അപകടകരമായ ആരാധനകൾ

#

(09-01-18) : ഒന്നാം വർഷ ഡിഗ്രി ക്ലാസ്സുകൾ ആരംഭിക്കുന്ന ദിവസം. നവാഗതരെ വരവേൽക്കാൻ എന്ന വ്യാജേന കെട്ടിയുയർത്തിയ കൊടി തോരണങ്ങളിലും ബാനറുകളിലും മുൻ‌തൂക്കം ചുവപ്പിനായിരുന്നു. സ്വകാര്യമായി അതിൽ തെല്ല് അഭിമാനവും ആവേശവും ഒക്കെ തോന്നി. നാടകീയ സ്വാഗത വാക്യങ്ങൾ എഴുതിയ ബാനറുകൾ നോക്കി വരുമ്പോഴാണ് അത് കാണുന്നത്. "ചെങ്കോട്ടയിലേക്ക് സ്വാഗതം. പഠിക്കുക, പോരാടുക.." എന്നെഴുതിയതിന് സമീപമുള്ള ബെറെ ക്യാപ്പും ചുണ്ടത്ത് ചുരുട്ടുമായി നിൽക്കുന്ന ചേയുടെ  ചിത്രത്തിൽ എന്തോ ഒരു പിശകുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്‌സിലായത്. "ചേ" എന്ന സിനിമയിൽ ചേ ആയി അഭിനയിച്ച ബെനിഷ്യോ ഡെൽ റ്റോറോ എന്ന നടൻറെ, ആ സിനിമയിലെ തന്നെ ഒരു ചിത്രമായിരുന്നു ബാനറിൽ അച്ചടിച്ചിരിക്കുന്നത്. സ്വകാര്യമായി തോന്നിയ ആവേശവും അഭിമാനവും ഒക്കെ ചോർന്നു പോയി. കൊടികളിൽ അച്ച് കുത്തപ്പെട്ട, സ്റ്റഡി ക്ലാസുകളിലും യോഗങ്ങളിലും ഉദ്ധരിക്കപ്പെടുന്ന ചേയെ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത ആരാധകരെ ഓർത്ത് ചിരിയും സങ്കടവും സഹതാപവും ഒക്കെ തോന്നി.

വർഷങ്ങൾക്ക് ശേഷം "മുന്നറിയിപ്പ്" എന്ന ചിത്രത്തിൽ ലോഡ്ജിലെ പയ്യന്റെ ഉടുപ്പിലെ ചേയുടെ ചിത്രം നോക്കി "ഇത് ആരാടാ ?" എന്ന് മമ്മൂട്ടി ചോദിക്കുമ്പോൾ "സാറിന് അറിയത്തില്ലേ, വല്യ ഡി.വൈ.എഫ്.ഐക്കാരനാ.." എന്ന് പറയുന്ന രംഗം കണ്ടപ്പോൾ, ആ പയ്യൻ ഇന്നത്തെ ഇടത് യുവജനതയുടെ മുഴുവൻ പ്രതീകമാണെന്ന് തോന്നി പോയി. അപ്പോഴേക്ക് പല കവലകളിലും കലാലയങ്ങളിലുമൊക്കെ ബെനീഷ്യോ ഡെൽ റ്റോറോ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ഈ അടുത്ത കാലത്ത്, യുവജന കമ്മീഷൻ ചെയർപേഴ്സണും ഇടത് യുവജന നേതാക്കളിൽ പ്രമുഖയുമായ സഖാവ്, ചേ ഗുവേരയെ അനുസ്മരിക്കുന്നത് കേട്ടപ്പോൾ അണികളുടെ അജ്ഞത ക്ഷമിക്കാവുന്നത് മാത്രമാണ് എന്ന് മനസ്സിലായി.

