ഉത്തരകൊറിയയുടെ മിസൈല്‍ ലക്ഷ്യം തെറ്റി ; പതിച്ചത് സ്വന്തം നഗരത്തില്‍

#

(05-01-18) : വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെ ലക്ഷ്യം തെറ്റി ഒരു ഉത്തരകൊറിയന്‍ മിസൈല്‍, തലസ്ഥാനമായ പ്യോംഗ്യാങിന് 90 മൈല്‍ വടക്കുള്ള ടോക്‌ചോൻ നഗരത്തില്‍ പതിച്ചതായി യു.എസ് ഇന്റലിജെന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഒരു യു.എസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 28 ന് വിക്ഷേപിക്കപ്പെട്ട മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഭ്രമണപഥത്തില്‍ വെച്ച് ഇല്ലാതായി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഈ മിസൈല്‍ ടോക്‌ചോൻ നഗരത്തില്‍ പതിച്ചതായാണ് യു.എസ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. 2 ലക്ഷത്തോളം ജനസംഖ്യയുള്ള ടോക്‌ചോൻ നഗരത്തിലെ വ്യവസായിക-കാര്‍ഷിക മേഖലകളില്‍ വന്‍ നാശനഷ്ടം വരുത്തിക്കൊണ്ടാണ് മിസൈല്‍ പതിച്ചതെന്ന് ഡിപ്ലൊമാറ്റ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിസൈല്‍ വിക്ഷേപിക്കപ്പെട്ട് ഒരു മിനിട്ടിലേറെ സഞ്ചരിച്ചിട്ടില്ലെന്നാണ് യു.എസ് ഇന്റെലിജെന്‍സിന്റെ നിഗമനം. 43 മൈലില്‍ കൂടുതല്‍ ഉയരത്തിലേക്ക് മിസൈല്‍ പോയിട്ടില്ല. മിസൈല്‍ പതനം മൂലം ആളപയാമുണ്ടായിട്ടുണ്ടോ എന്നറിയില്ല. ഉത്തരകൊറിയയുമായി അതിരു പങ്കിടുന്ന ജപ്പാന്റെ പ്രധാനമന്ത്രി, രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാഭീഷണിയാണ് ഉത്തരകൊറിയയില്‍ നിന്നുള്ള അനാവശ്യമായ പ്രകോപനങ്ങള്‍ മൂലം തന്റെ രാജ്യം നേരിടുന്നതെന്ന് പ്രസ്താവിച്ചതിനു പിന്നാലെയാണ് മിസൈല്‍ തകര്‍ന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.