ജിഗ്നേഷ് മെവാനിയെയും ഉമര്‍ഖാലിദിനെയും തടഞ്ഞു ; യോഗം നിരോധിച്ചു

#

മുംബൈ (04-01-18) : മഹാരാഷ്ട്രയില്‍ ദളിത് വിഭാഗത്തില്‍പെട്ടവര്‍ക്ക് എതിരേ മറാത്ത വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയ്ക്ക് സമീപം പാര്‍ലെയില്‍ യോഗം നടത്താന്‍ പോലീസ് അനുവദിച്ചില്ല. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ദളിത് നേതാവ് ജിഗ്നേഷ് മെവാനിയ്ക്കും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനേതാവ് ഉമര്‍ഖാലിദിനുമെതിരേ പോലീസ് കേസെടുത്തു. സമ്മേളനത്തിന്റെ സംഘാടകരെ അറസ്റ്റ് ചെയ്ത പോലീസ്, സ്ഥലത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ഛാത്രഭാരതി എന്ന വിദ്യാര്‍ത്ഥി സംഘടനയാണ് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് സമ്മിറ്റ് എന്ന പേരില്‍ യോഗം സംഘടിപ്പിച്ചത്. പോലീസ് അനുമതി ഇല്ലാതെ തന്നെ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച ഛാത്ര ഭാരതി പ്രസിഡന്റ് ദത്താ ധാഗെയെയും സംഘടനയുടെ മറ്റു ഭാരവാഹികളും അറസ്റ്റിലാണ്. തങ്ങളുടെ പരിപാടിയ്ക്ക് രാഷ്ട്രീയ സ്വഭാവമില്ലെന്നും ജിഗ്നേഷ് മെവാനിയും ഉമര്‍ ഖാലിദും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന വേദിയാണ് തങ്ങള്‍ സംഘടിപ്പിച്ചതെന്നും സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. പൂനയിലുണ്ടായ സംഘര്‍ഷവുമായി ജിഗ്നേഷ് മെവാനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.