ജാംഷെഡ്പൂരിന്റെ പ്രതിരോധനത്തിനു മുംബൈ സിറ്റിയുടെ വെല്ലുവിളി

#

ജാംഷെഡ്പൂര്‍ (05-01-18) : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഈ സീസണിലെ ഏറ്റവും കടുപ്പമേറിയ പ്രതിരോധനിരയുമായി എത്തിയ ജാംഷെ്ഡപൂര്‍ എഫ്.സി. ഇന്ന് ജെ.ആര്‍.ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സിലെ ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രണ്ട് പരിശീലകരുടെ മാറ്റുരയ്ക്കല്‍ ആയി ഈ മത്സരത്തിനെ വിലയിരുത്തുന്നു. തന്ത്രങ്ങളുടെ ആശാനായ സ്റ്റീവ് കോപ്പലും എതിരാളികള്‍ക്കു മുന്നില്‍ ഗോള്‍ പോസ്റ്റ് കൊട്ടിയടക്കുന്ന കാര്യത്തില്‍ മുന്‍തൂക്കം കൊടുക്കുന്ന മുംബൈയുടെ കോസ്റ്ററിക്കന്‍ കോച്ച് അലക്സാന്ദ്രെ ഗുയ്മറെസും അണിനിരത്തുന്ന ടീമുകള്‍ തമ്മിലുള്ള മത്സരത്തിനെ ഫുട്ബോള്‍ ലോകം വളരെ ആകാക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ മൂംബൈ സിറ്റിയെ ഒന്നാമതായി എത്തിക്കുന്നതില്‍ ഗുയ്മറെസ് വഹിച്ച പങ്കാണ് അദ്ദേഹത്തിനെ മുംബൈ സിറ്റി ഈ സീസണിലും നിലനിര്‍ത്താന്‍ കാരണം. ഈ സീസണില്‍ സ്ഥാനം നിലനിര്‍ത്തിയ ഏകപരിശീലകനും ഗുയ്മറെസ് മാത്രം. കഴിഞ്ഞ സീസണില്‍ കേവലം എട്ട് ഗോളുകള്‍ മാത്രമെ മുംബൈ വഴങ്ങിയിട്ടുള്ളു. എന്നാല്‍ ഇത്തവണ എട്ട് മത്സരങ്ങളില്‍ നിന്നും 11ഗോളുകള്‍ നേടുകയും ഏഴ് ഗോളുകള്‍ വഴങ്ങുകയും ചെയ്തു. നാല് ജയവും ഒരു സമനിലയും മൂന്നു തോല്‍വിയുമായി 13 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് മുംബൈ.

കഴിഞ്ഞ സീസണില്‍ മുംബൈ നടപ്പാക്കിയ അതേ പദ്ധതിയാണ് ഇത്തവണ ജാംഷെ്ഡ്പൂര്‍ നടപ്പാക്കിയിരിക്കുന്നത്. ഏഴ് മത്സരങ്ങളില്‍ രണ്ട് ഗോളടിച്ചു കേവലം രണ്ട് ഗോള്‍ മാത്രം വഴങ്ങി. ഒന്‍പത് പോയിന്റുമായി മുംബൈയുടെ തൊട്ടുപിന്നിലാണ് ജാംഷെഡ്പൂര്‍.ഈ സീസണില്‍ എറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് ജാംഷെഡ്പൂര്‍ പക്ഷേ,കോച്ച് സറ്റീവ് കോപ്പല്‍ ഈ കണക്കുകളില്‍ ആശങ്കയിലാണ്.

ഞങ്ങള്‍ക്ക് കൂടുതല്‍ ഗോളുകള്‍ അടിക്കാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കളികാണാനെത്തുന്ന ഓരോ ആരാധകനും ഞങ്ങളുടെ ടീം ഗോള്‍ നേടാന്‍ കഴിയാത്തതില്‍ നിരാശരാണെന്നു എനിക്കറിയാം. എന്നാല്‍ ഇനി ഇത് സംഭവിക്കില്ല. ഞങ്ങളെ സംബന്ധിച്ചു ഇപ്പോള്‍ ഗോളടിക്കുന്നതിനാണ് മുന്‍ഗണന. നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ ടീമിന്റെ പ്രതിരോധത്തിനെ വാഴ്ത്തുകയും ബഹുമാനിക്കുയും ചെയ്യുന്നു. ഞങ്ങള്‍ കരുത്തരാണ്. ഞങ്ങള്‍ക്ക് ഇനിയും ബാലന്‍സ് കണ്ടെത്തേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും തോല്‍വി ഒന്നും കൂടാതെ കരുത്തരായി മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു. അതിനുള്ള ഇച്ഛാശക്തി കൈവശമുണ്ട്. എല്ലാം ത്യജിക്കാന്‍ സന്നദ്ധരായ കളിക്കാരും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

