ബോണക്കാട് : തല്ക്കാലം സഭ പ്രത്യക്ഷ സമരത്തിനില്ല

#

തിരുവനന്തപുരം (08-01-18) : ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം നടത്തിയ വിശ്വാസികള്‍ക്കു നേരേ പോലീസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്ന ലത്തീന്‍ കത്തോലിക്കാ സഭ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറി. ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതാ പ്രതിനിധികൾ ഇന്ന് വനം വകുപ്പു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തല്‍ക്കാലം പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ട എന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതുവരെ പ്രത്യക്ഷ സമരപരിപാടികള്‍ക്കില്ലെന്ന് ലത്തീന്‍ സഭാ നേതാക്കള്‍ അറിയിച്ചു.

നേരത്തേ ലത്തീന്‍ സഭാ പ്രതിനിധികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണകള്‍ പാലിക്കുമെന്ന് വനം വകുപ്പുമന്ത്രി കെ.രാജു പറഞ്ഞു. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരാധനയ്ക്ക് അനുവാദം നല്‍കും. വര്‍ഷത്തില്‍ 3 തവണ കുരിശുമലയില്‍ ആരാധന നടത്താം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കുരിശു സ്ഥാപിക്കാനും കഴിയില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതുവരെ പ്രത്യക്ഷ സമരപരിപാടികളിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ച ലത്തീന്‍സഭാ പ്രതിനിധികള്‍, പക്ഷേ, നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഉപവാസത്തിന്റെ കാര്യം നെയ്യാറ്റിന്‍കര രൂപതയാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞു.