മെഡിക്കൽ സമരത്തിൽ സ്തംഭിച്ച് ആശുപത്രികൾ: ചികിത്സ കിട്ടാതെ രോഗികൾ

#

തിരുവനന്തപുരം (02-01-18) : ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഡോക്ടർമാർ നടത്തുന്ന മെഡിക്കൽ ബന്ദ്   ദുരിതത്തിലാക്കിയത് ആയിരക്കണക്കിന് രോഗികളെ. കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ആശുപത്രികൾ സ്തംഭിച്ചു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഒരുമണിക്കൂർ ജോലിയിൽ പ്രവേശിക്കാതെ നടത്തുന്ന സമരത്തിൽ അടിയന്തിര ചികിത്സ ആവശ്യമായ രോഗികൾ പോലും ചികിത്സ കിട്ടാതെ വലയുന്ന സ്ഥിതിയാണുള്ളത്.

തിരവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സഹപ്രവർത്തകർ നിർബന്ധിപ്പിച്ചു പുറത്തിറക്കിയത് രോഗികളുടെ പ്രതിഷേധത്തിനിടയാക്കി. കടുത്ത പനിമൂലം അവശയായിരുന്ന സ്ത്രീ കരഞ്ഞു പറഞ്ഞിട്ടും പരിശോധിക്കാൻ മറ്റു ഡോക്ടർമാർ അനുവദിക്കാതിരുന്നതിൽ  രോഗികൾ  പ്രതിഷേധിച്ചു.

സർക്കാർ ആശുപത്രികളിൽ സമരം നടത്തിയ ഡോക്ടർമാർ പ്രതീകാത്മക സമരത്തിന് ശേഷം ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് എത്തിയിട്ടില്ല. രാവിലെ മുതൽ ഒപിയിൽ എത്തുന്ന രോഗികളോട് ഡോക്ടർമാരില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്. അത്യാഹിത വിഭാഗം മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്നത്.

ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ രാജ്യവ്യാപകമായ മെഡിക്കൽ ബന്ദാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹോമിയോപ്പതി, ആയുർവേദം എന്നിവ ഉൾപ്പടെയുള്ളവയിൽ ബിരുദമുള്ളവർക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നൽകാൻ പ്രത്യേക "ബ്രിജ് കോഴ്സ്" ആരംഭിക്കാൻ ദേശീയ മെഡ‍ിക്കൽ കമ്മിഷൻ (എൻഎംസി) ബില്ലിലുള്ള വ്യവസ്ഥയാണു ഡോക്ടർമാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.