ആഷസ് പരമ്പര : അഞ്ചാം ടെസ്റ്റിലും ഓസ്‌ട്രേലിയ

#

(08-01-18) : ചിരവൈരികളായ ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സിനും 123 റണ്‍സിനും കീഴടക്കിയ ഓസ്‌ട്രേലിയ ആഷസ് വിജയം ഗംഭീരമാക്കി. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 4-0 നായിരുന്നു ഓസ്‌ട്രേലിയ വിജയിച്ചത്. നാലാം ടെസ്റ്റ് സമനിലയില്‍ എത്തിക്കാനായത് മാത്രമാണ് ഇംഗ്ലണ്ടിന്റെ നേട്ടം.

ആദ്യ ഇന്നിംഗിസില്‍ ഇംഗ്ലണ്ട് 346 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍649 റണ്‍സെടുത്തു. 171 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 156 റണ്‍സെടുത്ത ഷോണ്‍മാര്‍ഷും 101 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷും 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവോണ്‍ സ്മിത്തും ഓസ്‌ട്രേലിയയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. 303 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സില്‍ കേവലം 180 റണ്‍സിന് കൂടാരം കയറി. 58 റണ്‍സെടുത്ത ഇംഗ്ലണ്ട് ജോറൂട്ട് പരിക്കേറ്റ് പിന്മാറിയപ്പോള്‍ 38 റണ്‍സെടുത്ത ജോണി ബയര്‍സ്‌റ്റോ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.

2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ 3-2 ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരമായിരുന്ന ജെഫ് മാര്‍ഷിന്റെ മക്കളായ ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും ഒരേ സെഞ്ച്വറി നേടിയത് ഈ മത്സരത്തിന്റെ സവിശേഷതയാണ്.