ബൽറാമിനെ വിടാതെ സി.പി.എം ; നാളെ എം.എൽ.എ ഓഫിസിലേക്ക് മാർച്ച്

#

പാലക്കാട് (11.01.2018) : എ.കെ.ജിക്ക് എതിരായ പരാമർശത്തിൽ വി.ടി.ബൽറാം എം.എൽ.എ മാപ്പ് പറയണമെന്ന നിലപാടിലുറച്ച് സി.പി.ഐ (എം). കഴിഞ്ഞ ദിവസം തൃത്താല മണ്ഡലത്തിലെ കൂറ്റനാട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബൽറാമിനെ സി.പി.എം- ഡി.വൈ.എഫ്.ഐ തടഞ്ഞതിനെത്തുടർന്നു പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ സംജാതമായിരുന്നു. എം.എൽ.എ യെ ആക്രമിക്കുന്നു എന്ന് ആരോപിച്ച് യു.ഡി.എഫ് ഇന്ന് തൃത്താല മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ഏറെക്കുറേ വിജയമായിരുന്നു.ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഫെയ്‌സ്ബുക്കിൽ പറഞ്ഞ കാര്യങ്ങളിൽ മാപ്പു പറയില്ലെന്നുമുള്ള നിലപാടിൽ തന്നെയാണ് വി.ടി.ബൽറാം.

ബൽറാമിനോടുള്ള എതിർപ്പ് കൂടുതൽ ശക്തമാക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. നാളെ തൃത്താലയിൽ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ സി.പി.എം തീരുമാനിച്ചു. മാർച്ച് പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടക്കത്തിൽ ബൽറാമിനെ വിമർശിച്ച കോൺഗ്രസ് നേതാക്കൾ, സി.പി.എം ആക്രമണം രൂക്ഷമാക്കിയതോടെ ബൽറാമിനെ സംരക്ഷിക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി രംഗത്ത് വരികയാണ്.