അര്‍ദ്ധരാത്രിയില്‍ പോയിന്റ് പങ്കുവെച്ച് കൊല്‍ക്കത്തയും ഗോവയും

#

കൊല്‍ക്കത്ത (04-01-18) : അര്‍ദ്ധരാത്രിയിലേക്കു നീണ്ടുപോയ മത്സരത്തില്‍ ആതിഥേയരായ എ.ടി.കെയും സന്ദര്‍ശകരായ എഫ്.സി.ഗോവയും ഓരോ ഗോള്‍ വീതം അടിച്ചു സമനില പങ്കുവെച്ചു.  നാലാം മിനിറ്റില്‍ റോബി കീനിന്റെ ഗോളില്‍ എ.ടി.കെ തുടക്കം കുറിച്ചു. 24-ാം മിനിറ്റില്‍ കോറോയുടെ ഗോളില്‍ ഗോവ സമനില കണ്ടെത്തി. ഗോവയുടെ എഡു ബേഡിയയാണ് മാന്‍ ഓഫ് ദി മാച്ച്. ഗോള്‍ നേടിയതുപോലെ തന്നെ എ.ടി.കെ- ഗോവ മത്സരം ഫലത്തില്‍, കോറോ-റോബീ കീന്‍ പോരാട്ടം ആയി മാറി. അതേപോലെ എ.ടി.കെയുടെ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറും ഇന്നലെ ശ്രദ്ധേയനായി.

കളിയില്‍ 52 ശതമാനം മുന്‍തൂക്കം ഗോവ നേടി ഏഴ് കോര്‍ണറുകളും ഗോവയ്ക്കു ലഭിച്ചു. എ.ടി.കെയ്ക്കു രണ്ട് കോര്‍ണറുകള്‍ മാത്രമെ ലഭിച്ചുള്ളു. ഗോവയുടെ 12 ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റില്‍ വന്നപ്പോള്‍ മറുവശത്ത് ആറ് ഷോട്ടുകളാണ് ഓണ്‍ ടാര്‍ജറ്റില്‍ വന്നത്. എഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഗോവ 13 പോയിന്റോടെ നാലാം സ്ഥാനത്തെത്തി എ.ടി.കെ ഒന്‍പത്പോയിന്റോടെ ഏഴാം സ്ഥാനം തുടര്‍ന്നു.

രണ്ട് ദിവസം നീണ്ടു നിന്ന യാത്രയുടെ ക്ഷീണത്തില്‍ എത്തിയ ഗോവക്കെതിരെ നാലാം മിനിറ്റില്‍ തന്നെ എ.ടി.കെ ഗോള്‍ നേടി. ഗോവന്‍ ബോക്സിനു തൊട്ടുപുറത്ത് കിട്ടിയ ഫ്രീ കിക്ക് ഗോളായി മാറി കിക്കെടുത്ത റയന്‍ ടെയ്ലര്‍ തളികയില്‍ വെച്ചപോലെ നല്‍കിയ പന്ത് റോബി കീന്‍ ഹെഡ്ഡറിലൂടെ വല കുലുക്കി (10). ആറാം മിനിറ്റില്‍ ഗോവയ്ക്ക് ഗോള്‍ മടക്കാനുള്ള അവസരം മന്ദര്‍റാവു ദേശായിലൂടെ കൈവന്നു. എ.ടി.കെ ഗോളി മജുംദാര്‍ അല്‍പ്പം പതറിയെങ്കിലും ഭാഗ്യം ഗോവയെ അനുഗ്രഹിച്ചില്ല.

എ.ടി.കെ അന്‍വര്‍ അലിക്കു പകരം അശുതോഷ് മെഹ്തയെ കൊണ്ടുവന്നു. ഗോവ കാത്തിരുന്ന സമനില ഗോള്‍ 25-ാം മിനിറ്റില്‍ നേടിയെടുത്തു. ലാന്‍സറോട്ടി ഇട്ടുകൊടുത്ത ത്രൂ ബോളുമായി കുതിച്ച കൊറോമിനാസ് ഗോള്‍ കീപ്പറേയും അവസാന ശ്രമം നടത്തിയ പ്രബീര്‍ ദാസിനേയും മറികടന്നു വലയിലേക്ക് എത്തിച്ചു (11). കോറോയുടെ ഈ സീസണിലെ ഒന്‍പതാം ഗോള്‍ കൂടിയാണിത്.

ജനുവരിയുടെ അര്‍ദ്ധരാത്രിയിലെ കൊടും തണുപ്പിലേക്കു പരിസരം മാറിയെങ്കിലും കളിക്കാരുടെ ആവേശം മത്സരത്തിനു ചൂട് പകര്‍ന്നു. രണ്ടു ടീമുകളും പരുക്കന്‍ അടവുകളും പുറത്തെടുത്തതോടെ കളിയുടെ വീറും വാശിയും ഗ്രാഫില്‍ കുതിച്ചുയര്‍ന്നു. ആദ്യമിനിറ്റുകളില്‍ തന്നെ കോറോയും പ്രബീര്‍ ദാസും മഞ്ഞക്കാര്‍ഡ് വാങ്ങി.

