ആത്മാന്വേഷണത്തിന്റെ ചിത്രവഴികള്‍

#

തിരുവനന്തപുരം (04-01-18) : ചിത്രകലയെ ആത്മാന്വേഷണത്തിനുള്ള പാതയായി കണ്ടെത്തി  കലാ സപര്യയില്‍ രണ്ടു ദശകത്തിലേറെക്കാലമായി സമര്‍പ്പിത മനസ്സോടെ ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖനായ ചിത്രകാരനാണ് കൃഷ്ണ ജനാര്‍ദ്ദനന്‍. ഉന്മാദത്തിന്റെ അനിര്‍വ്വചനീയമായ തലങ്ങളിലേക്ക്, യാഥാര്‍ത്ഥ്യത്തിന്റെ വന്യതയിലേക്കുള്ള യാത്രയാണ് കൃഷ്ണയുടെ ചിത്രകലാ സപര്യ എന്ന് എം.എന്‍.വിജയന്‍ പറഞ്ഞിട്ടുണ്ട്. രണ്ട് ദശകത്തിലേറെ നീണ്ട കലാജീവിതത്തില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കൃഷ്ണ ഒറ്റയ്ക്കും കൂട്ടായും നിരവധി പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. കൃഷ്ണയുടെയും ചിത്രകാരിയായ ഡോ.ശ്രീകലയുടെയും ചിത്രങ്ങളുടെ പ്രദര്‍ശനം ഇപ്പോള്‍ തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറള്‍ സെന്ററില്‍ നടക്കുകയാണ്. ജനുവരി 1 ന് ആരംഭിച്ച പ്രദര്‍ശനം നാളെ (ജനുവരി 5) സമാപിക്കും.

"തുരുമ്പു പൂക്കുന്ന ഇടവഴികളിലൂടെ" എന്ന പേരിലാണ് കൃഷ്ണയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം. ഓര്‍മ്മകളായി നിലനില്‍ക്കുന്ന ഭൂതകാലത്തെ ആധാരമാക്കുന്ന കൃഷ്ണയുടെ രചനകള്‍, ആസ്വാദകരെ ഭൂതകാലത്തെക്കുറിച്ചുള്ള ആഴമേറിയ വിശകലനത്തിന് പ്രേരിപ്പിക്കുന്നു. പാരമ്പര്യത്തെ പകര്‍ത്തി വയ്ക്കുകയല്ല, തന്റേതായ രീതിയില്‍ പുതുക്കുകയാണ് കൃഷ്ണ ചെയ്യുന്നത്. അഹം, ആത്മം, യാനം എന്ന പരമ്പര സ്വന്തം അനുഭവങ്ങളെയും ഓര്‍മ്മകളെയും മുന്‍നിര്‍ത്തിയുള്ള ധ്യാനാത്മകവും അഗാധവുമായ ആത്മാന്വേഷണത്തിന്റെ ചിത്രങ്ങളാണ്.

കവി കൂടിയായ ഡോ.ശ്രീകലയുടെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് പഴയ വെളുപ്പാന്‍ കാലം എന്നാണ് പേരിട്ടിരിക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകതാനത, സംവേദന തീഷ്ണതയുള്ള ഒരു കലാകാരിയില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങള്‍ ശ്രീകലയുടെ ചിത്രങ്ങളില്‍ കാണാം. ശ്രീകലയുടെ ചെറുകവിതകളുടെ ചിത്രാവിഷ്‌കാരങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഗവ.ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ഡന്റെല്‍ സര്‍ജനാണ് ഡോ.ശ്രീകല.