പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മന്ത്രി

#

ജയ്പൂര്‍ (08-01-18) : സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി ലഭിച്ചെങ്കിലും പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ. അനുമതി ലഭിച്ചതുകൊണ്ടായില്ലെന്നും വിമര്‍ശന വിധേയമായ രംഗങ്ങളെല്ലാം ഒഴിവാക്കുകയാണ് വേണ്ടതെന്നും ബി.ജെ.പിക്കാരനായ മന്ത്രി പറഞ്ഞു. സെന്‍സര്‍ ബോഡ് ആ രംഗങ്ങള്‍ മുറിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ സിനിമ കാണിക്കുന്നതിന് തങ്ങള്‍ എതിരല്ല.

പത്മാവത് സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വഷളാക്കിയതിന് കോണ്‍ഗ്രസ് ബി.ജെ.പിയെ വിമര്‍ശിച്ചു. ജനങ്ങളുടെ വികാരങ്ങള്‍ മാനിക്കപ്പെടണം. പക്ഷേ, പ്രശ്‌നത്തെ രാഷ്ട്രീയ വല്ക്കരിക്കുന്നത് ശരിയല്ലെന്ന് രാജസ്ഥാന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജസ്ഥാനിലെ അജ്മീര്‍, ആള്‍വാര്‍, ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ രജപുത്ര സമുദായത്തിന്റെ പ്രീതി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.