ദളിതര്‍ക്കെതിരായ ആക്രമണം ; മോദിയുടെ മൗനത്തെ വിമര്‍ശിച്ച് ജിഗ്നേഷ് മെവാനി

#

ന്യൂഡല്‍ഹി (05-01-18) : താന്‍ ഭീമ കൊരേഗാവ് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ലെന്ന്  ജിഗ്നേഷ് മെവാനി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി സൃഷ്ടിച്ച നിരാശ മൂലം ബി.ജെ.പി തനിക്കെതിരേ തിരിയുകയാണെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ജിഗ്നേഷ് മെവാനി പറഞ്ഞു. പ്രകോപനപരമായ പ്രസംഗം നടത്തി എന്ന പേരില്‍ തനിക്കെതിരേ ചുമത്തിയിരിക്കുന്ന കേസ് വ്യാജമാണ്. താന്‍ അങ്ങനെയൊരു പ്രസംഗം നടത്തുകയോ ഭീമ കൊരേഗാവില്‍ പോവുകയോ ചെയ്തിട്ടില്ല. ദളിതര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ഏതൊരാളും ആക്രമിക്കപ്പെടുകയാണെന്ന് മെവാനി പറഞ്ഞു.

ദളിത് പീഡനം തുടരുകയാണെങ്കില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാകും മോദിക്ക് നല്‍കുക എന്ന് മെവാനി മുന്നറിയിപ്പ് നല്‍കി. ജനുവരി 9ന് ഡല്‍ഹിയില്‍ യുവ ഹുങ്കാര്‍ റാലി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റാലിയില്‍ പങ്കെടുക്കുന്നവര്‍ ഒരു കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ മനുസ്മൃതിയുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യും.