കാലിത്തീറ്റ കുംഭകോണം : ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്

#

പാറ്റ്‌ന (06-01-18) : കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന് കോടതി മൂന്നരവർഷം തടവ് വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചത്. ഇപ്പോൾ ബിർസമുണ്ട ജയിലിൽ കഴിയുന്ന ലാലുവിന് വീഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് ശിക്ഷ വിധിച്ചത്. ലാലുവിനൊപ്പം കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 15 പേർക്കും ഇതേ ശിക്ഷയാണ് വിധിച്ചത്.

ആരോഗ്യ കാരണങ്ങളാല്‍ തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലു പ്രസാദ് യാദവ് വെള്ളിയാഴ്ച കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ലാലുവിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചിത്തരജ്ഞന്‍ സിന്‍ഹയും കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ശിക്ഷ വിധിച്ച റാഞ്ചിയിലെ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. ഇതോടെ ജാമ്യത്തിനായി ലാലു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടതായി വരും. കോടതി വിധി വിശദമായി പഠിച്ചശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലുവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായി തേജസ്വി യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.