ഭീമ-കൊരേഗാവ് കൊലയ്ക്ക് മോദി ഉത്തരം പറയണം : ജിഗ്നേഷ് മെവാനി

#

ന്യൂഡല്‍ഹി (09-01-18) : പോലീസിന്റെ നിരോധനവും ശക്തമായ എതിര്‍പ്പുകളും മറികടന്ന് ഡല്‍ഹിയില്‍ യുവ ഹുങ്കാര്‍ റാലി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്നാണ് റാലി ആരംഭിച്ചത്. തങ്ങള്‍ ജിഹാദിലല്ല, സ്‌നേഹത്തിലാണ് വിശ്വസിക്കുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്ത ജിഗ്നേഷ് മെവാനി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സഹ്‌റാന്‍പൂരില്‍ താക്കൂര്‍മാര്‍ ദളിതര്‍ക്കെതിരേ  നടത്തിയ അക്രമത്തെ ചെറുത്ത ദളിത് നേതാവ് ചന്ദ്രശേഖരന്‍ ആസാദിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മെവാനി ആവശ്യപ്പെട്ടു. സഹ്‌റാന്‍പൂരിലായാലും ഭീമ-കൊരേഗാവിലായാലും ദളിതര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്. രോഹിത് വെമുല കൊല്ലപ്പെട്ടത് എന്തിനാണെന്ന് പറയണമെന്ന് ജിഗ്നേഷ് മോദിയോട് ആവശ്യപ്പെട്ടു. വിദേശ അക്കൗണ്ടുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണം ജനങ്ങളുടെ പോക്കറ്റിലെത്താത്തത് എന്തുകൊണ്ടാണെന്ന് മോദി പറയണം.

അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ബി.ജെ.പി എന്നും അഴിമതിക്കാരായ ഏതൊരാള്‍ക്കും ചേരാവുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നും ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ 280 എം.പിമാരില്‍ 109 പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്ന് കനയ്യ ആരോപിച്ചു. ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ഖാലിദും ഷെഹ്‌ല റഷീദും റാലിയെ അഭിസംബോധന ചെയ്തു.