പാകിസ്ഥാനെ ശിക്ഷിക്കാന്‍ അമേരിക്ക

#

(02-01-18) : കള്ളവും ചതിയും കാട്ടുകയും ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന ആരോപണം അമേരിക്കന്‍ പ്രസിഡന്റ്, ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചതിനു പിന്നാലെ പാകിസ്ഥാന്‍ സൈന്യത്തിന് നല്‍കാനിരുന്ന 25 കോടിയിലേറെ ഡോളറിന്റെ സഹായം തല്ക്കാലത്തേക്ക് നിറുത്തി വയ്ക്കാന്‍ യു.എസ് ഗവണ്‍മെന്റ് തീരുമാനിച്ചു. സ്വന്തം രാജ്യത്ത് ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പാകിസ്ഥാന്റെ പ്രതികരണം അറിഞ്ഞതിന് ശേഷം സഹായം തുടരണമോ എന്നതില്‍ തീരുമാനമെടുക്കും.

കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് നല്‍കിയ 3300 കോടി ഡോളറിന്റെ സഹായത്തിന് പകരമായി ചതിയും നുണയും മാത്രമാണ് പാകിസ്ഥാന്‍ നല്‍കിയതെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ന ല്‍കിയ തങ്ങള്‍ക്ക് പകരമായി അധിക്ഷേപവും അവിശ്വാസവും മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം തിരിച്ചടിച്ചു. പാകിസ്ഥാനെതിരേ പ്രസിഡന്റ് ട്രംപ് സ്വീകരിക്കുന്ന കടുത്ത നിലപാടിന് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുന്നുണ്ട്. ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ താവളം ഒരുക്കുന്നുണ്ടെന്നും പാകിസ്ഥാന് സഹായം നല്‍കരുതെന്നുമുള്ള അഭിപ്രായം കഴിഞ്ഞ കുറേക്കാലമായി യു.എസ് രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാണ്.