പത്മാവത് ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തും

#

മുംബൈ (08-01-18) : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം, പത്മാവത് ജനുവരി 25 ന് തിയറ്ററുകളിലെത്തും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 1 ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ രജപുത് കര്‍ണി സേന എന്ന സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രദര്‍ശനത്തിനെത്താന്‍ വൈകുകയായിരുന്നു. സിനിമ, റാണി പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് സിനിമയ്‌ക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ, മത സംഘടനകളും ചേരുകയുണ്ടായി.

ചലച്ചിത്ര വ്യാപാര വിദഗ്ദ്ധന്‍ തരണ്‍ ആദര്‍ശ് ആണ് സിനിമയുടെ റിലീസിംഗ് തീയതി ട്വിറ്ററില്‍ അറിയിച്ചത്. വിവാദങ്ങളെ തുടര്‍ന്ന് ഒരുകൂട്ടം ചരിത്രകാരന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച സിനിമയുടെ പേര് അവരുടെ അഭിപ്രായമനുസരിച്ചാണ് പത്മാവത് എന്ന് മാറ്റിയത്. സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയ്ക്ക് യു.എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. സിനിമ സതി ആചാരത്തെ അനുകൂലിക്കുകയോ ഏതെങ്കിലും രീതിയില്‍ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല എന്ന പ്രസ്താവന സിനിമയോടൊപ്പം ഉണ്ടാകണമെന്ന നിബന്ധനയുമുണ്ട്.