വിവാഹേതര ബന്ധത്തില്‍ പുരുഷനും സ്ത്രീക്കും തുല്യ നീതി : കേസ് സുപ്രീം കോടതിയില്‍

#

ന്യൂഡല്‍ഹി (06-01-18) : വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ കുറ്റവാളിയും സ്ത്രീ നിരപരാധിയുമാകുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച്, പ്രസക്തമായ വ്യവസ്ഥകളില്‍ അഞ്ചംഗ ബഞ്ചിന്റെ പുനഃപരിശോധന ആവശ്യമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 497 നെ 1954 ല്‍ സുപ്രീംകോടതിയിലെ നാലംഗ ബഞ്ച് സാധൂകരിച്ചത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അനുവാദം നല്‍കുന്നുവെന്ന കാരണത്താലാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരാകുന്ന അഡ്വ.കാളീശ്വരം രാജ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 15(3) പ്രകാരം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടിയുള്ള നിയമത്തിന്റെ പരിധിയില്‍, പങ്കാളിയായ പുരുഷന്‍ കുറ്റവാളിയാകുന്ന ഒരു കൃത്യത്തില്‍ നിന്ന് സ്ത്രീയെ ഒഴിവാക്കുന്നത് വരുമോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നതായി സുപ്രീംകോടതി 3 അംഗ ബഞ്ച് അഭിപ്രായപ്പെട്ടു.

1954 ല്‍ നാലംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയുടെ സാധ്യത പരിശോധിക്കുന്നതിനാലാണ് സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന് കേസ് റഫര്‍ ചെയ്തത്. എന്നാല്‍ സുപ്രീംകോടതി വെബ്‌സൈറ്റില്‍ പറയുന്നത് 1954 ല്‍ വിധി പ്രസ്താവിച്ചത് 5 അംഗ ബഞ്ച് ആണെന്നാണ്. അങ്ങനെയാണെങ്കില്‍ കേസ് പരിഗണിക്കേണ്ടിയിരിക്കുന്ന അഞ്ചംഗ ബഞ്ച് കേസ് ഏഴംഗ ബഞ്ചിനു റഫര്‍ ചെയ്യേണ്ടിവരും. ഒരു അഞ്ചംഗ ബഞ്ചിന്റെ വിധി മറ്റൊരു അഞ്ചംഗ ബഞ്ചിന് പുനഃപരിശോധിക്കാന്‍ അധികാരമില്ല.