ഛെത്രിയുടെ ഏകഗോളിന് ബെംഗളുരുവിന് ജയം

#

ബംഗളുരു (08-01-18) : ഐ.എസ്.എല്ലില്‍ സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ബംഗളുരു എഫ്.സി ഏക ഗോളിനു എ.ടി.കെയെ പരാജയപ്പെടുത്തി. വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് നായകന്‍ സുനില്‍ ഛെത്രി നേടിയ ഗോളിലാണ് ബംഗളുരു എഫ്.സിയുടെ വിജയം. ബംഗളുരുവിന്റെ ഡിഫെന്‍ഡര്‍ ജുവാനനാണ് മാന്‍ ഓഫ് ദി മാച്ച്.

മത്സരത്തില്‍ ബോള്‍ പൊസിഷനില്‍ എ.ടി.കെ 54 ശതമാനത്തോടെ മുന്നില്‍ നിന്നു. എന്നാല്‍ ഷോട്ട് ഓണ്‍ ടാര്‍ജറ്റില്‍ ബംഗളുരു ആയിരുന്നു മുന്നില്‍. ആറു തവണ ബംഗളുരു അഞ്ച് തവണ എ.ടി.കെയും ഓണ്‍ടാര്‍ജറ്റില്‍ എത്തി. 10 കോര്‍ണറുകല്‍ ബംഗളുരുവിനും അഞ്ച്കോര്‍ണറുകള്‍ എ.ടി.കെയ്ക്കും ലഭിച്ചു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ്.സിയെ പിന്നിലാക്കി 18 പോയിന്റോടെ ബെംഗളുരു മുന്നില്‍ക്കയറി. എ.ടി.കെ ഒന്‍പത് പോയിന്റോടെ എഴാം സ്ഥാനം തുടര്‍ന്നു.

ബംഗളുരു കൈവശമുള്ള ആയുധങ്ങള്‍ എല്ലാം തേച്ചുമിനുക്കി ഒന്നാം നിരതാരങ്ങളുമായാണ് ഇന്നലെ എ.ടി.കെയെ നേരിടാന്‍ ഇറങ്ങിയത്. എ.ടി.കെ. നാല് മാറ്റങ്ങള്‍ വരുത്തി. ശങ്കര്‍ സാംപിന്‍രാജ്, റോബിന്‍ സിംഗ്, ജോര്‍ഡി എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കി.  തുടക്ക മിനിറ്റുകളില്‍ അലകടല്‍ പോലെ ബംഗളുരുവിന്റെ ആക്രമണങ്ങളില്‍ എ.ടി.കെ ആടിയുലയുകയായിരുന്നു. 15 മിനിറ്റിനകം നാല് കോര്‍ണറുകള്‍ വഴങ്ങിയാണ് കൊല്‍ക്കത്ത രക്ഷപ്പെട്ടത്. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ ഉദാന്തസിംഗ്, എഡു ഗാര്‍ഷ്യ.സുനില്‍ ഛെത്രി എന്നിവര്‍ മിക്കുവിലേക്കു പന്ത് എത്തിക്കുന്നതില്‍ അതിവേഗത കാണിച്ചു.

ഡിഫെന്‍സീവ് മിഡഫീല്‍ഡില്‍ എറിക് പാര്‍ത്താലു, ഡിമാസ് ഡെല്‍ഗാഡു എന്നിവരും കൂടി വന്നതോടെ ബെംഗ്ളുരുവിന്റെ ഗോള്‍ മുഖത്തേക്കു കുതിക്കുക എ.ടികെയ്ക്കു അസാധ്യമായി. റോബിന്‍ സിംഗിനെ ആക്രണത്തിന്റെ കുന്തമുനയാക്കി തന്ത്രം മെനഞ്ഞ എ.ടി.കെ സെക്യൂഞ്ഞ, റോബി കീന്‍, റൂപ്പര്‍ട്ട് എന്നിവരിലൂടെ അവസരം പ്രതീക്ഷിച്ചു കാത്തിരുന്നു. രണ്ടു തവണയാണ് കിട്ടിയ സുവര്‍ണഅവസരങ്ങള്‍ എ.ടി.കെ നഷ്ടപ്പെടുത്തിയത്. ആദ്യ മിനിറ്റുകളില്‍ ടോം തോര്‍പും അതിനുശേഷം 26-ാം മിനിറ്റില്‍ റോബികീനും. മാര്‍ക്ക് ചെയ്യാതെ നിന്ന സെക്യൂഞ്ഞ നല്‍കിയ ലോബ് ഹെഡ്ഡറിലൂടെ റോബി കീന്‍ റൂപ്പര്‍ട്ടിനു നല്‍കിയെങ്കിലും ബെംഗ്ളുരു പ്രതിരോധനിരക്കാര്‍ റൂപ്പര്‍ട്ടിന്റെ ശശ്രമം കോര്‍ണര്‍ വഴങ്ങി തടഞ്ഞു.

