‌റഫ് കടക്കൽ

മുസ്ലിം സംഘടനകളുടെ അമിതമായ സ്ഥാപനവൽക്കരണവും അതിന്റെ ഭാഗമായുണ്ടാകുന്ന ലാഭ - നഷ്ട കണക്കുകളുമാണ് അവയെ സംഘപരിവാറുമായി സന്ധി ചെയ്യുന്നതിലേക്ക് എത്തിച്ചത്. നിലനിൽപ്പ് മാത്രമാണ് എല്ലാ സംഘടനകൾക്കും പ്രധാനം. അതിനായി മതം വിശ്വാസം എല്ലാത്തിലും എന്ത് തരത്തിലുള്ള വിട്ടു വീഴ്ചക്കും അവർ തയ്യാറാണ്. ഇത്തരം വിട്ടു വീഴ്ചകളാണ് മുഖ്താർ അബ്ബാസ് നഖ്‌വിയെപ്പലെയുള്ള സംഘപ്രചാരകനെ കാന്തപുരവും മുജാഹിദ് വിഭാഗവും ഭക്ത്യാദരപൂർവ്വം സ്വീകരിച്ചാനയിക്കുന്നതിനു പിന്നിൽ.

രാജസ്ഥാനിലെ കൊലപാതകം ഉൾപ്പെടെ രാജ്യത്ത് നടന്ന എല്ലാ സംഘപരിവാർ അതിക്രമങ്ങളിലും സർക്കാരിനെ ന്യായീകരിച്ചുകൊണ്ട് ആദ്യം രംഗത്ത് എത്തിയ ആളാണ് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. അദ്ദേഹത്തെയാണ് കാന്തപുരവും മറ്റുള്ളവരും രാജകീയമായി സ്വീകരിക്കുന്നത്. കാന്തപുരത്തിന് ഈ കൂട്ടുകെട്ടിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഉത്തരേന്ത്യയിൽ ഉൾപ്പെടെയുള്ള സംരംഭങ്ങളും പ്രസ്ഥാനങ്ങളും സംരക്ഷിച്ചു നിർത്തണമെങ്കിൽ സംഘപരിവാർ സൗഹൃദം അനിവാര്യമാണ്. സമാനമായ സഹചര്യമാണ് മുജാഹിദുകളെയും സംഘപരിവാറിനോട് സന്ധിചെയ്യാൻ പ്രേരിപ്പിച്ചത്. ഷിയാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവർ അതെ വിഭാഗത്തിലെ ഒരാളെ സ്വീകരിക്കുന്നു എന്ന വൈരുധ്യവും ഇതിനുണ്ട്.

യഥാർത്ഥത്തിൽ തങ്ങൾ നേരിടുന്ന ഭീഷണികൾ തിരിച്ചറിയാതെ വ്യർത്ഥമായ എന്തിന്റെയോ പിറകെ പോകുകയാണ് മുസ്ലിം സമൂഹം. ഇത്തരം വഴിമാറിയുള്ള ചിന്തയും വൈകാരിക പ്രതികരണവുമാണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ അപചയം. വൈകാരിക വിഷയങ്ങളിലെ പ്രതികരണങ്ങൾ അതിന്റെ ഉന്നതങ്ങളിൽ എത്തുമ്പോൾ ഇതാണ് മുസ്ലിം സമൂഹം നേരിടുന്നയഥാർത്ഥ പ്രശനം എന്ന തെറ്റായ ബോധം സമൂഹത്തിനൊന്നാകെ ഉണ്ടാക്കുകയാണ് ചിലർ. ഇതിലൂടെ സ്വന്തം സംഘടനാ താല്പര്യവും തങ്ങൾ പ്രതിനിധീകരിക്കുന്ന കോർപ്പറേറ്റ് താല്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടർ നടത്തുന്നത്.

വളരെ മുൻപുതന്നെ നവോത്ഥാന ചലനങ്ങൾ സമൂഹത്തിൽ പ്രതിഫലിപ്പിച്ച സമൂഹമാണ് മുസ്ലിം വിഭാഗം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യതിചലിച്ച് വൈകാരിക പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ഇന്ന് മുസ്ലിം സമൂഹം. ഇടത് ലിബറൽ ആശയങ്ങൾ പങ്കുവെക്കുന്ന വരെയും അതി കഠിനമായി വിമർശിക്കുന്ന രീതിയും സമുദായത്തിൽ ശക്തിപ്രാപിച്ചു. വിമർശിക്കുന്നവർക്കെതിരെ അതി ശക്തമായ അസഹിഷ്ണുതയാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുന്നത്. ഇത്തരത്തിൽ അസഹിഷ്ണുതയുടെ  പ്രതികരണമാണ് എം.ടി.വാസുദേവൻ നായർക്കെതിരെ ഇപ്പോൾ ഉണ്ടാകുന്നത്. സമാധാനത്തിന്റെ മതമായ ഇസ്ലാമിൽ ഇത്രയും അസഹിഷ്ണുക്കളായ യുവ തലമുറ എങ്ങനെ ഉണ്ടായി ? സംഘപരിവാർ ഉയർത്തുന്നതിനേക്കാൾ വലിയ ഫാസിസമല്ലേ ഈ യുവാക്കൾ നടത്തുന്നത് ? ഇത്തരം ചോദ്യങ്ങൾ ചെന്നെത്തുന്നത് മുസ്ലിം സമുദായത്തിനുണ്ടായ കാതലായ മാറ്റത്തിലേക്കാണ്. സമാധാനത്തിന്റെ മതം ഇന്ന് സംഘപരിവാർ നയങ്ങളെ മാതൃകയാക്കുകയാണ്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അസഹിഷ്ണുതയെ സ്വാംശീകരിക്കുന്ന മുസ്ലിം സമൂഹം സംഘ്പരിവാറിന്റെ നേതാക്കളെയും അംഗീകരിക്കുന്നതിന് തെറ്റ് പറയാനാകില്ല. സമുദായം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇതാണ്.

സംഘപരിവാറും മുസ്ലിം സംഘടനകളും ഇങ്ങനെ പരസ്പരം സഹായിക്കുന്ന സഹകരണ സംഘങ്ങളായി തുടരുന്നത് കമ്യൂണൽ അല്ലാത്ത ഹിന്ദുക്കളെ കൂടുതൽ കമ്മ്യൂണലാക്കും. മുസ്ലിങ്ങൾ അതി തീവ്ര നിലപാടുകളിലേക്കും പോകും. പരസ്പരം സംശയത്തോടെ നോക്കുന്ന സമൂഹത്തിന്റെ സ്വഭാവം ഉള്ളിൽ തീപിടിച്ച ഒരു കനലായി തുടരുകയും അവസാനം ഇതിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊള്ളുന്നത് അതി തീവ്ര നിലപാടുകൾ സ്വീകരിക്കുന്ന ഒരു കൂട്ടം ആയിരിക്കും എന്ന വിപത്തും നാടിനെ കാത്തിരിക്കുന്നുണ്ട്.