പ്രണയം, ലൈംഗികത, കമ്മ്യൂണിസം വി.ടി.ബല്‍റാമും

#

(06-01-18) : എ.കെ.ജിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട ലൈംഗിക അപവാദങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളോട് പ്രതികരിച്ച് ബല്‍റാം പോസ്റ്റ് ചെയ്ത കമന്റാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കമന്റിന് വിശദീകരണം നല്‍കി ബല്‍റാം പോസ്റ്റ് ചെയ്ത കുറിപ്പ് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. "ബാലപീഡനം നടത്തിയ കമ്മി നേതാവ്" എന്ന് എ.കെ.ജിയെ കുറിച്ച് ബല്‍റാം നടത്തിയ പരാമര്‍ശം രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധത്തിന് കാരണമായി. എ.കെ.ജിയും ഭാര്യ സുശീലയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി, ചെറിയ കുട്ടിയായിരുന്ന സുശീലയുമായി എ.കെ.ജിയ്ക്കുണ്ടായ ബന്ധത്തെ വിമര്‍ശന വിധേയമാക്കുകയായിരുന്നു ബല്‍റാം. രാഷ്ട്രീയത്തിന് അതീതമായ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ബല്‍റാം നേരിടുന്നത്. ആദ്യം പോസ്റ്റ് ചെയ്ത കമന്റിലെ കമ്മി, ബാലപീഡനം എന്നീ പരാമര്‍ശങ്ങള്‍ എ.കെ.ജിയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍ രോഷവും പ്രതിഷേധവും സൃഷ്ടിച്ചതില്‍ അത്ഭുതമില്ല. പക്ഷേ, ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പക്വതയോടെ സമീപിക്കാനും ചര്‍ച്ച ചെയ്യാനുള്ള പ്രാപ്തി നമ്മുടെ സമൂഹത്തിന് ഇനിയും കൈവന്നിട്ടില്ല എന്ന് തെളിയിക്കുന്നതു കൂടിയായി ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മേലുള്ള നിരോധനം നീക്കുകയും 1952 ലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് നീണ്ട ഒളിവുകാല യാതനകളുടെയും ജയില്‍വാസങ്ങളുടെയും ഘട്ടം പിന്നിട്ട് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്വന്തം ജീവിതത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതും വ്യക്തി ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും. കേരളത്തിലെ ഒന്നാംതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എതാണ്ട് എല്ലാവരും അപ്പോഴേക്ക് യൗവ്വനം പിന്നിട്ടിരുന്നു. മധ്യവയസ്സിലായിരുന്നു മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പ്രണയവും വിവാഹവും. തടവില്‍ കിടക്കുമ്പോള്‍ തനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിക്കുമായിരുന്ന പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ച പി.കൃഷ്ണപിള്ളയുടെ പ്രണയം, പ്രണയത്തെ രാഷ്ട്രീയമാക്കുന്നതിന്റെ ഉദാഹരണമായി കമ്മ്യൂണിസ്റ്റ് വൃത്തങ്ങളില്‍ പ്രചാരം നേടിയ കാലമായിരുന്നു അത്. എം.എന്‍.ഗോവിന്ദന്‍നായര്‍, എ.കെ.ജി, ടി.വി.തോമസ്, ജോര്‍ജ്ജ് ചടയംമുറി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയകഥകൾ വിപ്ലവവും പ്രണയവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ അടയാളങ്ങളായി വാഴത്തപ്പെട്ടു.