ജെ.ആര്‍.ഡി ടാറ്റ കോംപ്ലക്സിലെ ഗ്രൗണ്ടിന്റെ നിലവാരത്തെക്കുറിച്ചു കോപ്പല്‍ ഒരിക്കലും ഉത്കണ്ഠാകുലനല്ല. ഗ്രൗണ്ടിന്റെ ഉയര്‍ച്ച താഴ്ചകളെയും ഇടയ്ക്കിടെയുള്ള പാച്ചുകളെയും കുറിച്ച് നിരവധി ആക്ഷപങ്ങള്‍ ഇതിനകം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആക്ഷേപങ്ങള്‍ സ്റ്റീവ്കോപ്പല്‍ തള്ളിക്കളഞ്ഞു. പിച്ച് എന്നും പിച്ച് തന്നെയാണ്. പെട്ടെന്ന് ഒന്നും അത് മാറുവാന്‍ പോകുന്നില്ല ഞങ്ങള്‍ എന്തു പ്രതലത്തിലും കളിക്കാന്‍ തയ്യാറാണ് കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ജാംഷെ്ഡ്പൂരിനെ മികച്ച ടീമെന്ന നിലയില്‍ ഒരുക്കിയെടുക്കുവാന്‍ കഴിഞ്ഞതിനെ മുംബൈ കോച്ച് അലക്സാന്ദ്ര ഗുയ്മറെസ് പ്രത്യേകം അനുമോദിച്ചു. അതോടൊപ്പം സ്വന്തം ടീമിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. പന്ത് തിരികെ പിടിച്ചെടുക്കുന്നതില്‍ വളരെ അധ്വാനം നടത്തിയിട്ടുണ്ട്. ഇനി പ്രതിരോധത്തിലെ വിള്ളലുകളും അടക്കേണ്ടതുണ്ട്. മത്സരത്തിനിടെ സംഭവിക്കുന്ന വിള്ളലുകള്‍ കണ്ടെത്തി മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമല്ല. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ അതിനു കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ ഗുണം ഞങ്ങള്‍ക്കു നേടിയെടുക്കാനും കഴിഞ്ഞു. ഇത്തരം ഗെയിമുകളാണ് വളരെ പ്രധാനം. അലക്സാന്ദ്രെ ഗുയ്മറെസ് പറഞ്ഞു.

ടീമിന്റെ പടക്കുതിരയായ അക്കീല എമാനയെ തളക്കാനുള്ള പ്രധാന ശ്രമം ജാംഷെഡ്പൂരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു ഗുയ്മറെസിനു നല്ല ബോധ്യമുണ്ട്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ എമാന ഒരു ഗോള്‍ നേടുകയും നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. മറ്റു കളിക്കാര്‍ക്ക് പന്ത് എത്തിച്ചു കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന കളിക്കാരനാണ്എമാന. 304 പാസുകളും 406 ടച്ചുകളും ഇതിനകം എമാനയുടെ പേരിലുണ്ട്. എമാനയും മുംബൈയുടെ ടോപ് സ്‌കോറര്‍ ബല്‍വന്ത് സിംഗും (അഞ്ച് ഗോളുകള്‍)എതിരാളികള്‍ക്കെതിരെ അവരുടെ എറ്റവും മികച്ച ഫോമിലാണ്.

നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും കേരള ബ്ലാസ്റ്റേഴ്സിനോടും ഗോള്‍രഹിത സമനിലയോടെ ഐ.എസ്.എല്‍ സീസണ്‍ ആരംഭിച്ച ജാംഷെഡ്പൂര്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഹോം ഗ്രൗണ്ടില്‍ പൂനെ സിറ്റിയോട് 0-1നു തോറ്റു. ബെംഗളുരുവിനെതിരെ എവേ മത്സരത്തില്‍ 1-0നു ജയിച്ചു. എന്നാല്‍ വീണ്ടും ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സിയോട് 0-1നു തോറ്റു. ജാംഷെ്ഡപൂരിന്റെ ഇതുവരെയുള്ള രണ്ടു തോല്‍വികളും ഹോം ഗ്രൗണ്ടിലാണ്, ഇതാണ് ജാംഷെ്ഡ്പൂര്‍ ഇന്ന് ഭയക്കുന്നതും.

മുംബൈ സിറ്റി എഫ്.സി ഹോം ഗ്രൗണ്ടില്‍ 0-1നു എ.ടി.കെയോട് തോറ്റതിനു ശേഷം എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ 2-0നെ തോല്‍പ്പിച്ചിരുന്നു. എറ്റവും ഒടുവില്‍ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹിയെ 4-0നു തകര്‍ത്ത ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി എഫ്.സി ഇന്ന് ജാംഷെഡ്പൂരിനെ നേരിടാനിറങ്ങുന്നത്.