പദ്മാവതി പദ്മാവത് ആയി പ്രദർശിപ്പിക്കാം

#

ന്യൂഡൽഹി (30-12-17) : വിവാദങ്ങൾ പ്രതിസന്ധിയിലാക്കിയ സഞ്ജയ് ലീല ബൻസാലി ചിത്രം  പദ്മാവതി പ്രതിബന്ധങ്ങൾ മറികടന്ന് തീയേറ്ററുകളിൽ എത്തുന്നത്തിന് കളമൊരുങ്ങി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കി മാറ്റുകയും  വിവാദം ഉണ്ടായേക്കാവുന്ന 26 സീനുകൾ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്താൽ ചിത്രത്തിന്  അനുമതി നൽകാമെന്നാണ് ഇതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. കൂടാതെ  "ഘൂമർ..." എന്ന് തുടങ്ങുന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ഗാനം മാറ്റങ്ങൾ വരുത്തി ചിത്രീകരിക്കുകയും വേണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദർശിപ്പിക്കണം. ചിത്രത്തിൽ ചരിത്രത്തിന്‍റെ ഭാഗീകാവതരണം ഒഴിവാക്കാനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാധികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം പരിശോധിക്കുന്നതിനുള്ള വിദഗ്ധ സമിതിയിൽ ഉണ്ടായിരുന്നത്. സമിതിയുടെ ശുപാർശ ചിത്രത്തിന്റെ നിർമ്മാതാക്കളും സംവിധായകനും അംഗീകരിച്ചാൽഇത് ചർച്ച ചെയ്യുന്നതിന് അടുത്ത മാസം സെൻസർബോർഡിന്റെയും വിദഗ്ധ സമിതിയുടെയും യോഗം ചേരുന്നുണ്ട്.  ഇതിനു ശേഷമായിരിക്കും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സെൻസർ ബോർഡിന്റെ അന്തിമ തീരുമാനം ഉണ്ടാകൂ.

പതിമൂന്നാം നൂറ്റാണ്ടിലെ ചിറ്റോറിലെ റാണി പദ്മിനിയുടെ കഥയാണ് പദ്മാവതിയുടെ പ്രമേയം. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം. റാണി പദ്മിനിയുടെ കഥയാണ് പദ്മാവതിയുടെ പ്രമേയമെന്നതറിഞ്ഞതോടെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത് രജപുത്രകര്‍ണിസേനയാണ്. തുടർന്ന് വിഷയം ബിജെപിയും ഏറ്റെടുത്തു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ദീപിക പദുക്കോണിന്റെയും  ബന്‍സാലിയുടെയും തലകൊയ്യുന്നവര്‍ക്ക് 10 കോടി രൂപ സമ്മാനം നല്‍കുമെന്ന് ബിജെപി നേതാവ് സൂരജ് പാല്‍ അമുനടത്തിയ പ്രഖ്യാപനം വിവാദത്തെ ഒന്നുകൂടി ആളിക്കത്തിച്ചു. ഇതോടെ ഡിസംബർ ഒന്നിന് നിശ്ചയിച്ചിരുന്ന പദ്മാവതിയുടെ റിലീസ് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.