മറാത്താ-മഹര്‍ സംഘര്‍ഷവും ഹിന്ദുത്വത്തിന്റ അന്ത്യവും

#

(03-01-18) : മഹാരാഷ്ട്രയിലെ പൂനെ, വിദര്‍ഭ, ഔറംഗബാദ് മേഖലകളില്‍ പൊട്ടിപ്പുറപ്പെട്ട മറാത്ത-ദളിത് (മഹര്‍) സംഘര്‍ഷം, വ്യക്തമാക്കുന്നത് "ഹിന്ദുത്വ"ത്തിന്റെ യഥാര്‍ത്ഥ ശത്രു ദളിതരും അവര്‍ണരുമാണെന്ന വസ്തുതയാണ്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും ക്രൂരവും കുപ്രസിദ്ധവുമായ "ബ്രാഹ്മണരാജ്" ആയിരുന്ന "പെഷ്‌വാ" ഭരണത്തിന് അന്ത്യം കുറിച്ചത് 1818 ല്‍ പൂനയ്ക്കടുത്ത് ഭീമ-കൊരേഗവിലെ യുദ്ധത്തിലാണ്. അവിടെ സ്ഥാപിച്ച, "വിജയസ്തംഭം" സന്ദര്‍ശിക്കാനെത്തിയ മൂന്നു ലക്ഷത്തോളം ദളിതരെയാണ് ഹിന്ദുത്വസംഘടനകള്‍ ആക്രമിച്ചത്. 2005 ല്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട "ഭീമ കൊരേഗാവ് വിജയസ്തംഭ സേവാസംഘ"ത്തിന്റെ ആഭിമുഖ്യത്തിലാണ്. "ദളിത് വിജയ"ത്തിന്റെയും "ദളിത് അഭിമാന"ത്തിന്റെയും 200-ാം വാര്‍ഷികം ആഘോഷിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുപോലും ദളിതര്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നുവെന്നത്, ഈ സംഘര്‍ഷത്തിന്റെ അഖിലേന്ത്യാ പ്രസക്തിയാണ് തെളിയിക്കുന്നത്.

ദേശീയതയ്ക്കുമേല്‍ കൊളോണിയലിസം നേടിയ വിജയത്തിന്റെ "കറുത്ത സ്മാരക"മായി ദേശീയ ചരിത്രം രേഖപ്പെടുത്തിയിരുന്ന ഒരു സംഭവം, ഇപ്പോഴിതാ "ദളിത് അഭിമാന"ത്തിന്റെ പ്രതീകമായി മാറുന്നു. "ദളിത് അഭിമാന"മെന്നത് സവര്‍ണ-ഹൈന്ദവാധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ് പ്രതീകവത്കരിക്കുന്നത്. ഇന്ത്യയിലെ വിവിധ ചരിത്രരചനാ പദ്ധതികള്‍ ഒരുപോലെ, മഹത്തായ "സ്വാതന്ത്ര്യസമര"മെന്ന് വാഴ്ത്തിയിരുന്ന "ആംഗ്ലോ-മറാത്തായുദ്ധം", "ദളിത്- മറാത്താ"യുദ്ധമായി പുനര്‍വ്യാഖ്യാനിക്കപ്പെടുന്നുവെന്നത് ദേശീയതയുടെയും ആധുനിക ഇന്ത്യയുടെയും ഏകകണ്ഠമായ ചരിത്രഭദ്രതയെയാണ് അട്ടിമറിക്കുന്നത്. 1818 ല്‍ ബ്രാഹ്മണ-പെഷ്‌വാ സേനയെ തോല്പിച്ച 634 സൈനികരില്‍ 500 പേരും അംബേദ്കറുടെ മഹറുകളായിരുന്നു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ മഹറുകള്‍ ഏറ്റവുമധികം അപമാനവും അടിച്ചമര്‍ത്തലും നേരിട്ടത് പെഷ്‌വാ ഭരണത്തിന്‍ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ, പെഷ്‌വാരാജിനെതിരായ ഒരു യുദ്ധം-അത് ആര് നടത്തിയാലും മഹറുകളെ സംബന്ധിച്ചിടത്തോളം അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുദ്ധമാണ്. മഹാരാഷ്ട്രയിലെ മഹറുകള്‍, തങ്ങളുടെ "സ്വദേശികള്‍" തന്നെയായ പെഷ്‌വാമാരെ ശത്രുക്കളായിട്ടാണ് അനുഭവിച്ചിരുന്നത്. സവര്‍ണരും ബ്രാഹ്മണരും വിദേശികളും ശത്രുക്കളുമായി അനുഭവിച്ച ബ്രിട്ടീഷുകാരെ  മഹറുകള്‍ അനുഭവിച്ചത് "സഖ്യകക്ഷി"യും "രക്ഷകനു"മായിട്ടാണ്. അവസാനത്തെ ആംഗ്ലോ-മറാത്തായുദ്ധം ദളിത് അഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാകുന്നത് അതുകൊണ്ടാണ്.