ചൈനയിലും റഷ്യയിലും അംബാസഡറും ബിക്കാനീര്‍ ദിവാനും തിരുവിതാംകൂറിലെ ഏറ്റവും വലിയ ഭൂവുടമയുമായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കരുടെ മകള്‍ ഓക്‌സ്‌ഫെഡ് വിദ്യാഭ്യാസം കഴിഞ്ഞ് കേരളത്തിലെത്തിയപ്പോഴാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന എം.എന്‍.ഗോവിന്ദന്‍നായരെ പരിചയപ്പെടുന്നത്. അത് വളരെ വേഗം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളര്‍ന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരിക്കുമ്പോഴാണ് ടി.വി.തോമസും ഗൗരിയമ്മയും ഒരു ദശാബ്ദക്കാലത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. ബൂര്‍ഷ്വാ-ഭൂവുടമ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാസമ്പന്നയായ ഒരു യുവതി കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ കഥയായാണ് എം.എന്‍.ഗോവിന്ദന്‍ നായരുടെയും ദേവകീ പണിക്കരുടെയും പ്രണയം ആഘോഷിക്കപ്പെട്ടതെങ്കില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ വിപ്ലവകാരികളുടെ പ്രണയമായാണ് ടി.വി.തോമസിന്റെയും ഗൗരിയമ്മയുടെയും പ്രണയം സ്വീകരിക്കപ്പെട്ടത്. എ.കെ.ജിയും സുശീലയും തമ്മിലുള്ള പ്രണയത്തിന് ആദര്‍ശത്തിന്റെ വിശുദ്ധി പകര്‍ന്നത് അവര്‍ തമ്മില്‍ പ്രായത്തിലുള്ള അന്തരം തന്നെയാണ്. എ.കെ.ജിയെപ്പോലെ ഒരു നേതാവിനോടുള്ള പ്രണയത്തെ കമ്മ്യൂണിസത്തോടുള്ള പ്രണയമായി തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ കണ്ടു. സുശീലയ്ക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് പ്രണയം ആരംഭിച്ചതെങ്കിലും എ.കെ.ജിയെ വിവാഹം കഴിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായ യുവതിയായിരുന്നു അവര്‍. 26 വയസ്സിന്റെ വ്യത്യാസം കണക്കിലെടുക്കാനാവാത്തവിധം എ.കെ.ജിയോടുള്ള പ്രണയത്താല്‍ മുഗ്ദ്ധയായിരുന്നു സുശീലയെന്ന് വിശ്വസിക്കാനാണ് ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെട്ടത്.

എ.കെ.ജിയും സുശീലാ ഗോപാലനും തമ്മിലുള്ള പ്രണയത്തെ സ്വന്തം കാഴ്ച്ചപ്പാടില്‍ വിലയിരുത്താനും സാമൂഹ്യമായി പ്രസക്തമെന്ന് തനിക്ക് തോന്നുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാനും വി.ടി.ബല്‍റാം എന്നല്ല ഏതൊരാള്‍ക്കും അവകാശമുണ്ട്. പക്ഷേ, ആ അവകാശം ഉപയോഗിക്കുമ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളും കുറ്റാരോപണങ്ങളും കടന്നുവന്നാൽ വിമര്‍ശനത്തിന്റെ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ധാര്‍മ്മികതയ്ക്ക് നിരക്കാത്തതായിരുന്നു എ.കെ.ജിയുടെ പ്രണയം എന്നാണ് വി.ടി.ബല്‍റാം വിശ്വസിക്കുന്നതെങ്കില്‍ അത്, എങ്ങനെ, എന്തുകൊണ്ട് എന്ന് വ്യക്തമായി വിശദീകരിക്കാനുള്ള ബാധ്യത ബല്‍റാമിനുണ്ട്. എ.കെ.ജി എന്നല്ല, ചരിത്ര പ്രസക്തിയുള്ള ഏതൊരു നേതാവിന്റെയും ജീവിതം ഭാവി തലമുറകള്‍ക്ക് വിശകലനം ചെയ്യാനും അപഗ്രഥിക്കാനുമുള്ള പാഠപുസ്തകങ്ങളാണ്. ആ നിലയില്‍ ബല്‍റാം എ.കെ.ജിയെ വിമര്‍ശിച്ചതല്ല തെറ്റ്. വിമര്‍ശിക്കാനുപയോഗിച്ച ഭാഷയും സമീപനവുമാണ്.

