വിജയ വഴിയിലെത്താന്‍ പുതിയ പരിശീലകനു കീഴില്‍ നോര്‍ത്ത് ഈസ്റ്റ്

#

ഗുവഹാട്ടി (06-01-18 ) : ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് പുതിയ പരിശീലകനുമായി സ്വന്തം ഗ്രൗണ്ടില്‍  ഇന്ന് എഫ്.സി. ഗോവയെ നേരിടും. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി എഫ്.സിയുടെ മുന്‍ മാനേജര്‍ അവറാം ഗ്രാന്റിന്റെ കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തഴക്കവും പഴക്കവുമുള്ള ഗ്രാന്റ് 2008ല്‍ ചെല്‍സിയെ യുവേഫ കപ്പിന്റെ ഫൈനല്‍ വരെ എത്തിച്ചിരുന്നു.

ഈ സീസണില്‍ മോശം തുടക്കമാണ് നോര്‍ത്ത് ഈസ്റ്റിനു നടത്തുവാന്‍ കഴിഞ്ഞത്. ഏഴ് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് നേരിട്ട വന്‍ തോല്‍വിയെ തുടര്‍ന്നു (05) ജോവോ കാര്‍ലോസ് പിറെസ് രാജിവെച്ചു പോയ സ്ഥിതിയിലാണ് അവ്റാം ഗ്രാന്റ് ടീമിന്റെ ചുമതല എറ്റെടുത്തിരിക്കുന്നത്.

പുതിയ ടെക്നിക്കല്‍ അഡൈ്വസര്‍ എത്തിയതോടെ ഡ്രസിങ്ങ് റൂമില്‍ ടീമിന്റെ മൂഡ് തന്നെ പാടെ മാറിയിരിക്കുന്നു. കുട്ടികള്‍ നാളെ നടക്കുവാന്‍ പോകുന്ന മത്സരത്തിനു ഒരുങ്ങിക്കഴിഞ്ഞു. ടീമിന്റെ ഗോള്‍ കീപ്പിങ്ങ് പരിശീലകന്‍ ജോസ്ഫ് സിഡ്ഡി ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിനു ഇനി തുടര്‍ച്ചായ മൂന്നു ഹോം മാച്ചുകളാണ് മുന്നിലുള്ളത്. ഗോവക്കെതിരായ മത്സരത്തിനു ശേഷം 12 നു എ.ടി.കെയെയും 19 നു ചെന്നൈയിനെയും നേരിടും.

പുതിയ സാങ്കേതിക ഉപദേശകന്റെ സാന്നിധ്യത്തില്‍ ഹോം ഗ്രൗണ്ടില്‍ തന്നെ അടുത്ത മൂന്നു മത്സരങ്ങളും കളിക്കാന്‍ കഴിയുന്നത് സഹായമാകും. അദ്ദേഹത്തിന്റെ പരിചയസമ്പത്തും പരിശീലന രീതികളും ടീമിനെ ഉത്തേജിപ്പിക്കുന്നതും അതേപോലെ ആത്മവിശ്വാസം നല്‍കുന്നതുമാണ്. വരുന്ന മത്സരങ്ങളില്‍ ഇത് ഏറെ ആത്മവിശ്വാസം നല്‍കും സിഡ്ഡി പറഞ്ഞു.

എന്തായാലും ഗോവയ്ക്ക്  ഇതത്ര എളുപ്പമുള്ള മത്സരം ആകില്ലെന്നുറപ്പ്. ഹോം ഗ്രൗണ്ടില്‍ എ.ടി.കെയുമായി 1-1നു സമനില പിടിച്ച ശേഷമാണ് ഗോവ ജാംഷെഡ്പൂരില്‍ എത്തുന്നത്. എഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഗോവ 13 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ഗോവയ്ക്ക് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ഇടം പിടിക്കാനാകും.

എല്ലാ ടീമുകളും വളരെ സംതുലിതമാണ്. ഏകദേശം ഒരേപോലെ. ഓരോ ഗെയിമിലും കാണിക്കുന്ന ചെറിയ എറ്റക്കുറച്ചിലുകളാണ് ടീമുകള്‍ തമ്മിലുള്ള വ്യത്യാസത്തിനു കാരണം. ഗോവയുടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറ പറഞ്ഞു. എതിരാളികളെ കുറച്ചു കാണുവാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗോവയുടെ വിജയസാധ്യതകള്‍ പ്രധാനമായും ടീമിന്റെ സ്പാനീഷ് സ്ട്രൈക്കര്‍ ഫെറാന്‍ കോറോമിനാസിന്റെ പ്രകടനത്തിനെ ആശ്രയിച്ചാണ്. ഒന്‍പത് ഗോളുകളുമായി കോറോ തന്നെയാണ് ഈ സീസണില്‍ ഗോളടയില്‍ മുന്നില്‍ നില്‍ക്കുന്നത്. കോറോയെ സ്പെഷ്യല്‍ താരമായി കോച്ച് വിലയിരുത്തുന്നുണ്ടെങ്കിലും ടീമിന്റെ മൊത്തം ശക്തിയാണ് മത്സരത്തിന്റെ വിധിയെഴുതുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോറോ വളരെ നല്ല കളിക്കാരനാണ്. അദ്ദേഹത്തിനു വളരെ വലുതായ പരിചയസമ്പത്തും ഉണ്ട്. അദ്ദേഹത്തിന്റെ പ്രകടത്തില്‍ ഞാന്‍ എറെ ആഹ്ലാദവാനാണ്. ഞാന്‍ പരിശീലിപ്പിച്ച കളിക്കാരില്‍ എറ്റവും മികച്ച കളിക്കാരനുമാണ് കോറോ. കളിക്കളത്തില്‍ മാത്രമല്ല കളിക്കളത്തിനു പുറത്തും അദ്ദേഹം മികച്ച താരമാണ്. ടീമിനെ ഒറ്റക്കെട്ടായി അണിനിരത്തുന്നതില്‍ അദ്ദേഹം എറെ ശ്രദ്ധിക്കുന്നു. വ്യക്തിപരമായി മാത്രമല്ല ടീം അംഗം എന്ന നിലയിലും കോറോയുടെ പങ്ക് വലുതാണ്. ലൊബേറ പറഞ്ഞു.