"ക്യൂബയില്‍ ഒരു യുവാവ്, മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ്, ഒരു ക്ലിനിക്ക് തുടങ്ങി അവിടെ ഇരിക്കാതെ ഒരു മോട്ടോർസൈക്കിൾ എടുത്ത് കൊണ്ടുപോയി ക്യൂബയിലെ പാവങ്ങളുടെ വേദനകൾ ഒപ്പിയെടുത്ത ഡോക്ടർ ഏർനെസ്റ്റോ ചേ ഗുവേര"യെപ്പറ്റി നാടകീയമായ ആവേശത്തോടെയുള്ള വനിതാ സഖാവിൻറെ പ്രസംഗം അടിസ്ഥാനപരമായ ഒരു പ്രശ്നത്തിന്റെ പ്രതിഫലനമാണ്.

ആൽബെർട്ടോ ഗ്രനാഡോ എന്ന സുഹൃത്തിനൊപ്പം ജന്മ നാടായ അർജന്റിനയിൽ നിന്ന് തുടങ്ങി ലാറ്റിൻ അമേരിക്ക മുഴുവൻ ചുറ്റി സഞ്ചരിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആ യാത്രയെ പറ്റി ചേ എഴുതിയ ഒരു പുസ്തകവും, അതിനെ ആസ്പദമാക്കി ഒരു ചലച്ചിത്രവുമുണ്ട്. ആ യാത്രയിൽ ഒരിക്കൽ പോലും ക്യൂബയിലൂടെ കടന്നു പോയിട്ടില്ലാത്ത ചേ, ക്യൂബയിലൂടെ മോട്ടോർസൈക്കിളിൽ ചുറ്റി നടന്ന ക്യൂബക്കാരൻ ആയിരുന്നുവെന്ന് വളരെ ആധികാരികമായി സമുന്നതയായ സഖാവ് പറയുമ്പോൾ, അണികളില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നത് അബദ്ധമാണ്.

ഒരു കവലയിൽ പോയി നിന്ന് "ലാ കബാനയിൽ വർഗ ശത്രുക്കൾക്ക് വധ ശിക്ഷ വിധിച്ച ചെയുടെ നടപടി ശരിയായില്ല" എന്ന് പറഞ്ഞാൽ നിങ്ങളുടെ കൈയ്യൊ നാക്കോ അറുത്തു മാറ്റപ്പെടാവുന്ന തരത്തിൽ അന്ധ ആരാധക വൃന്ദം വളർന്നുകൊണ്ടിരിക്കുകയാണ് ഇവിടെ.

വ്യക്തികളോ, പ്രത്യയശാസ്ത്രങ്ങളോ, പുസ്തകങ്ങളോ അന്ധമായി ആരാധിക്കപ്പെടുമ്പോള്‍ അതൊരു അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നു. വിമര്‍ശനങ്ങളെ സമചിത്തതയോടെ സമീപിക്കാനോ, ഫലിതങ്ങളെ പക്വതയോടെ ഉള്‍ക്കൊള്ളാനൊ കഴിയാത്ത, അക്രമാസക്തമായ ഒരു വിഭാഗത്തിന്റെ ഉല്പ്പത്തിക്ക് ഈ അന്ധത കാരണമാകുന്നു. അധ്യാപകരുടെ കൈ വെട്ടി മാറ്റുന്നത് മുതല്‍ സിനിമകള്‍ക്ക് നേരെ കൊലവിളി നടത്തുന്നത് വരെ ഇതിന്റെ പരിണത ഫലങ്ങളാണ്.

പുരോഗമന ചിന്താഗതിയുള്ള സമൂഹം എന്ന് നാം അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുമ്പോഴും കേരളത്തിലെ സമസ്ത മേഖലകളിലും ഇത് പ്രകടമാണ്. സിനിമാ നടന്മാർ മുതൽ വ്യക്തിപ്രഭാവത്തിനെതിരെ പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിയ നേതാക്കൾ വരെ വിളക്ക് വെച്ച് ആരാധിക്കപ്പെടുകയാണ് പ്രബുദ്ധ കേരളത്തിൽ. അവർക്കെതിരെ ശബ്ദം ഉയർത്തിയാൽ, പറഞ്ഞത് എന്താണെന്ന് കേൾക്കാനുള്ള സമയം പോലും പാഴാക്കാതെ പടവാളുകൾ ഏന്തി അങ്കത്തട്ടിലേക്ക് ചാടിക്കഴിഞ്ഞു പുരോഗമന മലയാളി.

