അമേരിക്കയുടെ യുദ്ധം ഏറ്റെടുത്ത ഞങ്ങള്‍ വിഡ്ഢികള്‍ : പാകിസ്ഥാന്‍

#

(04-01-18) : 57800 തവണയാണ് ഞങ്ങളുടെ മണ്ണില്‍ നിന്ന് നിങ്ങള്‍ അഫ്ഗാനിസ്ഥാന് എതിരേ ആക്രമണം നടത്തിയത്. നിങ്ങള്‍ നടത്തിയ യുദ്ധത്തില്‍ ഞങ്ങളുടെ ആയിരക്കണക്കിന് സൈനികരും സാധാരണപൗരന്മാരും ഇരകളായി. എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്തുവെന്ന്. വന്‍ സാമ്പത്തിക സഹായം കൈപ്പറ്റിയിട്ട് പാകിസ്ഥാന്‍ തങ്ങളെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ട്വീറ്റ് ചെയ്ത വാക്കുകളാണ് ഇത്. നുണയും ചതിയുമാണ് പാകിസ്ഥാന്റെ കയ്യിലിരുപ്പെന്ന ട്രംപിന്റെ ആക്ഷേപത്തോട് തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ പാക് വിദേശകാര്യമന്ത്രി പ്രതികരിച്ചു. വൈകാരികമായിരുന്നു പാക്മന്ത്രിയുടെ പ്രതികരണത്തിന്റെ രീതി. അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോപണം പാകിസ്ഥാന്‍ ജനതയെ രോഷാകുലരാക്കിയിട്ടുണ്ട്.

യു.എസ്സിനെ അന്ധമായി വിശ്വസിക്കരുതെന്ന് ചരിത്രം തങ്ങളെ പഠിപ്പിക്കുന്നുവെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കയ്ക്ക് പാകിസ്ഥാനോട് അസന്തുഷ്ടി ഉണ്ടെന്നതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും പക്ഷേ, ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും ക്വാജാ ആസിഫ് ട്വീറ്റ് ചെയ്തു. അമേരിക്കയ്ക്ക് വേണ്ടി ഭീകരവാദികളെ തെരയുക മാത്രമല്ല തങ്ങള്‍ ചെയ്തതെന്ന് ആസിഫ് ഓര്‍മ്മിപ്പിക്കുന്നു. സ്വകാര്യ സൈനിക കരാറുകാരുടെ സ്ഥാപനമായ ബ്ലാക് വാട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് തങ്ങള്‍ വിസ നല്‍കിയെന്നും ഇന്ന് കുപ്രസിദ്ധമായി കഴിഞ്ഞ ആ സ്ഥാപനത്തിന്റെ ആളുകള്‍ തങ്ങളുടെ രാജ്യത്തില്‍ ഉടനീളം വിന്യസിക്കപ്പെടാന്‍ അതിനു കാരണമായെന്നും ഓര്‍മ്മിപ്പിക്കുന്ന ആസിഫ്, അവരെ ഒഴിവാക്കിയെടുക്കാനുള്ള പരിശ്രമങ്ങളിലാണ് കഴിഞ്ഞ 4 വര്‍ഷമായി പാകിസ്ഥാന്‍ മുഴുകിയിരിക്കുന്നതെന്ന് പറഞ്ഞു. ഇനി അമേരിക്കയ്ക്കു വേണ്ടി വിഡ്ഢികളാകാന്‍ തങ്ങളെ കിട്ടില്ലെന്ന്, പാകിസ്ഥാന്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന ട്രംപിന്റെ ആക്ഷേപത്തിനുള്ള മറുപടിയായി ആസിഫ് പറഞ്ഞു.