നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ വേണമെന്ന് ദിലീപ്

#

കൊച്ചി (01-01-18) : നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും. കേസിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകുന്നതിന് ദൃശ്യങ്ങൾ ആവശ്യമാണെന്നാണ് ദിലീപ് പറയുന്നത്. കൂടാതെ കേസിലെ സുപ്രധാന മൊഴികളും രേഖകളും പോലീസ് നൽകുന്നില്ലെന്നും ദിലീപ് ആരോപിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും സുപ്രധാന മൊഴികളുടെയും പകർപ്പുകൾ പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരുന്നില്ല. തുടർന്ന് ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മുൻപുതന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേട്ടിന്റെ സാനിധ്യത്തിൽ ദിലീപിന്റെ അഭിഭാഷകർക്ക് ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അവസരം കോടതി നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം കേസിൽ പോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള രേഖകളും മൊഴികളും നൽകണമെന്നും ദിലീപ് ആവശ്യപ്പെടും.