മലയാള സിനിമ സ്ത്രീ നിന്ദയെ ആഘോഷിക്കുന്നു എന്ന പ്രസക്തമായ വിഷയം ഒരു പൊതു വേദിയിൽ ഉറക്കെ പറയേണ്ട താമസമേ ഉണ്ടായുള്ളൂ, പാർവതിയെ പോലെ ഒരു "പെണ്ണ്", മമ്മൂട്ടിയെ പോലെ ഒരു വലിയ നടനെ വിമർശിച്ചു എന്ന മഹാ അപരാധത്തിന് അധിക്ഷേപങ്ങളും അസഭ്യങ്ങളും അശ്ലീലവും കൊണ്ട് ശിക്ഷ വിധിക്കാൻ ഒരു പുനർ ചിന്തനത്തിന്റെയും ആവശ്യം വന്നില്ല ആരാധകരുടെ നീതിപീഠത്തിന്. പാർവതിയുടെ വാക്കുകളെ ശരി വയ്ക്കുന്നതായിരുന്നു അതിന് പുറകെ നടന്നതത്രയും. അവരെ പിന്തുണച്ച സ്ത്രീകളെ ചീത്ത വിളിക്കുകയും, പുരുഷന്മാരെ "പാവാട കഴുകുന്നവർ" എന്ന് പരിഹസിക്കുകയും ചെയ്ത് ആരാധകർ ആത്മ നിർവൃതിയടഞ്ഞു. "പെണ്ണുങ്ങൾ ആയാൽ ഇത്ര അഹങ്കാരം പാടില്ല" എന്ന് പറഞ്ഞു പുരോഗമന മലയാളി രഹസ്യമായി കയ്യടിച്ചാഹ്ലാദിച്ചു. "മമ്മൂട്ടിയെ പോലെ ഒരു വലിയ നടൻ ഇത്തരം സിനിമയിൽ അഭിനയിക്കരുതായിരുന്നു" എന്ന വാചകം സൗകര്യപൂർവം വിഴുങ്ങപ്പെട്ടു.

ഒരൊറ്റ ചോദ്യത്തിന്റെ പേരിൽ കൈയും ജീവിതവും തകർന്ന് പോയി ഒരധ്യാപകന്. പ്രവാചക നിന്ദയ്ക്കുള്ള ശിക്ഷ. എന്തായിരുന്നു അതിലെ പ്രവാചക നിന്ദ എന്നവർ പറഞ്ഞില്ല. അർദ്ധനാരീശ്വരൻ എന്ന നോവൽ എഴുതിയതിനു പെരുമാൾ മുരുകനെതിരെ വധ ഭീഷണി മുഴക്കി എഴുത്ത് നിർത്തിച്ചു. അർദ്ധ നാരീശ്വരനെ നിന്ദിച്ചതിനുള്ള ശിക്ഷ. എന്തായിരുന്നു അതിലെ ഈശ്വര നിന്ദ എന്നവർ പറഞ്ഞില്ല. പറയാൻ അവർക്ക് കഴിയുകയുമില്ല. തങ്ങളുടെ ബിംബങ്ങൾക്ക് വേണ്ടി രോഷം കൊള്ളുക എന്ന ഒരേയൊരു ജീവിത ലക്‌ഷ്യം മാത്രമാണ് അവർക്കുള്ളത്. അവിടെയും പുരോഗമന മലയാളി തന്റെ മത-രാഷ്ട്രീയ ചായ്‌വുകൾക്ക് അനുസരിച്ചു സൗകര്യപൂർവം പ്രതികരിക്കുകയും മൗനം സ്വീകരിക്കുകയും ചെയ്തു.

