ബ്ലാസ്റ്റേഴ്‌സ് ഇന്ന് സിംഹത്തിന്റെ മടയില്‍ പോരിനിറങ്ങുന്നു

#

ന്യൂഡല്‍ഹി (10-01-18) : ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ആതിഥേയരായ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ലയണ്‍സ്  എന്നറിയപ്പെടുന്ന ഡല്‍ഹി ഡൈനാമോസ് ഇന്ന് സ്വന്തം മടയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. പല്ല് കൊഴിഞ്ഞ സിംഹങ്ങള്‍ എന്നു കേള്‍പ്പിക്കാതിരിക്കാന്‍ ഡല്‍ഹി ഡൈനാമോസ്, ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാരോട് പൊരുതാനുറച്ചു തന്നെയാണ് തയ്യാറെടുത്തിരിക്കുന്നത്.

നവംബര്‍ 22നു ആദ്യ മത്സരത്തില്‍ എഫ്.സി. പൂനെ സിറ്റിയെ 3-2നു തോല്‍പ്പിച്ചുകൊണ്ട്് ഉശിരന്‍ തുടക്കമായിരുന്നു ഡല്‍ഹി നടത്തിയത്. എന്നാല്‍ അതിനുശേഷം ആറ് തോല്‍വികളും ഒരു സമനിലയും ഐ.എസ്.എല്‍ സീസണ്‍ നാലിന്റെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു ഡല്‍ഹിയെ വലിച്ചിട്ടു.

നിലവിലെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സിനും ഈ സീസണില്‍ അത്ര നല്ല തുടക്കം അല്ല ലഭിച്ചിരിക്കുന്നത് . നിലവില്‍ എട്ടാം സ്ഥാനത്താണ്.  റെന മ്യലെന്‍സ്റ്റീന്റെ വിടപറയലിനു ശേഷം ടീമിന്റെ ചുമതല ഏറ്റെടുത്ത ഡേവിഡ് ജെയിംസിനു ടീമിനു തന്റെ കീഴില്‍ ആദ്യ ജയം നേടിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ കേവലം ഒരു ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഡല്‍ഹിക്കും തങ്ങളുടെ ആരാധകരെ നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ തീരൂ.

കഴിഞ്ഞ മത്സരങ്ങളില്‍ ഡല്‍ഹി കളിക്കാതെ തോറ്റതല്ല. എറ്റവും മികച്ച പാസുകള്‍ കൊണ്ടു ഫുട്ബോള്‍ പ്രേമികളുടെ മനം മയക്കാന്‍ കഴിഞ്ഞ ടീമാണ് ഡല്‍ഹി. എന്നാല്‍ ഈ മിടുക്ക് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നു സീസണുകളിലായി ഡല്‍ഹി എട്ടു തവണ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചു. ഇതില്‍ രണ്ടു തവണ ജയിച്ചു. മൂന്നു തവണ തോറ്റു. മൂന്നു തവണ സമനിലയില്‍ സമാപിച്ചു.

ഈ സീസണില്‍ ഡല്‍ഹി ഹോം മാച്ചില്‍ ഒരു തവണ പോലും ജയിച്ചിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളും തോറ്റു. കേരള ബ്ലാസ്റ്റേഴ്സും ഇതുവരെ ഒരു എവേ മത്സരത്തിലും ജയിച്ചിട്ടില്ല. രണ്ട് എവേ മത്സരങ്ങളാണ് ഇതുവരെ കളിച്ചത് .ഇതില്‍ ആദ്യമത്സത്തില്‍ ഗോവയോട് 2-5നു തോറ്റു. രണ്ടാം എവേ മത്സരം ചെന്നൈയിനോട് 1-1 നു സമനില സമ്മതിച്ചു.

രണ്ടു ടീമുകളും കരുത്തരായ എതിരാളികളെ സമനിലയില്‍ പിടിച്ചു നിര്‍ത്തിക്കൊണ്ടാണ്മുഖാമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ പൂനെ സിറ്റിയുമായി 1-1നും ഡല്‍ഹി ഡൈനാമോസ് ചെന്നൈയിനെതിരെ 2-2നും സമനില നേടിയിരുന്നു. അവസാന മിനിറ്റില്‍ മരീന അരീനയില്‍ ഗയൂണ്‍ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെയാണ് ഡല്‍ഹി സമനില കരസ്ഥമാക്കിയത്. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കു ശേഷമായിരുന്നു ഡല്‍ഹി ആദ്യ പോയിന്റ് സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്സ് വളരെ പരിചയസമ്പത്തുള്ള ടീമാണ് അതേപോലെ അവരുടെ പ്രതിരോധവും വളരെ ശക്തമാണ്. ഇത്രയേറെ കെട്ടുറപ്പുള്ള ഒരു ടീമിനെ തകര്‍ക്കാന്‍ വളരെ ദുഷ്‌കരമാണ്. അതേപോലെ അവര്‍ക്കും ഞങ്ങളെ നേരിടുവാന്‍ വളരെ വിഷമകരമാകും. ഡല്‍ഹി ഡൈനാമോസിന്റെ പരിശീലകന്‍ മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു.  സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രാധാന്യം. അതുകൊണ്ട് ഞങ്ങള്‍ക്കു ജയിച്ചേ തീരൂ. ഒരു പോയിന്റ് നേടുക എന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ വളരെ വലുതാണ് അദ്ദേഹം തുടര്‍ന്നു.

