സവിശേഷ ശ്രദ്ധനേടി രാജ്യാന്തര മലയാളി ചിത്രകലാ ക്യാമ്പ്

#

( 07.01.2018) ലോക കേരള സഭയുടെ ഭാഗമായി കനകക്കുന്നില്‍ ജനുവരി ഒന്നിന് ആരംഭിച്ച രാജ്യാന്തര മലയാളി ചിത്രകലാ ക്യാമ്പ് കലാകാരന്‍മാരുടെ പങ്കാളിത്തം കൊണ്ടും സവിശേഷ ചര്‍ച്ചകളും വിലയിരുത്തലുകളും കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും താമസിക്കുന്ന പതിനേഴ് പ്രമുഖ ചിത്രകാരന്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. പ്രവാസ ജീവിതം ഇതിവൃത്തമാക്കി ക്യാമ്പില്‍ ഇവര്‍ രചിച്ച സൃഷ്ടികള്‍ ലോക കേരള സഭയുടെ ഭാഗമായി  12,13 തിയതികളില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിക്കും. ഇവ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ക്യുറേറ്റ് ചെയ്യപ്പെട്ട പ്രദര്‍ശനങ്ങളായി കേരളത്തിലെ വിവിധ അക്കാദമി ഗാലറികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഇന്ത്യ ഇന്ന് കടന്നുപോകുന്ന സവിശേഷമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളില്‍ കലാകാരന്‍മാരുടെ ഇടപെടല്‍ എങ്ങനെ എന്നുകൂടി ക്യാമ്പ് ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നു. ക്യാമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്ക് കനകക്കുന്നില്‍ ചര്‍ച്ചയും കലാകാരന്‍മാരുടെ സൃഷ്ടികളുടെ അവതരണവും നടന്നു. തിരുവനന്തപുരവും സമകാലിക കലയും, ചില റാഡിക്കല്‍ അനുഭവങ്ങള്‍, ചോളമണ്ഡലത്തിന്റെ സമകാലിക പ്രസക്തി, സമകാലിക ശില്‍പ്പകല, ഗ്രാഫിറ്റി ആര്‍ട്ടും ചിത്രകലയും, മലയാളി കലാകാരന്റെ ആഗോള പ്രശസ്തി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിവിധ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ബി.ഡി ദത്തന്‍, ജി.രാജേന്ദ്രന്‍, കെ.പി വല്‍സരാജ്, സിദ്ധാര്‍ത്ഥന്‍, ടി.കലാധരന്‍, ജോണി എം.എല്‍(ക്യൂറേറ്റര്‍),കെ.അജയകുമാര്‍, കെ.പി പരമേശ്വരന്‍, ലാല്‍ കെ, എന്‍.എന്‍ മോഹന്‍ദാസ്, കെ.കെ രാജപ്പന്‍, കെ.ദാമോദരന്‍, ജോഷ് പി.എസ്, എന്‍.എന്‍ റിംസണ്‍, അച്യുതന്‍ കൂടല്ലൂര്‍, ബിനി റോയ് തുടങ്ങിയ പ്രശസ്തരാണ് ക്യാമ്പില്‍ പങ്കെടുത്തത്.