ലാവ്‌ലിന്‍ കേസ് 11 ന് സുപ്രീംകോടതി പരിഗണിക്കും

#

ന്യൂഡല്‍ഹി (10-01-18) : എസ്.എന്‍.വി ലാവ്‌ലിന്‍ അഴിമതിക്കേസ് നാളെ (ജനുവരി 11) പരിഗണിക്കാന്‍ വേണ്ടി സുപ്രീംകോടതി മാറ്റിവെച്ചു. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ നല്‍കിയ അപ്പീലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാത്തവര്‍ നല്‍കിയ ഹര്‍ജികളുമാണ് നാളെ പരിഗണിക്കാനായി മാറ്റിയത്. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കാനായി മാറ്റണമെന്ന് സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടിരുന്നു.

കേസ് മാറ്റിവയ്ക്കണമെന്ന് ഹര്‍ജിക്കാർ തന്നെ ആവശ്യപ്പെടുന്നതില്‍ ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് അതൃപ്തി രേഖപ്പെടുത്തി. കേസ് എടുക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് രമണ അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു.