ചെന്നൈയോട് ഡല്‍ഹി സമനില പൊരുതി നേടി

#

ചെന്നൈ (08-01-18): ഐ.എസ്.എല്ലില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിയും സന്ദര്‍ശകരായ ഡല്‍ഹി ഡൈനാമോസും രണ്ടു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഡേവിഡ് എന്‍ഗിറ്റെ നേടിയ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ ചെന്നൈയിന്‍ എഫ്.സി ജെജെ ലാല്‍പെക്യൂല നേടിയ ഗോളിലൂടെ സമനില ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ ജെജെ തന്റെ രണ്ടാം ഗോളിലൂടെ  ചെന്നൈയിനെ മുന്നിലെത്തിച്ചു. വിജയം പ്രതീക്ഷിച്ചു നിന്ന സൂപ്പര്‍ മച്ചാന്‍സിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗുയോണ്‍ ഫെര്‍ണാണ്ടസ് ഡല്‍ഹിക്കു സമനില നേടിക്കൊടുത്തു.

സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ഡല്‍ഹിയുടെ അവസാന സ്ഥാനത്തിനു മാറ്റമില്ല. ഇന്നലത്തെ ഇരട്ടഗോള്‍ നേട്ടത്തോടെ ജെജെ ഈ സീസണില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ബല്‍വന്തിനെ പിന്നിലാക്കി ആറ് ഗോളോടെ മുന്നിലെത്തി. ഹീറോ ഓഫ് ദി മാച്ചും ജെജെയ്ക്കു സമ്മാനിച്ചു.

ചെന്നൈയിന്‍ എഫ്.സി രണ്ട് മാറ്റങ്ങളുമായാണ് ഇന്നലെ കളിക്കാനിറങ്ങിയത്. ബ്രിക്രംജിത്, സെറീനോ എന്നിവര്‍ക്കു പകരം ധന്‍ചന്ദ്ര് സിംഗ്, ജെര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ വന്നു മറുവശത്ത് ഡല്‍ഹി മൂന്നു മാറ്റങ്ങള്‍ വരുത്തി. അല്‍ബിനോ ഗോമസിനു പരുക്കേറ്റതിനാല്‍ ഡല്‍ഹിയുടെ ഗോള്‍ കീപ്പറായി സ്പാനീഷ് താരം സാബി ഇരുതാഗുനിയ വന്നു. അതേപോലെ മിരാബാജ, അര്‍ണാബ് എന്നിവര്‍ക്കു പകരം ലാലിയാന്‍ സുവാല ചാങ്തെ, ഡേവിഡ് എന്‍ഗാതെ എന്നിവരും ഇറങ്ങി. ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ഡല്‍ഹിക്കെതിരെ ചെന്നൈയിന്‍ ആക്രമണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ക്രമേണ ഡല്‍ഹി കൗണ്ടര്‍ അറ്റാക്ക് തുടങ്ങി. ആദ്യ 20 മിനിറ്റനകം മൂന്നു കോര്‍ണറുകള്‍ ഡല്‍ഹിക്കു വഴങ്ങേണ്ടി വന്നു.

എന്നാല്‍ ഗോള്‍ നേടിയത് ഡല്‍ഹിയായിരുന്നു. ഡല്‍ഹിയുടെ ഏരിയയില്‍ നിന്നും മൂന്നു ലോങ് പാസുകളിലൂടെയാണ് ഗോള്‍ വന്നത്. നന്ദകുമാറിലേക്കു കിട്ടിയ പാസില്‍ ഗോള്‍ മുഖത്തേക്കു നല്‍കിയ ക്രോസ് വായുവിലൂടെ കുതിച്ചുയര്‍ന്ന ഡേവിഡ് എന്‍ഗിറ്റെ ഫ്ളൈയിങ്ഹെഡ്ഡറിലൂടെ വലകുലുക്കി.  ഡല്‍ഹിക്കു ലീഡ് നേടാന്‍ അവസരം ലഭിച്ചു. ചാങ്തെയുടെ അളന്നുകുറിച്ച പാസ് സ്വീകരിച്ച ഡേവിഡ് തുടര്‍ന്നു നന്ദകുമാറിലേക്കു പാസ് ചെയ്തു. ചെന്നൈയുടെ പെനാല്‍ട്ടി ഏരിയക്കു മുന്നിലെത്തിയ നന്ദകുമാറിന്റെ കാര്‍പ്പറ്റ് ഡ്രൈവ് പക്ഷേ, ദുര്‍ബലമായതിനാല്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ക്കു കാര്യമായ ഭീഷണി ആയില്ല. ഗോള്‍ നേടിയതോടെ ഡല്‍ഹി ആത്മവിശ്വാസം കുതിച്ചുയര്‍ന്നു.