ഇന്നു മഹാരാഷ്ട്രയില്‍ ദളിതരും ഹിന്ദുത്വഭീകരരും തമ്മില്‍ നടത്തുന്ന സായുധ സംഘര്‍ഷം, ആധുനിക ഇന്ത്യാചരിത്രത്തിലെ മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ പുറത്തുകൊണ്ടുവരുവാന്‍ പോവുകയാണ്. ബ്രിട്ടീഷ് കൊളോണിയലിസവും ഇന്ത്യയെന്ന ദേശ-രാഷ്ട്രവും തമ്മിലുള്ള ഏകമുഖ സമരത്തിന്റെ ചരിത്രമായിട്ടാണ്, 1800 മുതലുള്ള ഇന്ത്യാചരിത്രം പൊതുവെ അറിയപ്പെടുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേ ഇന്ത്യയുടെ പല ഭാഗങ്ങളില്‍, പല കാലങ്ങളില്‍ നടന്ന സമരങ്ങള്‍ ദേശീയ-സ്വാതന്ത്ര്യസമരങ്ങളായും സമകാലിക ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന എക "ദേശീയ പൈതൃക"മായും വ്യാഖ്യാനിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ വരവോടെ, ചെങ്കോലും കിരീടവും നഷ്ടപ്പെട്ട നാടുവാഴികളും രാജാക്കന്മാരും ജാതി വാഴ്ചയുടെ പുനഃസ്ഥാപനത്തിനു വേണ്ടി നടത്തിയ യുദ്ധങ്ങള്‍ പോലും സ്വാതന്ത്ര്യസമരങ്ങളായി ചരിത്രപുസ്തകങ്ങളില്‍ ഇടം പിടിച്ചു. 1857 ലെ രാജഭരണ-ജാതിരാജിന്റെ പുനഃസ്ഥാപനയുദ്ധം "ഒന്നാം സ്വാതന്ത്ര്യസമര"മായത് അങ്ങനെയാണ്. കേരളത്തിലെ പഴശ്ശിരാജ, വലിയ സ്വാതന്ത്ര്യയോദ്ധാവാകുന്നതും അങ്ങനെയാണ്. എന്നാല്‍, "വസ്തുനിഷ്ഠ"മെന്നു കരുതിപ്പോന്ന ഈ ചരിത്രാഖ്യാനമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

