കൂടുതല്‍ കളിച്ചാല്‍ അമേരിക്കയെ പാഠം പഠിപ്പിക്കും : ഉത്തരകൊറിയ

#

സിയൂള്‍ (01-01-18) : ഉത്തരകൊറിയ വന്‍തോതില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുമെന്നും അമേരിക്കയുടെ ഏത് ഭാഗത്തും ആക്രമണം നടത്താന്‍ കഴിയുന്ന രീതിയില്‍ ദീര്‍ഘദൂര മിസൈലുകള്‍ കൈവശമുണ്ടെന്നും പ്രസിഡന്റ് കിം യോങ് ഉന്‍.രാജ്യത്തിന് നല്‍കിയ നവവത്സര സന്ദേശത്തിലാണ് കിം യോങ് ഉന്‍ അമേരിക്കയ്ക്ക് എതിരേ ആഞ്ഞടിച്ചത്. അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടു മടക്കില്ലെന്നും തുല്യശക്തികള്‍ എന്ന നിലയിലല്ലാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും ഉത്തരകൊറിയന്‍ പ്രസിഡന്റ് പറഞ്ഞു.

ആണവായുധത്തിന്റെ ബട്ടണ്‍ തന്റെ മേശപ്പുറത്തുണ്ടെന്ന കാര്യം മറക്കരുതെന്ന് കിം യോങ് ഉന്‍ അമേരിക്കയെ ഓര്‍മ്മിപ്പിച്ചു. ഉത്തരകൊറിയ വന്‍തോതില്‍ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2017 ല്‍ തങ്ങള്‍ നടത്തിയ എല്ലാ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും വിജയമായിരുന്നു. അമേരിക്കയുടെ ഏതു ഭീഷണിയെയും നേരിടാന്‍ ഉത്തരകൊറിയ സജ്ജമാണ്. തീകൊണ്ട് കളിക്കരുതെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.