സ്ഥിതി അസാധാരണം : സുപ്രീംകോടതിയുടെ പോക്ക് തെറ്റായ മാര്‍ഗ്ഗത്തില്‍

#

ന്യൂഡല്‍ഹി (12-01-18) : സുപ്രീംകോടതി ഒട്ടും ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് സുപ്രീംകോടതിയിലെ 4 മുതിര്‍ന്ന ജഡ്ജിമാര്‍. തികച്ചും അസാധാരണമായ നടപടിയിലൂടെ കോടതിയില്‍ നിന്നിറങ്ങി ജസ്റ്റിസ് ചെലമേശ്വറിന്റെ വീട്ടില്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടി രാജ്യത്തോട് സംസാരിക്കുകയായിരുന്നു അവര്‍. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗെഗോയ്, മദന്‍.ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

തീര്‍ത്തും അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സുപ്രീംകോടതി തകരുകയാണെങ്കില്‍ രാജ്യത്തെ ജനാധിപത്യവ്യവസ്ഥ തകരുമെന്നും ജഡ്ജിമാര്‍ പറഞ്ഞു. തങ്ങള്‍ 4 പേരും ഒപ്പിട്ട ഒരു കത്ത് 2 മാസം മുമ്പ് ചീഫ് ജസ്റ്റിസിനു നല്‍കിയിരുന്നു. കത്തില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം എന്ന് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ജഡ്ജിമാരുടെ പ്രതികരണം. 2 മാസം മുമ്പ് ചീഫ് ജസ്റ്റിസിനു തങ്ങള്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു.