സ്വവര്‍ഗരതി കുറ്റമോ? സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പരിഗണിക്കും

#

ന്യൂഡല്‍ഹി (08-01-18) : സ്വവര്‍ഗ്ഗരതി കുറ്റമാണെന്ന 2013 ലെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കും. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമാണെന്ന കൊളോണിയല്‍ നിയമം അസാധുവാക്കിയ 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള 2013 ലെ സുപ്രീം കോടതി വിധിയാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഗേ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പെട്ട 5 വ്യക്തികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് വിഷയം വിപുലമായ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കാന്‍ പാടില്ലെന്ന ഓഗസ്റ്റ് മാസത്തിലെ സുപ്രീംകോടതി വിധി കൂടി പരിഗണിച്ചാണ് 3 അംഗ ബഞ്ച് വിഷയം ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചത്. ലൈംഗികാഭിമുഖ്യം ഓരോ വ്യക്തിയുടെയും സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണ്.