"ബാഹ്യകൊളോണിയലിസ"മായിരുന്ന ബ്രിട്ടീഷ് രാജിനെതിരായ സവര്‍ണ-ദേശീയപ്രസ്ഥാനം, മറ്റൊരു കൊളോണിയലിസത്തിനു കൂടി- "ആഭ്യന്തര ഹിന്ദു കൊളോണിയലിസ"(Internal Indian Colonialism)ത്തിനു-കൂടി ജന്മം നല്‍കിയെന്ന വസ്തുത ഈ ലേഖകന്‍ വളരെ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ("ശ്രീനാരായണ ധര്‍മം കേരളത്തിന്റെ യുവത്വമാണ്", ലേഖനപരമ്പര, മാധ്യമം ആഴ്ചപ്പതിപ്പ്, 2003). ബാഹ്യകൊളോണിയലിസത്തിന് എതിരെ സവര്‍ണ ദേശീയ പ്രസ്ഥാനം നടത്തിയ ഓരോ സമരവും ഇന്ത്യയിലെ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെ കൊളോണിയലിസ്റ്റുകള്‍ നടത്തിയ സമരമാണ്. 1947 ഓഗസ്റ്റ് 15 ന് സവര്‍ണ ദേശീയ പ്രസ്ഥാനത്തിനുണ്ടായ വിജയം, യഥാര്‍ത്ഥത്തില്‍, ദളിത്-പിന്നോക്കക്കാര്‍ക്കു മേല്‍ ഹിന്ദു കൊളോണിയലിസത്തിനുണ്ടായ വിജയമാണ്. അതിനാല്‍, 1947 ഓഗസ്റ്റ് 15 എന്ന തീയതി "ഇന്ത്യന്‍ ജനത"യുടെ "സ്വാതന്ത്ര്യദിന"മായി ആഘോഷിച്ചുവരുന്ന "പൈതൃകം" ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ദേശീയ പ്രസ്ഥാനമെന്ന പേരില്‍, സ്വാതന്ത്ര്യസമരമെന്ന പേരില്‍, ഇന്ത്യാക്കാര്‍ പഠിക്കുന്നത്, വാസ്തവത്തില്‍, അടിച്ചമര്‍ത്തപ്പെടുകയും അദൃശ്യമാക്കപ്പെടുകയും ചെയ്ത "ഹിന്ദു കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമര" ചരിത്രമാണ്. മഹാത്മ ഫൂലെയും അംബദ്ക്കറും നാരായണഗുരുവും അയ്യന്‍കാളിയും ഹിന്ദു കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ യോദ്ധാക്കളാണ്. സവര്‍ണാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഗൂഢാലോചനയാണ് ദേശീയ പ്രസ്ഥാനമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഹാത്മ ഫൂലെ ആയിരുന്നു. "ഭട്ടുമാരുടെ അടിച്ചമര്‍ത്തലില്‍ നിന്ന് ഇന്ത്യയിലെ അധസ്ഥിതരെ മോചിപ്പിക്കാന്‍ ദൈവം അയച്ചതാണ് ബ്രിട്ടീഷുകാ"രെന്ന ഫൂലെയുടെ വാക്കുകളാണ്, ഇന്ന് മഹാരാഷ്ട്രയിലെ ദളിതര്‍ ആഘോഷമാക്കുന്നത്.  ബ്രാഹ്മണ-പെഷ്‌വാരാജിന്റെ പരാജയം, ബ്രിട്ടീഷുകാരുടെ വിജയമല്ല, മറിച്ച്, ദളിത് ആത്മാഭിമാനത്തിന്റെ, ഹിന്ദു കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ, വിജയമാണ്. മഹാരാഷ്ട്രയിലെ ദളിത്-മറാത്താ സംഘര്‍ഷം ഒരര്‍ത്ഥത്തില്‍ ഈ ലേഖകന്‍ ആവിഷ്‌കരിച്ച "ഹിന്ദുകൊളോണിയലിസ"മെന്ന സങ്കല്പത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നത്.

ദളിതരും പിന്നോക്കക്കാരും സംഘടിക്കുകയും ഹിന്ദു കൊളോണിയലിസത്തിനെതിരെ "ആഭ്യന്തരയുദ്ധ"മാരംഭിക്കുകയും ചെയ്യുമ്പോള്‍, ജാതി രാഷ്ട്രീയമെന്ന ആക്ഷേപമുദ്ര കൊണ്ടാണ്, ഹിന്ദുത്വവാദികള്‍ അതിനെ നേരിടുന്നത്. ഹിന്ദുത്വവാദികളുടെ "മതരാഷ്ട്രീയം","പുരോഗമനപര"വും ദളിത്-പിന്നോക്കക്കാരുടെ "ജാതിരാഷ്ട്രീയം" "പ്രതിലോമകര"വുമെന്ന് വ്യാഖ്യാനിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിലെ യാഥാര്‍ത്ഥ്യമായ "ജാതി"യേയും ജാതീയനീതികളെയും അദൃശ്യവും ആഗോചരവുമാക്കിക്കൊണ്ടു മാത്രമെ, "ഹിന്ദു" എന്ന അയഥാര്‍ത്ഥവും അമൂര്‍ത്തവുമായ "സ്വത്വ"ത്തിനു നിലനില്‍ക്കാനാവൂ. എവിടെയൊക്കെ, ജാതികള്‍ ജാതികളായി തന്നെ സംഘടിക്കുന്നുവോ, അവിടെയൊക്കെ "അഖണ്ഡഹിന്ദുസ്വത്വം" ആന്തരികമായി പിളരുന്നു എന്നതാണ് സത്യം. "ഹിന്ദു"എന്ന അമൂര്‍ത്ത സ്വത്വമുദ്രകൊണ്ട് മറച്ചുവെയ്ക്കപ്പെടുന്ന ജാതിമുദ്രകള്‍, അവരുടെ ഹിന്ദുമുദ്ര വലിച്ചെറിയുകയെന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശവക്കുഴി തോണ്ടലാണ്. 1818 ലെ യുദ്ധത്തിന്റെ 200-ാം വാര്‍ഷികം "ദളിത് അഭിമാന"മായി ആഘോഷിക്കുന്നു എന്നതിനര്‍ത്ഥം, ജാതി രാഷ്ട്രീയത്തിന് കല്പിക്കപ്പെട്ടിരുന്ന "അസ്പൃശ്യത"യില്‍ നിന്ന് ദളിതര്‍ മോചിതരായിരിക്കുന്നു എന്നതാണ്.

"ജാതിരാഷ്ട്രീയ"മെന്നു പറഞ്ഞ് ഇനിയും ദലിത്- പിന്നോക്കമുന്നേറ്റങ്ങളെ അസാധുവാക്കാനാവില്ല. ഇന്ത്യയിലെ ഓരോ പിന്നോക്ക-ദളിത് ജാതിയും സവര്‍ണഹിന്ദുയിസത്തിനെതിരെ സംഘടിക്കുകയെന്നതിനര്‍ത്ഥം. "ഹിന്ദു"എന്ന സ്വത്വമുദ്ര, "അഭിമാന"മല്ല, "അപമാന"മാണെന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ്. ഇന്ത്യന്‍ ജനസംഖ്യയിലെ മഹാഭൂരിപക്ഷം വരുന്ന ദളിതരും പിന്നോക്ക ജാതികളും "ഹിന്ദു"മുദ്രയെ അപമാനവും ആക്ഷേപകരവുമായി കാണാന്‍ തുടങ്ങുന്നത്. ഹിന്ദുത്വത്തിന്റെ അ,പരിഹാര്യമായ നാശത്തിന്റെ സൂചനയാണ്. ദേശീയ സ്വാതന്ത്ര്യസമരത്താൽ പ്രതിരോധിക്കപ്പെടുകയും നീട്ടിവെയ്ക്കപ്പെടുകയും ചെയ്ത, ഹിന്ദുകൊളോണിയലിസത്തിനെതിരായ "ആഭ്യന്തയുദ്ധ"ത്തിന്റെ തുടക്കമാണ് മഹാരാഷ്ട്രയിലെ ദളിത് അഭിമാനാഘോഷം.