പ്രബീര്‍ ദാസിന്റെ ഫൗളിനെ തുടര്‍ന്നു ഗോവയ്ക്കു ബോക്സിനു പുറത്തു കിട്ടിയ ഫ്രി കിക്കിനെ തുടര്‍ന്നു മന്ദര്‍റാവു ദേശായിയുടെ ഉശിരന്‍ ഷോട്ട് എ.ടി.കെ ഗോളി തടുത്തു. ഗോവയ്ക്കു വീണ്ടും അവസരം. ഇത്തവണ കോര്‍ണറില്‍ കോറോയില്‍ നിന്നും വന്ന വേഗതയേറിയ പാസില്‍ ബ്രാന്‍ഡന്‍ മാര്‍ക്ക് ചെയ്യാതെ നിന്ന കോറോയ്ക്കു തിരിച്ചു പന്ത് എത്തിക്കാന്‍ ശ്രമിക്കാതെ ഒറ്റയ്ക്കു ഗോള്‍ നേടാനുള്ള ശ്രമം മജുംദാര്‍ തടുത്തു. ആദ്യ പകുതിയില്‍ രണ്ടു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചുവെങ്കിലും എ.ടി.കെയുടെ ഗോള്‍ വലയം കാത്ത ദേബജിത് മജുംദാര്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ചു.

രണ്ടാം പകുതിയില്‍ എ.ടി.കെ പ്രബീര്‍ ദാസിനെ പിന്‍വലിച്ചു റൂപ്പര്‍ട്ടിനെ കൊണ്ടുവന്നു. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത പ്രതിരോധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് കളി ആരംഭിച്ചത്. ഗോവ പതിവ് ആക്രമണശേഷി വര്‍ദ്ധിപ്പിച്ചു ലീഡ് നേടാനുള്ള ശ്രമം തുടങ്ങി. 60-ാം മിനിറ്റില്‍ സെക്യൂഞ്ഞയുടെ 30 വാര അകലെ നിന്നുള്ള ലോങ് റേഞ്ചര്‍ ഗോവന്‍ ഗോളി കട്ടിമണി ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി രക്ഷപ്പെടുത്തി. തുടര്‍ന്നു വന്ന കോര്‍ണര്‍ കിക്കില്‍ കോണര്‍ തോമസിനു ബോക്സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ഗോളാക്കി മാറ്റാനായില്ല.

അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ ദേബജിത് മജുംദാറിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങളായി. കളി മുറുകിയതിനു അനുസരിച്ച് ടാക്ലിങ്ങും ശക്തമായി. ഇതോടെ എഡു ബെഡിയയും അലിയും മഞ്ഞക്കാര്‍ഡ് കണ്ടു. എ.ടി.കെ സെക്യൂഞ്ഞയ്ക്കു പകരം എന്‍ജാസി കുഗ്വിയും ഗോവയുടെ ലാന്‍സറോട്ടിക്കു പകരം മാനുവല്‍ അരാനയും നാരായണ്‍ ദാസിനു പകരം ചിങ്ലെന്‍സാനയും എത്തി. എന്നാല്‍ ഗോള്‍ മാത്രം രണ്ടാം പകുതിയില്‍ രണ്ടുകൂട്ടര്‍ക്കും നേടാനായില്ല. ആദ്യ പകുതിയില്‍ നേടിയ ഗോള്‍ കൊണ്ടു രണ്ടുകൂട്ടരും സംതൃപ്തരായി.

ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി എട്ട് മണിക്ക് ആരംഭിക്കേണ്ട മത്സരം രാത്രി 10.45ഓടെയാണ് ആരംഭിക്കാനായത്. ആദ്യം രാത്രി 9.15നും അതിനുശേഷം 10.15നും ആരംഭിക്കുമെന്നും അറിയിച്ചെങ്കിലും പിന്നെയും ആരംഭിക്കുവാന്‍ വൈകി. ഗോവന്‍ ടീം എത്താന്‍ വൈകിയതാണ് കാരണം. ചൊവ്വാഴ്ച രാത്രിയോടെ കൊല്‍ക്കത്തയില്‍ എത്തേണ്ടിയിരുന്ന ഗോവയില്‍ നിന്നുള്ള വിമാനം റദ്ദാക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്തു. അതിനുശേഷം ബുധനാഴ്ച രാവിലെ പുറപ്പെടുണ്ടേയിരുന്ന വിമാനം വൈകിട്ട് അഞ്ച് മണിയോടെയാണ് തിരിച്ചത്. ഇതോടെ കളിക്കാര്‍ രാത്രി ഒന്‍പത് മണിയോടെയാണ് കൊല്‍ക്കത്തയില്‍ എത്തിയത്. എറെനേരം വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഗോവന്‍ ടീം കാര്യമായ പരിശീലനം നടത്താതെയാണ് കളിക്കാനിറങ്ങിയത്. അതുകൊണ്ടു തന്നെ ഗോവന്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല.

കോച്ച് ടെഡിഷെറിങ്ഹാം കഴിഞ്ഞ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ച എ.ടി..കെ ടീമില്‍ നിന്നും ഒരു മാറ്റം വരുത്തി. അശുതോഷ് മെഹ്തയ്ക്കു പകരം കീഗന്‍ പെരേരയും എത്തി.