ബംഗളുരുവിനു കിട്ടിയ ആദ്യ അവസരം പ്രബീര്‍ ദാസും തോര്‍പ്പും കൂടി മിക്കുവിനെ വരിഞ്ഞുമുറുക്കി അവസാനിപ്പിച്ചു. ചടുലമായ നീക്കങ്ങളിലൂടെ രണ്ടുടീമുകളും അവസരങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. എന്നാല്‍ ഗോള്‍ വരാന്‍ നാല്‍പതാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. എ.ടി.കെയുടെ മിസ് പാസില്‍ നിന്നായിരുന്നു ഗോള്‍ വന്നത്. കോണര്‍ തോമസില്‍ നിന്നും വന്ന മിസ് പാസ് സ്വീകരിച്ച സുനില്‍ ഛെത്രി പെനാല്‍ട്ടി ഏരിയക്കു 30 വാര മുന്നില്‍ നിന്നും തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ ഷോട്ട് മുന്നില്‍ നിന്ന ജോര്‍ഡി മൊണ്ടേലിനെയും ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിനെയും നിസഹായനാക്കി എ.ടി.കെയുടെ വലകുലുക്കി .

തന്ത്രപരമായ രണ്ടു മാറ്റങ്ങളുമായാണ് എ.ടി.കെ രണ്ടാംപകുതിയില്‍ ഇറങ്ങിയത്. സെക്യൂഞ്ഞയ്ക്കു പകരം റയന്‍ ടെയ്ലറും, ശങ്കര്‍ സാംപിന്‍രാജിനു പകരം ബിപിന്‍ സിംഗിനെയും ഇറക്കി. എ.ടി.കെയ്ക്ക് പ്രബീര്‍ ദാസിന്റെ ചടുലമായ നീക്കങ്ങളാണ് അവസരങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നത്. റോബി കീനിന്റെ തകര്‍പ്പന്‍ ഷോട്ട് ബെംഗളുരു ഗോളി ഗുര്‍പ്രീത് തടുത്തു റീ ബൗണ്ടില്‍ വീണ്ടും നടത്തിയ ശ്രമം പുറത്തേക്കു പാഞ്ഞു. എഡുഗാര്‍ഷ്യയുടെ ഷോട്ട് എ.ടികെയുടെ ടോം തോര്‍പ്പ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.

ബംഗളുരു ആദ്യമാറ്റത്തില്‍ ഉദാന്തയ്ക്കു പകരം ആല്‍വിനെ ഇറക്കി. രണ്ടാം മാറ്റത്തില്‍ മിക്കുവിനു പകരം ബ്രൗളിയോയും മൂന്നാം മാറ്റത്തില്‍ ഡിമാസിനു പകരം ജോണ്‍ ജോണസനെയും എ.ടി.കെ മൂന്നാം മാറ്റത്തില്‍ റോബിന്‍സിംഗിനു പകരം ഹിതേഷ് ശര്‍മ്മയേയും ഇറക്കി. 7 ബംഗളുരു രണ്ടാം ഗോള്‍ കഷ്ടിച്ചു നഷ്ടമായി പകരക്കാരനായി വന്ന ബ്രൗളിയോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്കു പോയി. അടുത്ത മിനിറ്റില്‍ എറിക് പാര്‍ത്താലുവിന്റെ ഷോട്ട് ദേബജിത് ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. ഐ.എസ്.എല്ലിലെ അടുത്ത മത്സരം ബൂധനാഴ്ച ഡല്‍ഹിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും തമ്മിലാണ്.