ഡേവിഡ് ജെയിംസിനെ ഇംഗ്ലണ്ടിന്റെ ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ എനിക്ക് നേരത്തെ അറിയാം. എന്നാല്‍ ടീമിന്റെ മാനേജര്‍ എന്ന നിലയില്‍ എനിക്ക് അറിയില്ല. ഡേവിഡ് ജെയിംസിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ സംബന്ധിച്ച ചോദ്യങ്ങളോട് മിഗുവേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ പ്രതീകരിച്ചു.

അതേസമയം, ഡേവിഡ് ജെയിംസ് തന്റെ ടീമില്‍ ഉയര്‍ന്ന വിശ്വാസം രേഖപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉള്‍ക്കരുത്തിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കളിക്കാരില്‍ ചിലര്‍ക്ക് കായികക്ഷമതാ പരിശോധന നടത്തിയതായി അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ എല്ലാ കളിക്കാരും പോരാടാന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ആദ്യ ദൗത്യം എന്നെ കളിക്കാര്‍ക്കു പരിചിതമാക്കുകയാണ് ഒരു ആരാധകന്‍ കളി കാണുന്നതിനേക്കാള്‍ വ്യത്യസ്തമാണ്. നല്ല ഫലം ലഭിക്കാതെ വന്നതോടെ എനിക്ക് നിരാശ തോന്നിയട്ടുണ്ട്. എത്രയും വേഗം നല്ല മത്സരഫലം ഞങ്ങള്‍ക്കു ലഭിക്കേണ്ടതുണ്ട്. എനിക്ക് അതില്‍ അങ്ങേയറ്റം വിശ്വസവും ഉണ്ട്. കളിക്കാരും വളരെ ആത്മവിശ്വസത്തിലാണ്. എനിക്ക്അത് അനുഗ്രഹമാണ്. ഇതൊരു വെല്ലുവിളി തന്നെയാണെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു.

കഴിഞ്ഞ സീസണുകള്‍ എടുത്തു പരിശോധിച്ചാല്‍ ലീഗില്‍ അവസാന ഘട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് കുതിച്ചുകയറുന്നതെന്നു കാണാകും. ഗോള്‍ ശരാശരിയില്‍ വളരെ പിന്നില്‍ നിന്നിട്ടുപോലും അവസാന ഘട്ടത്തില്‍ പ്ലേ ഓഫിലേക്കു ബ്ലാസ്റ്റേഴ്സ് മുന്നേറിയട്ടുണ്ട്. കഴിഞ്ഞയാഴ്ച പൂനെ സിറ്റിയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് ഡേവിഡ് ജെയിംസ് ടീമിന്റെ ചുമതല എല്‍ക്കുന്നത്. ടീമിലെ സൂപ്പര്‍ താരം ദിമിതാര്‍ ബെര്‍ബറ്റോവ് ആദ്യ ഇലവനില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും 46-ാം മിനിറ്റില്‍ ബെര്‍ബറ്റോവിനു പകരം കെസിറോണ്‍ കിസിറ്റോയെ കൊണ്ടുവരേണ്ടി വന്നു. ഈ മാറ്റം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

എന്തായാലും രണ്ടു ടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ് . ലീഗ് മത്സരങ്ങള്‍ എകദേശം പാതിയോളം പൂര്‍ത്തിയായി. അതുകൊണ്ടു തന്നെ രണ്ടു ടീമുകളും കനത്ത സമ്മര്‍ദ്ദത്തില്‍ ആയിരിക്കും 90 മിനിറ്റ് പൂര്‍ത്തിയാക്കുക. വളരെ കടുത്ത മാനസിക അവസ്ഥയാകും രണ്ടു ടീമിലെയും കളിക്കാര്‍ക്കും ഓഫീഷ്യലുകള്‍ക്കും നേരിടേണ്ടി വരുക.