ജനാധിപത്യ സമൂഹത്തിത്തിന്റെ നേടും തൂണാണ് അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ. ക്രിയാത്മകമായ വിമർശനങ്ങളിലൂടെ മാത്രമേ സാംസ്കാരിക പുരോഗതി ഒരു തുടർ പ്രക്രിയായായി നിലനിൽക്കുകയുള്ളൂ. അതിനെ അക്രമത്തിലൂടെ നേരിടുമ്പോൾ ഈ തുടർപ്രക്രിയയെ തടസപ്പെടുത്തുകയും അതുവഴി പുരോഗതിയെ തന്നെ പിന്നോട്ടടിക്കുകയുമാണ് ചെയ്യുന്നത്. മത-അന്ധവിശ്വാസ വിമർശനങ്ങളെ ഈ വിധം നേരിട്ടതു കൊണ്ടാണ്  ഇന്ന് അതിനെ വിമർശിക്കാൻ പലരും ഭയപ്പെടുന്നത്. ഫലമോ, അന്ധ വിശ്വാസങ്ങളും അസഹിഷ്ണുതയും വർധിച്ച് സമൂഹം ബൗദ്ധികമായ അധഃപതനത്തിലേക്ക് കൂപ്പു കുത്തി. മീസിൽസ് റൂബെല്ല യജ്ഞത്തിന് ഇടയിൽ നടന്നതൊക്കെ ആ ദുരന്തത്തിന്റെ ഒരു മിന്നൊളി മാത്രമാണ്.

മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നാല് പേർ ശ്രദ്ധിക്കാൻ പൊതു സമ്മതിയുള്ളവരെ അവഹേളിക്കണം എന്ന ക്ഷുദ്രാശയം വി.ടി ബൽറാമിനെ പോലെ ഉള്ളവർ ഈ സ്വാതന്ത്ര്യത്തിന്റെ പേരിൽ ദുരുപയോഗപ്പെടുത്തിയത് നാം കണ്ടതാണ്. തങ്ങളുടെ കലാ പ്രാവിണ്യം കൊണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ചില എഴുത്തുകാരും നിരൂപകരും പയറ്റിയിരുന്ന ഒരു അടവായിരുന്നു ഇത്. വ്യക്തമായ, കൃതികളെ അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങൾ നടത്താൻ കഴിയാത്തത് കൊണ്ട് "ബഷീർ അത്ര വലിയ ഒരെഴുത്തുകാരൻ അല്ല" എന്നൊരു ലേഖനം എഴുതും. കുറച്ചു ആഴ്ചകൾ വാരികയിൽ നിറഞ്ഞു നിന്ന് തങ്ങളുടെ ആത്മരതിയെ തൃപ്തിപ്പെടുത്താൻ ഇതുവഴി അവർക്ക് കഴിയുന്നു. ബൽറാം ഇപ്പോൾ പയറ്റിയത് ഏതാണ്ട് ഈ ഒരു അടവാണ്. ചെ ഗുവേരയെയും ട്രോട്സ്കിയെയും പറ്റി, മറ്റൊന്നും പറയാൻ കിട്ടാതെ വന്നപ്പോൾ വിരോധികൾ അമർഷം ശമിപ്പിക്കാൻ പറഞ്ഞത് തന്നെയാണ് ബൽറാമും എ.കെ.ജിയെപ്പറ്റി പറഞ്ഞു നടക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും അഭിപ്രായങ്ങളെ അഭിപ്രായം കൊണ്ടാണ് നേരിടേണ്ടത്, ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, കലയെ നിരൂപണത്തിലൂടെയാണ് വിമർശിക്കേണ്ടത്. അസഭ്യവും ആയുധവും കൊണ്ടല്ല. ആരാധന അക്രമത്തിനുള്ള ഒരു ന്യായീകരണം ആകുന്നില്ല. സംസ്കാര ശൂന്യതയുടെ പ്രകടനത്തിനുള്ള അവകാശവും ആകുന്നില്ല.