ഫണ്ട് വക മാറ്റി മുഖ്യമന്ത്രിയുടെ യാത്ര നിയമവിരുദ്ധം : കെവി.തോമസ്

#

(11.01.2018) : ഹെലികോപ്റ്റർ യാത്രയ്ക്കായി ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും താൻ പണം ചിലവഴിച്ചതിൽ തെറ്റില്ലെന്നും ആവശ്യമെങ്കിൽ ഇനിയും ചിലവഴിക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഓഖി ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്നതും ധിക്കാരപരവുമാണെന്ന് മുൻകേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് എം.പി. ഓഖി ദുരിതാശ്വാസ ഫണ്ട് പൂർണ്ണമായും ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി മാത്രമെ ചെലവഴിക്കാൻ പാടുള്ളൂ എന്ന് കെ.വി.തോമസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഫണ്ട് വകമാറ്റിയ ഉത്തരവ് ഉണ്ടായതെന്നും യാത്രയ്ക്ക് ചെലവായ തുക പാർട്ടി വഹിക്കുമെന്നുമുള്ള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെയാണ് മുഖ്യമന്തിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഉണ്ടായിരിക്കുന്നത്. പാർട്ടി പരിപാടികൾക്കു വിനിയോഗിക്കാനുള്ളതല്ല ഓഖി ദുരിതാശ്വാസ ഫണ്ട് എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം..ഉദ്യോഗസ്ഥരാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് മുഖ്യമന്ത്രിയുടെ പറയുന്നതെങ്കിൽ സംസ്ഥാനത്തിന് മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്നും എം.പി പറഞ്ഞു. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ ഇത്തരം പ്രസ്താവനകൾക്ക് കേരളം പ്രത്യേകിച്ച് തീരദേശ ജനത ശക്തമായ തിരിച്ചടി നല്കുമെന്നും കെ.വി.തോമസ് പ്രസ്താവനയിൽ പറഞ്ഞു.