ഇഗ്നോ വിദ്യാര്‍ത്ഥിയെ ജെ.എന്‍.യുവില്‍ നിന്ന് കാണാതായി

#

ന്യൂഡല്‍ഹി (10-01-18) : ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് കാണാതായി. ഇഗ്നോവില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ മുകുള്‍ ജെയിനിനെയാണ് ജെ.എന്‍.യു ക്യാമ്പസില്‍ നിന്ന് കാണാതായത്. ജെ.എന്‍.യുവില്‍ സ്‌കൂള്‍ ഒഫ് ലൈഫ് സയന്‍സസില്‍ പ്രൊഫസറായ ശ്വേത സരണ്‍ മുകുള്‍ ജെയിനിന്റെ കോ ഗൈഡാണ്. കോഗൈഡിനെ കാണാന്‍ ജെ.എന്‍.യുവില്‍ എത്താറുള്ള മുകുള്‍ ജെയിനിനെ അവസാനമായി കണ്ടത് ജനുവരി 8 ന് ഉച്ചയ്ക്ക് 12.30 നാണ്. അടുത്തകാലത്ത് സുഹൃത്തായ ഒരു പെണ്‍കുട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളില്‍ അസ്വസ്ഥനായിരുന്നു മുകുള്‍ ജെയിനെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2016 ഒക്‌ടോബറില്‍ ജെ.എന്‍.യുവിലെ മഹി-മാണ്ഡ്‌വി ഹോസ്റ്റലില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നജീബിനെ കാണാതായതു സംബന്ധിച്ച അന്വേഷണം പോലീസ് ഊര്‍ജ്ജിതമായി നടത്തുന്നില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് ജെ.എന്‍.യു ക്യാമ്പസില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി കൂടി അപ്രത്യക്ഷനാകുന്നത്.