പ്രകോപനവുമായി ആദിത്യനാഥ് സര്‍ക്കാര്‍ : യുപിയില്‍ ഹജ്ജ് ഹൗസിന് കാവിനിറം

#

ലക്‌നൗ (05-01-18) : മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ തീര്‍ത്ഥാടകര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന ലക്‌നൗവിലെ ഹജ്ജ് ഹൗസിന്റെ മതിലിന് കാവി പെയിന്റടിച്ചു. പച്ചയും വെള്ളവും നിറങ്ങളായിരുന്നു മതിലിനു മുമ്പ് അടിച്ചിരുന്നത്. മതവികാരങ്ങളെ ബോധപൂര്‍വ്വം വ്രണപ്പെടുത്താനുള്ള ഈ നീക്കത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികളും മുസ്ലീം സംഘടനകളും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം കാവിനിറം വ്യാപിക്കുക എന്നത് ഒരു അജണ്ടയായി തന്നെ യോഗി ആദിത്യനാഥ് സ്വീകരിച്ചിരിക്കുകയാണെന്ന് വേണം കരുതാന്‍. ആദ്യം മുഖ്യമന്ത്രി കാവി പെയിന്റ് അടിച്ചത് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്‍ എന്ന സ്വന്തം ഓഫീസിനാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ മന്ത്രാലയങ്ങളും പുറത്തിറക്കിയ ലഘുലേഖകളിലും പോസ്റ്ററുകളിലുമെല്ലാം കാവിയുടെ  ആധിക്യം കാണാം. ഔദ്യോഗിക ചടങ്ങുകളിലും കോണ്‍ഫറന്‍സുകളിലും കസേരകളില്‍ വിരിക്കുന്ന ടവ്വലുകള്‍ വരെ കാവി നിറത്തിലുള്ളവയാണ്.

സംസ്ഥാനത്തെ മദ്രസകളില്‍ നല്‍കുന്ന അവധികളില്‍ മുസ്ലീം വിശേഷദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ഹിന്ദു വിശേഷദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന ഉത്തരവിന് പിന്നാലെയാണ് ഹജ്ജ് ഹൗസിന്റെ മതിലിന് കാവി പെയിന്റടിച്ചത്.