മുഖ്യമന്ത്രിയുടെ ഫണ്ട് മാറ്റൽ വിവാദം ആളിക്കത്തിക്കാൻ പ്രതിപക്ഷം

#

തിരുവനന്തപുരം (11.01.2018) : ഓഖി ദുരന്ത നിവാരണത്തിനുള്ള ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലിക്കോപ്റ്റർ യാത്ര നടത്തിയ വിഷയം ആളിക്കത്തിക്കാൻ പ്രതിപക്ഷം. ഓഖി ദുരന്തത്തിന് ഇരയായവരെ തുടക്കത്തിൽ സന്ദർശിക്കാൻ പോലും വിസമ്മതിച്ച മുഖ്യമന്ത്രി അവരുടെ ഫണ്ട് ഉപയോഗിച്ച് ഹെലിക്കോപ്റ്റർ യാത്ര നടത്തിയതിലെ നിയമപരമായ പ്രശ്നങ്ങൾ ഉന്നയിക്കാനും വൈകാരികമായ തലത്തിൽ പ്രചരണം നടത്താനുമാണ്‌ യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം. മത്സ്യത്തൊഴിലാളികളുമായി ബന്ധമുള്ളവരും ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നുള്ളവരുമായ നേതാക്കളെ മുന്നിൽ നിർത്താനും തീരദേശ മേഖലകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുമാണ് യു.ഡി.എഫ് ആലോചിക്കുന്നത്. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടുള്ള മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസിന്റെ പ്രസ്താവന വ്യക്തമായ സൂചനയാണ്. സാധാരണ ഗതിയിൽ സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രസ്താവന ഇറക്കാറുള്ള നേതാവല്ല കെ.വി.തോമസ്.

ഓഖി ദുരന്ത നിവാരണത്തിനുള്ള ഫണ്ട് വക മാറ്റിയത് വീഴ്ചയായി അംഗീകരിച്ച് ഹെലിക്കോപ്റ്റർ കമ്പനിയ്ക്ക് നൽകേണ്ട പണം പാർട്ടി നൽകുമെന്ന സൂചന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം നൽകിയെങ്കിലും ഹെലിക്കോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന നിലപാടാണ്, ഇടുക്കിയിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗത്തിൽ സംസാരിക്കുമ്പോൾ മുഖ്യമന്ത്രി സ്വീകരിച്ചത്. പണം പാർട്ടി അടയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ വിവാദം അവസാനിക്കും. അല്ലെങ്കിൽ പ്രശ്നം സജീവമായി നിലനിർത്താനുള്ള പ്രതിപക്ഷ ശ്രമം തീരദേശമേഖലകളിലെങ്കിലും സർക്കാരിന് എതിരായ വികാരം ശക്തിപ്പെടുത്തും.

മന്ത്രിസഭയിലോ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലോ മുഖ്യമന്ത്രിക്ക് എതിരേ ഒരു വിമർശനവും ഉയരില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാട് ആവർത്തിക്കുക മാത്രമാകും എൽ.ഡി.എഫ് ചെയ്യുക എന്നുമാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. പണം പാർട്ടി അടയ്ക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയാണെങ്കിൽ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെതായി ആ തീരുമാനം പുറത്തു വരും. പണം പാർട്ടി അടച്ചില്ലെങ്കിൽ സംഭവവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ഉന്നയിക്കപ്പെടും. ഈ വിഷയം ഒരു വലിയ ഒരു സാധ്യതയായി കാണുന്ന പ്രതിപക്ഷം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ഉറ്റുനോക്കുകയാണ്.