ഡോക്ടർമാരുടെ സമരത്തിന് പരിഹാസം മറയ്ക്കാതെ ഐക്യദാർഢ്യവുമായി യു.എൻ.എ

#

(02-01-18) : ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന മെഡിക്കൽബില്ലിന് എതിരേ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ). സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും, നഴ്‌സുമാരുടെ സമരത്തെ ചില ഡോക്ടർമാർ എതിർത്ത കാര്യം അസോസിയേഷൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു. പൊതുജനത്തെ ബോധവത്കരിച്ചു അവരെയും കൂടെ നിർത്തി സമരം ചെയ്‌താൽ കൂടുതൽ ഗുണം ചെയ്യും എന്നും ഈ ബില്ല് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ എന്തൊക്കെയാണെന്ന് പൊതുജനത്തിന് ഇപ്പോഴും അറിയില്ല എന്നും സിബി ഓർമപ്പെടുത്തുന്നു.

രാജ്യത്തെ ജനങ്ങളുടെ ജീവന് മേലുള്ള സർജിക്കൽ സ്ട്രൈക്ക് ആകും ജനുവരി 2ന് പാർലിമെന്റിൽ അവതരിപ്പിക്കുന്ന മെഡിക്കൽ ബില്ല് എന്ന് യു.എൻ.എ വൈസ് പ്രസിഡന്റ് ആരോപിക്കുന്നു. ഒരു പ്രൊഫഷണൽ കോഴ്സ് പഠിച്ചു കഴിഞ്ഞിട്ട് പ്രാക്റ്റീസ് ചെയ്യാൻ വീണ്ടും പരീക്ഷ എഴുതണം എന്ന നിബന്ധനയെ വിമർശിക്കുന്ന സിബി, പണ്ട് ബി എസ് സി നഴ്സുമാരെ ബ്രിഡ്ജിങ് കോഴ്സ് വഴി ഗ്രാമ പ്രദേശങ്ങളിൽ രോഗി ചികിത്സക്ക് കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ആയി നിയമിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത ഡോക്ടർമാർക്ക് ഇപ്പോ കിട്ടിയ പണി ഇത്തിരി കടുത്തു പോയി എന്ന് പരിഹസിക്കാനും മറക്കുന്നില്ല.

ഈ സമരം വിജയിക്കേണ്ടത്‌ ഡോക്ടർമാരുടെ മാത്രം ആവശ്യം അല്ല എന്ന സത്യം എല്ലാവരും മനസിലാക്കും എന്ന് വിശ്വസിക്കുന്നു എന്ന് പറയുന്ന പോസ്റ്റ്, നഴ്സുമാർ സമരം ചെയ്യുമ്പോൾ ചില ഡോക്ടർമാർ പറയുംപോലെ  രോഗിയുടെ ജീവൻ ആരോഗ്യ മേഖല അവശ്യ സർവീസ് എന്നീ ഞായങ്ങൾ ഇപ്പോ എവിടെ പോയി എന്ന ചോദ്യം ഉയർത്തികൊണ്ട് തന്നെ സമരത്തിന് ഐക്യദാർഢ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.