ജനതാദൾ (യു) എൽ.ഡി.എഫിൽ ചേരും

#

തിരുവനന്തപുരം (11.01.2018) : ജനതാദൾ (യുണൈറ്റഡ്) ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ചേരും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ജെ.ഡി.യു (യു) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് യു.ഡി.എഫ് വിട്ടു എൽ.ഡി.എഫിന്റെ ഭാഗമാകാനുള്ള തീരുമാനമെടുത്തത്. യു.ഡി.എഫിൽ തന്നെ തുടരണമെന്ന താല്പര്യമുണ്ടായിരുന്ന കെ.പി.മോഹനൻ ഉൾപ്പെടെയുള്ളവർ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇടതു മുന്നണിയിൽ ചേരുന്നതിനെ അനുകൂലിക്കുകയായിരുന്നു. 14 ജില്ലാ പ്രസിഡന്റുമാരും ഇടതുമുന്നണിയിൽ ചേരുന്നതിനെ അനുകൂലിച്ചു. ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്ന് പാർട്ടി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് അറിയിച്ചു.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യു.ഡി.എഫിൽ ചേർന്നത്. വീരേന്ദ്രകുമാറിന്റെ സിറ്റിംഗ് സീറ്റായിരുന്ന കോഴിക്കോട് ലോക്‌സഭാ സീറ്റ് സി.പി.എം ഏറ്റെടുത്തതായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത എൽ.ഡി.എഫ് വിടാൻ കാരണം. ആ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തു നിന്ന് വിട്ടുനിന്ന വീരേന്ദ്രകുമാർ 2014 ൽ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ (യു) വിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ജനതാദൾ (യു) യു.ഡി.എഫുമായി കൂടുതൽ അകലുകയായിരുന്നു.