കേരള ബ്ലാസ്റ്റേഴ്‌സ് - എഫ്.സി പൂനെ സിറ്റി പോരാട്ടം സമനിലയില്‍

#

കൊച്ചി (05-01-18) : ഐ.എസ്.എല്ലില്‍ പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴില്‍ അണിനിരന്ന കേരള ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷത്തില്‍ പുതിയ അധ്യായം കുറിച്ചു. കരുത്തരായ എഫ്.സി പൂനെ സിറ്റിയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ ഗോളടിച്ച് സമനില സ്വന്തമാക്കി. പൂനെ ഗോള്‍ മെഷീന്‍ മാഴ്സിലീഞ്ഞ്യോയിലൂടെ ആദ്യ പകുതിയില്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ മാര്‍ക്ക് സിഫിനിയോസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ സ്വന്തമാക്കി.

ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുടമ സിഫിനിയോസ് മാന്‍ ഓഫ് ദി മാച്ചായി. ഈ സമനിലയോടെ പൂനെ സിറ്റി ഒന്‍പത് മത്സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ഏഴാം മിനിറ്റില്‍ ആദ്യ സുവര്‍ണാവസരം പൂനെ സിറ്റിയ്ക്കു ലഭിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ പെനാല്‍ട്ടി ഏരിയ്ക്കു 30 വാര അകലെ നിന്നും വന്ന ഫ്രീ കിക്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിച്ചു അകത്തു കയറിയ പൂനെ സിറ്റിയ്ക്ക് ഈ അവസരം മുതലാക്കാനായില്ല.

പൂനെയ്ക്കു വീണ്ടും മറ്റൊരവസരം. മാഴ്സിലീഞ്ഞ്യോയുടെ ഷോട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സുബാഷിഷ് റോയ് ചൗധരിയുടെ കയ്യില്‍ നിന്നും പന്ത് വഴുതിയെങ്കിലും മാഴ്സിലീഞ്ഞ്യോ ഓടിയെത്തുന്നതിനു മുന്‍പ് സുബാഷിഷ് തന്നെ തട്ടിയകറ്റി. ഒന്നിനുപുറകെ ഒന്നൊന്നായി പൂനെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തു ആക്രമണം നടത്തിക്കൊണ്ടിരുന്നു. മിനിറ്റില്‍ ഫ്ളാഗ് കോര്‍ണറിനു സമീപത്തു കിട്ടിയ ഫ്രീ കിക്കില്‍ രൂപം കൊണ്ട അപകടമുഹൂര്‍ത്തം സുബാഷിഷ് കഷ്ടിച്ചു ഒഴിവാക്കി. അടുത്ത മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ ഫ്‌ളിക്കില്‍ ഗോള്‍ മുഖത്ത് എത്തിയ സിഫിനിയോസ് ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി. 30 മിനിറ്റ് പിന്നിടുമ്പോഴും പൂനെയുടെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിനെ പരീക്ഷിക്കാനുള്ള ഒരു ഷോട്ടും ബ്ലാസറ്റേഴ്സിന്റെ പക്കല്‍ നിന്നും വന്നില്ല. പൂനെയുടെ ഗോള്‍ മുഖത്ത് എത്തുമ്പോള്‍ തുടരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മിസ് പാസുകള്‍ വരുത്തിക്കൊണ്ടിരുന്നു.

പൂനെയുടെ മലയാളി താരം ആശിഖ് കരുണിയനും മാഴ്സിലീഞ്ഞ്യോയും കൂടി നടത്തിയ മുന്നേറ്റമാണ് ഗോളായി മാറിയത്. മാഴ്സിലീഞ്ഞ്യോ ആശിഖിനു നല്‍കിയ പന്ത് വീണ്ടും മാഴ്സിലീഞ്ഞ്യോയിലേക്ക്. വന്ന ഉടനെ ഇടംകാലിനടിയിലൂടെ മാഴ്സീലീഞ്ഞ്യോ രണ്ടാം പോസ്റ്റിനരികിലൂടെ വലയില്‍ എത്തിച്ചു (10). മാഴ്സിലീഞ്ഞ്യോയുടെ മൊത്തം ഗോളുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ഗോള്‍ മടക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം തുടരെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി അവസാനിച്ചു. ഓഫ് സൈഡ് കെണികള്‍ ഒരുക്കി പൂനെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഒന്നിനു പുറകെ ഒന്നൊന്നായി കുടുക്കിക്കൊണ്ടിരുന്നു. പെക്കൂസനില്‍ നിന്നും വന്ന പന്ത് ഇയാന്‍ ഹ്യൂം എടുക്കുമ്പോള്‍ ഓഫ് സൈഡ് കൊടി ഉയര്‍ന്നു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനു വീണ്ടും അവസരം. ഇടത്തെ വിംഗില്‍ നിന്നും ഉയര്‍ത്തിക്കൊടുത്ത പന്ത് ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് വിശാല്‍ കെയ്ത്ത് തടുത്തു. റീ ബൗണ്ടില്‍ ഹ്യൂം അടുത്ത ഷോട്ടിനു കുതിച്ചെങ്കിലും വീണ്ടും ഓഫ് സൈഡ് കൊടി ഉയര്‍ന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പൂനെ ഗോള്‍ മുഖത്തിനു വലതു വശത്തു വശത്ത് റിനോ ആന്റോ എടുത്ത ഫ്രീ കിക്ക് ഇയാന്‍ ഹ്യൂമിന്റെ ശ്രമം പൂനെയുടെ സാര്‍തക് ഗോലു ബ്ലോക്ക് ചെയ്തു തടഞ്ഞു.

