മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര : തെളിയുന്നത് ഉന്നതങ്ങളിലെ അരാജകത്വം

#

തിരുവനന്തപുരം (10-01-18) : തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്കു വേണ്ടി ഓഖി ദുരന്ത നിവാരണത്തിന് അനുവദിച്ച ഫണ്ടു വകമാറ്റി നല്‍കിയത് ഉദ്യോഗസ്ഥതലത്തില്‍ നിലനില്‍ക്കുന്ന അവ്യവസ്ഥയും അരാജകത്വവും വിളിച്ചറിയിക്കുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫണ്ട് റിലീസ് ചെയ്യുന്നതെന്ന് പണം വകമാറ്റി നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ പറയുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുകയല്ലാതെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്.

ദുരന്തനിവാരണത്തിനുള്ള പണം വകമാറ്റി ചെലവാക്കിയതിനെക്കുറിച്ച് റവന്യൂമന്ത്രിക്ക് ഒരു അറിവുമില്ല എന്ന് അദ്ദേഹം പറയുന്നു. ദുരന്തനിവാരണത്തിനുള്ള പണം വകമാറ്റുന്നത് റവന്യൂമന്ത്രിയുടെ അറിവോടെയാണ് സാധാരണ പതിവ്. ഓഖി ദുരന്തനിവാരണത്തിനുള്ള പണം മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്കു വേണ്ടി വക മാറ്റാനുള്ള ഉത്തരവ് ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചെങ്കിലും അത് മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിക്കഴിഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തികനില അത്യന്തം വഷളാണെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര വിവാദമായിരിക്കുന്നത്. ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ചുള്ള പരാതികളും ശക്തമാണ്. ദുരന്തനിവാരണത്തിനുള്ള പണമെടുത്ത് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തി എന്ന ആരോപണത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.