ചെന്നൈയിനു സമനില ഗോള്‍ നേടാന്‍ എറെ വൈകാതെ കഴിഞ്ഞു. 42-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിനെ തുടര്‍ന്നാണ് ചെന്നൈയിന്റെ സമനില ഗോള്‍. റെനെ മിഹെലിച്ച് എടുത്ത കിക്ക് ഗോള്‍ മുഖത്തെ കൂട്ടപ്പോരിച്ചിലിനിടെ ജെജെ ലാല്‍പെക്യൂല ഹെഡ്ഡറിലൂടെ വലയിലേക്കു തിരിച്ചു വിട്ടു. ഇന്നലെ ജന്മദിനം ആഘോഷിച്ച ജെജെയ്ക്കു ലഭിച്ച ജന്മദിന സമ്മാനം കൂടിയായി ഈ ഗോള്‍ . ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ട് ഗോള്‍ ശ്രമങ്ങളില്‍ നിന്നും ചെന്നൈയിന്‍ രക്ഷപ്പെട്ടു. ഡേവിഡിന്റെ പാസില്‍ റോമിയുടെ ആദ്യ ഷോട്ട് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് തടഞ്ഞു. റീബൗണ്ട് ആയിവന്ന പന്തില്‍ ചാങ്തെ നടത്തിയ രണ്ടാം ശ്രമം ധനചന്ദ്ര സിംഗ് ബ്ലോക്ക് ചെയ്തു അപകടം ഒഴിവാക്കി.

രണ്ടാം പകുതി ആരംഭിച്ച ഉടനെ 51-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലീഡ് നേടി. വലത്തെ വിംഗിലേക്കു വന്ന പന്ത് ജെര്‍മന്‍പ്രീത് സിംഗ് ബോക്സിനകത്തു കയറിയ ജെജെയിലേക്കു എത്തിച്ചു. പോയിന്റ് ബ്ലാങ്ക് പൊസിഷനില്‍ നിന്നിരുന്ന ജെജെ ലാല്‍പെക്യുല ഡല്‍ഹിയുടെ സ്പാനീഷ് ഗോളിയെ നിസഹായനാക്കി വലയിലെത്തിച്ചു.

അറുപത്തിയഞ്ചാം മിനിറ്റില്‍ ഗോളുടമ ഡേവിഡിനെ പിന്‍വലിച്ചു ഡല്‍ഹി നൈജീരിയന്‍ മുന്‍നിരതാരം കാലു ഉച്ചെയെ കൊണ്ടുവന്നു. ഇതിനു മറുപടിയായി ചെന്നൈയിന്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനു പകരം ജൂഡിനെ ഇറക്കി. ഡല്‍ഹി അടുത്ത മാറ്റത്തില്‍ എഡു മോയക്കു പകരം റോവില്‍സണ്‍ റോഡ്രിഗസിനെയും അവസാന മാറ്റത്തില്‍ ചാങ്തെയ്ക്കു പകരം ഗുയോണ്‍ ഫെര്‍ണാണ്ടസിനെയും കൊണ്ടു വന്നു. ചെന്നൈയിന്‍ ഇതോടെ റെനെ മിഹെലിച്ചിനു പകരം പ്രധാന താരം റാഫേല്‍ അഗസ്തോയെയും അവസാന മാറ്റത്തില്‍ ഗ്രിഗറി നെല്‍സണു പകരം അനിരുദ്ധ് താപ്പയേയും ഇറക്കി.

അവസാന മിനിറ്റുകളില്‍ കളി ഇതോടെ കളി പകരക്കാരുടെ പക്കലായി. പകരക്കാര്‍ വന്നുവെങ്കിലും ഡല്‍ഹിയുടെ കളിയ്ക്കു ഇതുകൊണ്ടൊന്നും മാറ്റം ഉണ്ടായില്ല. പന്ത് കഴിയുന്ന സമയം കൈവശം വെക്കുക എന്നതിനപ്പുറം എതിരാളികളുടെ ഗോള്‍ മുഖത്തേക്കു കുതിച്ചുകയറി ഗോള്‍ നേടാനുള്ള ആര്‍ജ്ജവം ഡല്‍ഹിയുടെ പക്കല്‍ നിന്നുണ്ടായില്ല. ബോക്സില്‍ എത്തിയ ഡല്‍ഹിയുടെ നീക്കങ്ങള്‍ ചെന്നൈയിന്‍ കൃത്യമായി തടഞ്ഞുകൊണ്ടിരുന്നു.

ചെന്നൈയിന്‍ വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഡല്‍ഹിയുടെ സമനില ഗോള്‍. ജെര്‍മന്‍ പ്രീത് വരുത്തിയ ഫൗളിനെ തുടര്‍ന്നാണ് ഗോളിനു വഴിയൊരുക്കിയത്. ഫ്രീകിക്കില്‍ ഗോള്‍ വന്നില്ലെങ്കിലും ഡല്‍ഹിയുടെ ഏരിയയിലേക്കു തിരിച്ചുവിട്ട പന്ത് അതേപോലെ ചെന്നൈയിന്റെ ബോക്സിലേക്കു തിരിച്ചുവിട്ടു. ഉയര്‍ന്നു വന്ന പന്ത് പകരക്കാരനായി വന്ന കാലു ഉച്ചെയുടെ ഹെഡ്ഡര്‍ ഗുയോണ്‍ ഫെര്‍ണാണ്ടസിലേക്കു വന്നു. കാത്തു നിന്ന ഗുയോണ്‍ ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു.