വർക്കലയിൽ ഇറങ്ങിയത് പുലിയോ ഫിഷിംഗ് ക്യാറ്റോ ?

#

തിരുവനന്തപുരം (11.01.2018) : വർക്കല എസ്.എൻ. കോളേജിന് സമീപത്തെ ജനവാസമേഖലയിൽ പുലി ഇറങ്ങി എന്ന വാർത്ത സമീപവാസികളെ പരിഭ്രാന്തരാക്കി. ഇന്നു രാവിലെ ഒൻപത് മണിയോടെ വർക്കല എസ്.എൻ. കോളേജിന് സമീപം പ്രവീൺ നിവാസിൽ ഷീജയുടെ വീടിന്റെ ടെറസിലാണ് പുലിയുമായി സാദൃശ്യമുള്ള ജീവിയെ കണ്ടത്. വാട്ടർ ടാങ്കിലെ വെള്ളം പരിശോധിക്കാനായി ടെറസിൽ കയറിയ ഷീജ. പുലിയെപ്പോലെ ഇരിക്കുന്ന ജീവിയെക്കണ്ട് ബഹളം വച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ജീവി ടെറസിൽ നിന്ന് ചാടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി.

കൂടുതൽ ആളുകൾ സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ജനവാസമേഖലയിൽ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ശിവഗിരി എസ്.എൻ കോളേജിനും ശിവഗിരി സ്കൂളിനും അവധി നൽകി. പുലി കോളേജിലെ കാട്ടിനുള്ളിലുണ്ടെന്ന വിവരത്തെ തുടർന്നാണിത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വർക്കലയിലെത്തി. വർക്കലയിൽ കണ്ടത് പുലിയല്ല, കാഴ്ചയിൽ പുലിയെപ്പോലെ ഇരിക്കുന്ന ഫിഷിംഗ് ക്യാറ്റിനെയാണെന്ന് സ്ഥലത്തെത്തി ജീവിയെ കണ്ട സ്ത്രീയിൽ നിന്ന് വിശദമായി കാര്യങ്ങൾ മനസ്സിലാക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.