ആദ്യ പകുതിയില്‍ പൂനെക്ക് എട്ട് കോര്‍ണറുകള്‍ ലഭിച്ചു. ബ്ലാസ്റ്റേഴ്‌സിനു കേവലം ഒരു കോര്‍ണറും. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പുതുമുഖ താരം ഉഗാണ്ടയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ കിസിതോ കെസിറോണിനെ പകരക്കാരനായി കൊണ്ടുവന്നു. കെനിയന്‍ ലീഗില്‍ കളിച്ച 19 കാരന്‍ കിസിതോ ബെര്‍ബറ്റോവിനു പകരക്കാരനായിട്ടാണ് ആദ്യ ചുവട് വെച്ചത്. കിസിതോ വന്നതെടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക്  ജീവന്‍വെച്ചു. കിസിതോ വന്ന ഉടനെ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച ഊര്‍ജ്ജംഗോളായി മാറി. കിസിതോയില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച പെക്കുസന്റെ സോളോ ആക്രമണവും തുടര്‍ന്നു പെക്കൂസന്റെ ബോക്സിനകത്തേക്കു നല്‍കിയ കട്ട് ബാക്ക് ഓടി വന്ന മാര്‍ക്ക് സിഫിനിയോസ് കൃത്യമായി വലയിലേക്കു നിറയൊഴിച്ചു. ഐ.എസ്.എല്‍ നാലാം സീസണിലെ 100 ഗോളും സിഫിനിയോസിന്റെ പേരില്‍ കുറിച്ചു.

അവസാന മിനിറ്റുകളിലേക്കു നീങ്ങിയതോടെ റിനോ ആന്റോ പരുക്കിനെ തുടര്‍ന്നു പിന്മാറി. പകരം ശദാപും പൂനെ ആശിഖിനു പകരം ജൂവല്‍ രാജയെയും ഇറക്കി. എണ്‍പത്തിയെട്ടാം മിനിറ്റില്‍ കറേജ് പെക്കൂസന്‍ ഗോളിനു തൊട്ടടുത്ത് എത്തി. ബോക്സിനകത്തുകയറി തൊടുത്തുവിട്ട ഷോട്ട് സാര്‍തകിന്റെ മുഖത്തു തട്ടി റീബൗണ്ടായി. അതേ വേഗതയില്‍ പെക്കുസന്‍ എടുത്ത ഷോട്ട് ഇഞ്ച് വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ കര്‍പ്പറ്റ് ഡ്രൈവ് പൂനെ ഗോളി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടു.

ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍ കീപ്പറും ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വിതാരവുമായ ഡേവിഡ് ജെയിംസിന്റ വരവ് ആവേശകരമായി കിങ് ഡി ജെ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡേവിഡ് ജെയിംസിന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ബെംഗളുരുവിനെതിരെ 1-3 ന് തോറ്റ ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ വരുത്തി. നാല് മത്സരത്തിനെത്തുടര്‍ന്നു ഒരു മത്സരത്തിന്റെ സസ്പെന്‍ഷന്‍ കിട്ടിയ പെസിച്ചിനെയും സാമുവല്‍ ശദാപിനെയും ഒഴിവാക്കി. പകരം ദിമിതാര്‍ ബെര്‍ബറ്റോവും റിനോ ആന്റോയും ടീമില്‍ തിരിച്ചെത്തി. മൂന്നു മത്സരത്തിനു ശേഷമാണ് ബെര്‍ബറ്റോവ് ഇറങ്ങിയത്. പെസിച്ചിന്റെ ഒഴിവില്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ വെസ്ബ്രൗണിനായിരുന്നു ഡ്യൂട്ടി. മറുവശത്ത് പൂനെ സിറ്റി കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ അതേ ടീമിനെ തന്നെ ഇറക്കി. ബ്ലാസ്റ്റേഴ്‌സിന്റെ വെസ്ബ്രൗണിനും പൂനെയുടെ മാര്‍ക്കോസ് ടെബാറിനും മാഴ്സിലീഞ്ഞ്യോക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതില്‍ മാഴ്സിലീഞ്ഞ്യോയ്ക്ക് തുടര്‍ച്ചയായ നാലാം മഞ്ഞക്കര്‍ഡിനെ തുടര്‍ന്നു അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഇനി എവേ മത്സരത്തില്‍ 10നു ഡല്‍ഹി ഡൈനാമോസിനെയും പുനെ 13നു എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയേയും നേരിടും.