ജിഗ്നേഷ് മെവാനിയുടെ റാലിയെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം

#

ന്യൂഡല്‍ഹി (09-01-18) : ഡല്‍ഹിയില്‍ ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള യുവ ഹുങ്കര്‍ റാലിക്ക് അനുമതി നിഷേധിച്ച പോലീസ്, റാലിയെ നേരിടാന്‍ പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 15000 പേരെ നിയോഗിച്ചു. ജന്തര്‍ മന്ദറില്‍ റാലി നടത്തുന്നതിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പോലീസ് അനുമതി നല്‍കിയില്ലെങ്കിലും റാലിയുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം. ഒരു കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ മനുസ്മൃതിയുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ജിഗ്നേഷ് മെവാനി പ്രഖ്യാപിച്ചിരുന്നു.

ജന്തര്‍മന്ദറില്‍ റാലി നടത്തുന്നതിനെതിരേ ദേശീയ ഹരിത്രട്രിബ്യൂണലിന്റെ ഉത്തരവുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. 2 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും സഹറന്‍പൂര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവ ഹുങ്കാര്‍ റാലി.

സമാധാനപരമായും ജനാധിപത്യപരമായും പ്രകടനം നടത്താനുള്ള തങ്ങളുടെ അവകാശത്തെയാണ് അധികൃതര്‍ തടയുന്നതെന്ന് ജിഗ്നേഷ് മെവാനി ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. റാലിയില്‍ പങ്കെടുക്കാനുള്ളവര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ എത്തിച്ചേരാന്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റഷീദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.