പ്രണയം, ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ സത്യസന്ധമായ വിലയിരുത്തലുകള്‍ സാധ്യമാകാത്ത ഒരു അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള ചര്‍ച്ചകളിലെ ഒളിച്ചുകളി തന്നെയാണ് രാഷ്ട്രീയ നേതാക്കളുടെ ലൈംഗിക ജീവിതം ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ല എന്ന തരത്തിലുള്ള വാദങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്. ടി.വി.തോമസും താനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതില്‍ ടി.വി.തോമസിന്റെ സ്ത്രീബന്ധങ്ങള്‍ക്ക് പങ്കുണ്ട് എന്ന് ഗൗരിയമ്മ തുറന്നു പറയുകയുണ്ടായി. ഭാര്യയല്ലാത്ത സ്ത്രീകളുമായി ബന്ധം പുലര്‍ത്തി എന്നത്, ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയിലോ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്ന നിലയിലോ ഭരണാധികാരി എന്ന നിലയിലോ ടി.വി.തോമസിന്റെ അതുല്യമായ സംഭാവനകളെ ചെറുതാക്കുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിനെ നമ്മള്‍ ഓര്‍ക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകളുടെ പേരിലാണ്. എഡ്വിനാ മൗണ്ട് ബാറ്റണുമായോ പത്മജാ നായിഡുവുമായോ അദ്ദേഹം പുലര്‍ത്തിയ ബന്ധം സമൂഹത്തെ പ്രതികൂലമായി ബാധിക്കാതിരുന്നിടത്തോളം സമൂഹത്തിന് വിഷയമാകേണ്ടതില്ല. ഫിറോസ് ഗാന്ധിയെ നമ്മള്‍ ഓര്‍ക്കുന്നത് (ഓര്‍ക്കേണ്ടത്) ജനാധിപത്യവാദിയായ ഒന്നാന്തരം പാര്‍ലമെന്റേറിയന്‍ എന്ന നിലയിലാണ്. താരകേശ്വരി സിന്‍ഹയുടെ രഹസ്യകാമുകന്‍ എന്ന നിലയിലല്ല. പൊതുജീവിതത്തിന്റെ ഭാഗമായ വ്യക്തികൾക്ക്, സ്വന്തം ലൈംഗിക ജീവിതത്തെക്കുറിച്ച് സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഒളിഞ്ഞുനോട്ടവും അപവാദപ്രചരണങ്ങളും ഇവിടെ അരങ്ങു വാഴുന്നത്.

സത്യത്തില്‍, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ആലോചിക്കുമ്പോള്‍, ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് അത്ഭുതം തോന്നേണ്ടത്, ഈ പ്രണയകഥകളിലെ ദളിത് അസാന്നിധ്യത്തെ ഓര്‍ത്താണ്. പുലയരുടെയും കുറവരുടെയും പറയരുടെയും കുടിലുകളില്‍ ഒളിവിലിരുന്ന വിഖ്യാതരായ കമ്മ്യൂണിസ്റ്റ് നേതാക്കളിലാരും അവരിലൊരു പെണ്‍കുട്ടിയെ പ്രേമിക്കാതിരുന്നതെന്തുകൊണ്ടാകും? നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ദശകങ്ങള്‍ക്കുശേഷം പ്രതിനാടകമെഴുതിയ സിവിക് ചന്ദ്രന്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുണ്ട്. പക്ഷേ, ആ ചോദ്യം ഉന്നയിക്കാന്‍ വി.ടി.ബല്‍റാമിനാവില്ല. ദളിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വീക്ഷണങ്ങളിലൂടെ ചരിത്രം പുനര്‍നിര്‍മ്മിക്കപ്പെടുമ്പോള്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. ആ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിയില്ല. അര്‍ത്ഥപൂര്‍ണ്ണമായ അത്തരം ഒരു സംവാദത്തിലൂടെ സ്വന്തം വീഴ്ചകള്‍ തിരിച്ചറിയാനും തിരുത്താനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയുമോ എന്നത് കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ചോദ്യമാണ്.